കരിങ്ങോള്‍ച്ചിറ ചരിത്രസ്മാരകങ്ങള്‍ പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യം

മാള: തിരുവിതാംകൂര്‍കൊച്ചി അതിര്‍ത്തിയിലെ ചരിത്ര സ്മാരകങ്ങള്‍ പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ ചരിത്രമുറങ്ങുന്ന കരിങ്ങാച്ചിറ തിരുവിതാംകൂര്‍-കൊച്ചി രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമായിരുന്നു.നാട്ടുരാജ്യമായിരുന്ന കൊച്ചിയുടെ ഭാഗമായിരുന്ന പുത്തന്‍ച്ചിറ പ്രദേശം. കൊച്ചി രാജാവില്‍ നിന്ന് തിരുവിതാംകൂറിന് പരിതോഷികമായി ലഭിച്ചതാണ്. തിരുവിതാംകൂര്‍ രാജഭരണകാലത്ത് നിര്‍മിക്കപ്പെട്ട അഞ്ചല്‍പ്പെട്ടിയും പൊലിസ് സ്‌റ്റേഷനും ജയിലുമാണ് സംരക്ഷണ സംവിധാനങ്ങളില്ലാതെ നിലനില്‍ക്കുന്നതും നശിച്ചു കൊണ്ടിരിക്കുന്നതും.
കാലപ്പഴക്കത്താല്‍ നാശോന്‍മുഖമായിരുന്ന പോലീസ് സ്‌റ്റേഷന്‍ കഴിഞ്ഞ വര്‍ഷം പുത്തന്‍ചിറ ഗാമപഞ്ചായത്ത് മൂന്ന് ലക്ഷം രൂപ ചിലവ് ചെയ്ത് അറ്റകുറ്റപണികള്‍ നടത്തിയിരുന്നു. എന്നാല്‍ രാജഭരണ കാലത്തുണ്ടായിരുന്ന അടുക്കളയും മറ്റും ഇല്ലാതായിക്കൊണ്ടിരിക്കയാണ്. ഭൂമി കയ്യേറ്റം മൂലം ചുരുങ്ങി വരികയുമാണ്. പോലീസ് സ്‌റ്റേഷനുള്ളിലെ ഇരുമ്പഴികളോടുകൂടിയ ലോക്കപ്പ് മുറി ഇന്നും മാറ്റങ്ങളില്ലാതെ സ്ഥിതി ചെയ്യുന്നു.ഒരു കാലത്ത് കൊച്ചി തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമായ കരിങ്ങോള്‍ച്ചിറ ചരക്ക് ഗതാഗതത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു. ചുങ്കം പിരിക്കുന്ന ചൗക്കയും ഇവിടെ നിലനിന്നിരുന്നു. കനോലി കനാലില്‍ നിന്നും വരുന്ന കെട്ടുവള്ളങ്ങള്‍ നെയ്തക്കുടി ചുങ്കം തോടു വഴി കരിങ്ങോള്‍ച്ചിറയില്‍ വന്നിരുന്നു. രാവും പകലും തിരക്കു നിറഞ്ഞ പ്രദേശമായിരുന്നു അക്കാലത്ത് ഈ പ്രദേശം.
കൊച്ചിയെയും തിരുവിതാംകൂറിനെയും വേര്‍തിരിക്കാനായി കൊച്ചിയുടെ ആദ്യാക്ഷരവും തിരുവിതാംകൂറിന്റെ ആദ്യാക്ഷരവും കൊത്തിയ കല്ലുകള്‍ അതിര്‍ത്തികളില്‍ സ്ഥാപിച്ചിരുന്നു. ഈ കല്ലുകളെ ‘കൊതി’ കല്ലുകളെന്നാണ് അറിയപ്പെട്ടിരുന്നത്. ഈ കൊതി കല്ലുകള്‍ ചരിത്രത്തെ ഓര്‍മ്മപ്പെടുത്തി കൊണ്ട് ഇന്നും ഇവിടെ സ്ഥിതി ചെയ്യുന്നു.
ഈ കരിങ്ങോള്‍ച്ചിറ പോലീസ് സ്‌റ്റേഷനുപുറത്ത് ഒരു വശത്തായി ഇന്നും നശിക്കാതെ സ്ഥിതി ചെയ്യുന്ന ഒന്നാണ് അഞ്ചല്‍പ്പെട്ടി. തിരുവിതാംകൂറില്‍ പല അഞ്ചല്‍ പെട്ടികളുണ്ടായിരുന്നെങ്കിലും ചരിത്ര സ്മാരകമായി അവശേഷിക്കുന്നത് ഇതു മാത്രമാണ്. ഇന്നും ചരിത്ര വിദ്യാര്‍ത്ഥികള്‍ ഇവിടം പഠനവിധേയമാക്കുവാന്‍ എത്തിച്ചേരാറുണ്ട്. കൃഷ്ണന്‍കോട്ട കായലില്‍ നിന്നുമുള്ള ഉപ്പുവെള്ളത്തെ തടയാനായി രാജഭരണ കാലത്ത് സ്ഥാപിച്ച പല്‍ചക്രങ്ങളോടുകൂടിയ യന്ത്രസംവിധാനം കാലത്തെ അതിജീവിച്ച് ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ഇവയെല്ലാം കൂടി ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും നല്ല രീതിയിലുള്ള വിരുന്നാണ് പ്രദാനം ചെയ്യുന്നത്.

RELATED STORIES

Share it
Top