കരിഞ്ചോല: പുനരധിവാസവും മതിയായ നഷ്ടപരിഹാരവും നല്‍കണം- എസ്ഡിപിഐ

താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോല ദുരന്ത ബാധിത പ്രദേശത്ത് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നഷ്ടപ്പെട്ട കൃഷിഭൂമിക്ക് പകരം അമ്പത് സെന്റ് വീതം ഭൂമിയും വീടും നല്‍കാന്‍ തയ്യാറാവണമെന്നും എസ്ഡിപിഐ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങള്‍ പരാതി നല്‍കിയിട്ടും അപകട മേഖലയില്‍ നടന്ന അനധികൃത നിര്‍മാണത്തിനെതിരെ നടപടി സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാവാത്തതിന്റെ ബലിയാടുകളാണ് അഘാതത്തില്‍ പൊലിഞ്ഞ് പോയ പതിനാല് മനുഷ്യ ജീവനുകള്‍. ഇത് ഭരണകൂട നിസംഗത സൃഷ്ടിച്ച കൊലപാതക സമാനമായ ദുരന്തമാണ്.
ഉത്തരവാധിത്വം ഏറ്റെടുത്ത് ഇരകളുടെ പുനരധിവാസ പ്രവര്‍ത്തനം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കണം. അനാഥമായി തീര്‍ന്ന കുഞ്ഞുങ്ങളുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കണം. പശ്ചിമഘട്ട മലനിരകളില്‍ വ്യാപകമായി ഉരുള്‍പൊട്ടല്‍ സംഭവിച്ചിരിക്കുന്നു. ദുരന്ത സാധ്യത മേഖലകള്‍ നിര്‍ണയിക്കുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തുകയും ചെയ്യണം. ഗെയില്‍ ഉള്‍പ്പെടെ വിനാശം വരുത്തുന്ന പദ്ധതികളെ കുറിച്ച് ശാസ്ത്രീയ പഠനവും പുനരാലോചനയും നടത്താന്‍ സന്നദ്ധമാവണം.
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും നല്‍കുന്ന അപകട മുന്നറിയിപ്പ് തിരിച്ചറിയാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. പ്രസിഡണ്ട് സിറാജ് തച്ചംപൊയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലീം കാരാടി, ഇല്ലാസ് കാരാടി, നസീര്‍ പിടി, അസീസ് എന്‍ പി, എകെ അബ്ദുറഷീദ്,നൗഫല്‍ പള്ളിപ്പുറം,അബൂബക്കര്‍ വട്ടക്കുണ്ട്്, സെക്രട്ടറി മുഹമ്മദ് റാഫി ടി പി, അനീസ് ചെമ്പ്ര സംസാരിച്ചു.

RELATED STORIES

Share it
Top