കരിപ്പൂരില്‍ ആദ്യവിമാനം ഇറങ്ങിയിട്ട് മൂന്നു പതിറ്റാണ്ട്‌

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നിറങ്ങിയിട്ട് ഇന്നേക്ക് 30 വര്‍ഷം പൂര്‍ത്തിയാവുമ്പോഴും വിമാനത്താവളം നിലനില്‍പ്പ് പോരാട്ടം തുടരുന്നു. 1988 മാര്‍ച്ച് 23നാണ് കരിപ്പൂരില്‍ പരീക്ഷണപ്പറക്കലിന് മുംബൈയില്‍ നിന്ന് ആദ്യ വിമാനമെത്തിയത്. പിന്നീട് ഏപ്രില്‍ 13ന് വിഷുത്തലേന്ന് കരിപ്പൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തു.
മലബാറില്‍ ഒരുവിമാനത്താവളം എന്ന ആശയവുമായി  1978ല്‍ കെ പി കേശവമേനോന്റെ നേതൃത്വത്തില്‍ നടന്ന വാഹനപ്രചാരണ ജാഥയോടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തിനു തുടക്കമാവുന്നത്. 1982ല്‍ വ്യോമയാനമന്ത്രി എ പി ശര്‍മ തറക്കല്ലിട്ടു. പിന്നീട് റണ്‍വേ നിര്‍മാണം തുടങ്ങി ആറുവര്‍ഷത്തിനു ശേഷമാണ് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വന്നിറങ്ങിയത്. മുംബൈയിലേക്കുള്ള ഇടത്താവളമായി നിര്‍മിച്ച കരിപ്പൂരില്‍നിന്ന് 1992 മുതല്‍ ഷാര്‍ജ സര്‍വീസ് തുടങ്ങി. 1996 ല്‍ ആരംഭിച്ച റണ്‍വേ വികസനം 2001ല്‍ പൂര്‍ത്തീകരിച്ച് ജിദ്ദയിലേക്കും ഹജ്ജ് സര്‍വീസും ആരംഭിച്ചു. 2004ല്‍ രാത്രികാല സര്‍വീസിന് അനുമതിയായി. 2006ല്‍ അന്താരാഷ്ട്ര വിമാനത്താവളമാക്കിയതോടെ കരിപ്പൂരില്‍ നിന്നു വിദേശ വിമാന സര്‍വീസുകളും ആരംഭിച്ചു.
30 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളം നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്്. എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഏറ്റവും കൂടുത ല്‍ വരുമാനം നേടിക്കൊടുക്കുന്ന വിമാനത്താവളമായിട്ടും കരിപ്പൂരിന്റെ ചിറകൊടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അണിയറയില്‍ നടക്കുന്നത്.
വലിയ വിമാനങ്ങളുടെ സര്‍വീസ്, ഹജ്ജ് സര്‍വീസ് തുടങ്ങിയവ പൂര്‍ണമായും പിന്‍വലിച്ചിരിക്കുകയാണ്. 2015ല്‍ റണ്‍വേ ബലപ്പെടുത്തുന്നതിനാണ് വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയത്. ഇതു പൂര്‍ത്തീകരിച്ച് ഒരുവര്‍ഷമായിട്ടും സര്‍വീസുകള്‍ പുനരാരംഭിക്കാനായിട്ടില്ല. 120 കോടി രൂപ ചെലവില്‍ ടെര്‍മിനല്‍ വികസനം പൂര്‍ത്തിയാവുന്ന കരിപ്പൂരില്‍ ഹജ്ജ് സര്‍വീസ് അടക്കം പുനരാരംഭിക്കാനുള്ള സമര പോരാട്ടം തുടരുകയാണ്. കണ്ണൂര്‍ വിമാനത്താവളം തുടങ്ങുന്നതിനു മുമ്പായി കരിപ്പൂരില്‍ വലിയ വിമാനങ്ങളും ഹജ്ജ് സര്‍വീസും പുനരാരംഭിക്കാനായിട്ടില്ലെങ്കില്‍ വിമാനത്താവളത്തിന്റെ ഭാവി ഇരുളടയുമെന്നും ആശങ്കയുണ്ട്.

RELATED STORIES

Share it
Top