കരിനിയമങ്ങള്‍ക്കെതിരേ ജനകീയ പ്രതിരോധം; മെയില്‍ 72 മണിക്കൂര്‍ ഹര്‍ത്താല്‍

അടിമാലി: കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢനീക്കത്തിനെതിരെ പ്രതിരോധം തീര്‍ത്ത് കുടിയേറ്റ ജനതയുടെ പ്രതിഷേധം. സമരപ്രഖ്യാപന കണ്‍വന്‍ഷനിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ ഏതറ്റംവരെ പോവാനും തയ്യാറാണെന്നിവര്‍ പ്രതിജ്ഞയെടുത്തു.
വെളളത്തൂവല്‍ പഞ്ചായത്ത് പരിധിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കൂമ്പന്‍പാറ ഫോറസ്റ്റ് സ്‌റ്റേഷന് മുമ്പില്‍ നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കി. വെള്ളത്തൂവല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ബിജി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ ജോര്‍ജ് തോമസ് അധ്യക്ഷനായി. കണ്‍വീനര്‍ കെആര്‍ ജയന്‍ സമരപ്രഖ്യാപനം നടത്തി. സിഎസ് നാസര്‍ ആമുഖ പ്രഭാഷണം നടത്തി. എഎന്‍ സജികുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിവി ജോര്‍ജ് സ്വാഗതവും എന്‍ഐ ജോര്‍ജ് നന്ദിയും പറഞ്ഞു.
മൂന്നാര്‍ സ്‌പെഷ്യല്‍ െ്രെടബ്യൂണലിന്റെ പരിധിയില്‍ നിന്നും വെള്ളത്തൂവലിനെ ഒഴിവാക്കുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം പിന്‍വലിക്കുക, വൈദ്യുതി, കുടിവെള്ള കണക്ഷന്‍ ലഭിക്കണമെങ്കില്‍ കളക്ടറുടെ അനുമതി വേണമെന്ന നിബന്ധന പിന്‍വലിക്കുക,   കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം പിന്‍വലിക്കുക, പദ്ധതി പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പാറ പൊട്ടിക്കുന്നതിനും മറ്റും അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ്  പഞ്ചായത്ത് പരിധിയിലെ രാഷ്ട്രീയ പാര്‍ട്ടികളുടേയും സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തില്‍ സംരക്ഷണ വേദിക്ക് രൂപം നല്‍കിയിട്ടുള്ളത്. വെളളത്തൂവല്‍ പഞ്ചായത്ത് പരിതിയിലെ വില്ലേജുകളെ മൂന്നാര്‍ സ്‌പെഷ്യല്‍ െ്രെടബ്യുണലിന്റെ പരിധിയില്‍ കൊണ്ടുവന്നതാണ്  ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധനം വരാന്‍ ഇടയാക്കിയത്. മൂന്നാറുമായി യാതൊരു ബന്ധവുമില്ലാത്ത പ്രദേശമാണ് വെള്ളത്തൂവല്‍ വില്ലേജും പരിസര പ്രദേശങ്ങളും.
ഇവിടെ വനമേഖലയില്ല. സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഇവിടം മൂന്നാര്‍ സ്‌പെഷ്യല്‍ െ്രെടബ്യൂണലിന് പരിധിയില്‍ വരാന്‍ കാരണം. ഈ വീഴ്ച ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടെങ്കിലും തിരുത്തിക്കുന്നതി നുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇതോടെ കുടിയേറ്റ കര്‍ഷകര്‍ പ്രതിസന്ധിയിലായി. വീട് വയ്ക്കാനോ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ നടത്താന്‍ കഴിയാത്ത സ്ഥിതിയായി.  വൈദ്യുതി കണക്ഷന്‍ ലഭിക്കണമെങ്കില്‍ റവന്യു വകുപ്പിന്റെ എന്‍ഒസി നിര്‍ബന്ധമാക്കി.
ഈ ഘട്ടത്തിലാണ് ജനകീയ സംരക്ഷണ സമിതിക്ക് രൂപം നല്‍കിയത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പ്രകടനമായാണ് ജനങ്ങള്‍ സമരകേന്ദ്രത്തിലേക്ക് എത്തിയത്. തുടര്‍ സമരത്തിന്റെ ഭാഗമായി മറ്റ് പഞ്ചായത്തുകളിലേക്കും പ്രക്ഷോഭം വ്യാപിപ്പിക്കും. അടുത്തമാസം മുതല്‍ തുടര്‍ച്ചയായി വില്ലേജ് ഓഫിസുകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തും. മെയ്മാസത്തില്‍ 72 മണിക്കൂര്‍ ഹര്‍ത്താലിനും കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു.

RELATED STORIES

Share it
Top