കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല : എയര്‍പോര്‍ട്ട് ഡയറക്ടര്‍കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതി ലഭിച്ചിട്ടില്ലെന്ന് പുതുതായി ചുമതലയേറ്റ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ ടി രാധാകൃഷ്ണ പറഞ്ഞു. കരിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിസിഎ സംഘം സന്ദര്‍ശനം നടത്തി മടങ്ങിയെങ്കിലും ഇതുവരെ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല. വിഷയത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും വ്യോമയാനമന്ത്രാലയവുമാണ് തീരുമാനം എടുക്കേണ്ടത്. മംഗലാപുരം വിമാനത്താവളത്തില്‍ റണ്‍വേ നീളം കുറവാണെങ്കിലും റെസയും (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) റണ്‍വേ സ്ട്രിപ്പിന് വീതിയുമുണ്ട്. ഇവിടെയും ചെറിയ വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നും മംഗലാപുരത്തെ മുന്‍ ഡയറക്ടര്‍ കൂടിയായ അദ്ദേഹം പറഞ്ഞു. ലഖ്‌നൗ, മംഗലാപുരം എന്നിവിടങ്ങളെ അപേക്ഷിച്ച് കരിപ്പൂരില്‍ തിരക്ക് കൂടുതലാണ്. പുതുതായി നിര്‍മിക്കുന്ന അന്താരാഷ്ട്ര ആഗമന ടെര്‍മിനലിന്റെ പ്രവൃത്തി അടുത്തവര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാവും. നിലവില്‍ 50 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. കെട്ടിടത്തിന്റെ പ്രവൃത്തി കഴിഞ്ഞാലും ടെര്‍മിനലിനകത്ത് മറ്റ് സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഈ വര്‍ഷം ജൂലൈ 20 മുതല്‍ ദോഹയിലേക്ക് ഇന്‍ഡിഗോയുടെ പുതിയ സര്‍വീസ് ആരംഭിക്കും. വിമാനത്താവത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ശ്രമം നടത്തുമെന്നും, വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അന്തിമമാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top