കരിഞ്ചോല ക്യാംപ്: വീടുകളിലേക്ക് പോകാനാവാതെ കുടുംബങ്ങള്‍

പി കെ സി  മുഹമ്മദ്
താമരശ്ശേരി: കരിഞ്ചോല ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരെ ഇനിയും മാറ്റിപ്പാര്‍പ്പിക്കാനായില്ല. ഇവിടെ മൂന്നു കുടുംബങ്ങളെ വാടകവീടു കണ്ടെത്തി മാറ്റിപ്പാര്‍പ്പിച്ചിരുന്നു. വെട്ടിയൊഴിഞ്ഞതോട്ടം സ്‌കൂള്‍ ക്യാംപില്‍ എട്ട് കുടുംബങ്ങളാണ് താമസിക്കുന്നത്. തൊട്ടടുത്ത പിഎച്ച്‌സി കെട്ടിടത്തില്‍ താമസിക്കുന്നത് ആറു കുടുംബങ്ങളും. ഭാഗികമായി വീട് തകര്‍ന്നവരും ഇക്കൂട്ടത്തിലുണ്ട്.
വെട്ടിയൊഴിഞ്ഞതോട്ടം ക്യാംപില്‍ കഴിയുന്നവര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയാസമാണ് ഇപ്പോള്‍ നേരിടേണ്ടിവരുന്നത്. സ്‌കൂള്‍ ക്ലാസ്മുറികള്‍ ക്യാംപ് ആക്കിയതോടെ സ്റ്റാഫ് റൂം ക്ലാസ് റൂം ആക്കി. എത്രയും പെട്ടെന്ന് ഇവരെ ക്യാംപുകളില്‍ നിന്നു മാറ്റി താല്‍ക്കാലിക വീടുകളിലേക്ക് എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഗ്രാമപഞ്ചായത്തും തഹസില്‍ദാറും. അതേസമയം ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കായി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്താനിരുന്ന അനുമോദന യോഗം നടന്നില്ല.
ഉരുള്‍പൊട്ടലില്‍ വിവിധ ക്യാംപുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുകയാണ് ആദ്യം വേണ്ടതെന്ന നിലപാടില്‍ നാട്ടുകാരും യുഡിഎഫ്, എസ്ഡിപിഐ പ്രവര്‍ത്തകരും ഉറച്ചുനിന്നതോടെയാണ് പരിപാടി മാറ്റിയത്. അനുമോദന യോഗം നടന്നാല്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നാട്ടുകാരും യുഡിഎഫും കറുത്ത പ്ലക്കാര്‍ഡുമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിതീഷ് കല്ലുള്ളതോട് പഞ്ചായത്ത് ഓഫിസിലെത്തിയ മാധ്യമപ്രവര്‍ത്തകരോടും പോലിസിനോടും പരിപാടി മാറ്റിയതായി അറിയിച്ചു. ബാനറുമായി എത്തിയ നാട്ടുകാരും നേതാക്കളും പഞ്ചായത്ത് ഓഫിസിനു മുന്നില്‍ സമാധാനപരമായി പ്രതിഷേധ ധര്‍ണ നടത്തി.

RELATED STORIES

Share it
Top