കരിപ്പൂരില്‍ ആഭ്യന്തര ടെര്‍മിനലില്‍ അന്താരാഷ്ട്ര യാത്രക്കാരെ വേര്‍തിരിക്കാന്‍ ഫോര്‍ത് ഗേറ്റ്‌

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര ടെര്‍മിനലില്‍ രാജ്യാന്തര യാത്രക്കാര്‍ക്കായി പുതിയ സംവിധാനം ഏര്‍പ്പെടുത്തി. ടെര്‍മിനലില്‍ ഇന്നലെ മുതല്‍ ആഭ്യന്തര യാത്രക്കാരെയും രാജ്യന്താര യാത്രക്കാരെയും വേര്‍തിരിക്കുന്നതിനായി ഫോര്‍ത് ഗേറ്റ് എന്ന പേരില്‍ പുതിയ കവാടം ആരംഭിച്ചു. നിലവില്‍ ചില രാജ്യാന്തര വിമാനങ്ങള്‍ കരിപ്പൂരിലെത്തിയതിന് ശേഷം ആഭ്യന്തര സര്‍വീസ് നടത്തുന്നുണ്ട്.
ഈ വിമാനങ്ങളില്‍ വരുന്ന യാത്രക്കാര്‍ ആഭ്യന്തര ടെര്‍മിനല്‍ വഴിയാണ് പുറത്തിറങ്ങുക. ആഭ്യന്തര ടെര്‍മിനല്‍ വഴി പുറത്തിറങ്ങുന്ന രാജ്യാന്തര യാത്രക്കാര്‍ പരിശോധനകളില്ലാതെ വിമാനത്താവളത്തിന് പുറത്ത് എത്തുന്നതായി വിവിധ വകുപ്പുകള്‍ പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് ഇരുവിഭാഗം യാത്രക്കാരെയും വേര്‍തിരിക്കുന്നതിനായി പുതിയ സംവിധാനം ഒരുക്കിയത്. വിദേശങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് കസ്റ്റംസ്, എമിഗ്രേഷന്‍ പരിശോനകള്‍ക്ക് ശേഷം മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു.എന്നാല്‍, ആഭ്യന്തര യാത്രക്കാര്‍ക്ക് ഇത്തരത്തിലുളള പരിശോധനകള്‍ ഉണ്ടാകില്ല.

RELATED STORIES

Share it
Top