കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി; സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ സപ്തംബറില്‍

കരിപ്പൂര്‍: വലിയ വിമാനങ്ങള്‍ക്ക് അടുത്തയാഴ്ച അനുമതി ലഭിക്കുന്നതോടെ കരിപ്പൂരില്‍ നിന്ന് ജിദ്ദ, റിയാദ് മേഖലകളിലേക്ക് സൗദി എയര്‍ലൈന്‍സ് സപ്തംബര്‍ രണ്ടാംവാരത്തില്‍ സര്‍വീസ് തുടങ്ങും. ഉഭയകക്ഷി കരാര്‍ പ്രകാരമുള്ള സീറ്റ് ക്വാട്ടയില്ലാത്തതിനാല്‍ എമിറേറ്റ്‌സ് എയര്‍ പുതിയ സര്‍വീസിന് രംഗത്തില്ല. അതേസമയം, അപേക്ഷ സമര്‍പ്പിക്കാനൊരുങ്ങി എയര്‍ ഇന്ത്യയും രംഗത്തെത്തി.
സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ കരാര്‍ അനുസരിച്ച് 20,000 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് നടത്താന്‍ നിലവില്‍ സൗദി എയര്‍ലൈന്‍സിന്റെ കൈയില്‍ സീറ്റില്ല. ഉഭയകക്ഷികരാര്‍പ്രകാരം അനുവദിച്ച സീറ്റുകളത്രയും ഇന്ത്യ ഉപയോഗിക്കാത്തതിനാല്‍ സൗദിക്ക് സീറ്റ് കൂട്ടിക്കൊടുക്കാന്‍ തയ്യാറായിട്ടില്ല. കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ ഉപയോഗിച്ചിരുന്ന സീറ്റ് ക്വാട്ട പ്രയോജനപ്പെടുത്തിയാണ് ആറുമാസം മുമ്പ് സൗദി തിരുവനന്തപുരത്ത് സര്‍വീസ് തുടങ്ങിയത്. കരിപ്പൂരില്‍ സര്‍വീസ് ആരംഭിച്ചാല്‍ തിരുവനന്തപുരത്തെ സര്‍വീസ് റദ്ദാക്കേണ്ടിവരും.
നിലവില്‍ സൗദിയുടെ കൈവശമുള്ള 330 സീറ്റുകള്‍ സ്‌പൈ നാസിന് നല്‍കി ഹൈദരാബാദില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വീസ് തുടങ്ങിയിട്ടുണ്ട്. കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി ഈ മാസം അവസാനത്തോടെ ലഭിക്കും. അനുമതി ലഭിച്ചാലും സര്‍വീസ് സീറ്റുകളുമായി ബന്ധപ്പെട്ട് ക്രമീകരണം വരുത്തേണ്ടതിനാല്‍ സപ്തംബര്‍ രണ്ടാംവാരത്തിലേ സര്‍വീസ് ആരംഭിക്കാനാവുകയുള്ളൂ.
യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്‌സും ഇന്ത്യയുമായുള്ള കരാര്‍ അനുസരിച്ച് ആഴ്ചയില്‍ 60,000 സീറ്റുകള്‍ക്കാണ് അനുമതിയുള്ളത്. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും ഇതേ രീതിയില്‍ സീറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. ഇത് ഇരട്ടിയാക്കി വര്‍ധിപ്പിക്കണമെന്നാണ് എമിറേറ്റ്‌സ് ആവശ്യപ്പെടുന്നത്.
എന്നാല്‍, ഇതിന് ഉഭയകക്ഷി കരാര്‍ പുതുക്കണം. എമിറേറ്റ്‌സ് ഇന്ത്യന്‍ സീറ്റുകള്‍ മുഴുവന്‍ പ്രയോജനപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ 40 ശതമാനം മാത്രമാണ് പ്രയോജനപ്പെടുത്തുന്നത്. എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങാനുള്ള അനുമതി ആവശ്യപ്പെട്ട് രംഗത്തുവരാനിരിക്കുകയാണ്.

RELATED STORIES

Share it
Top