കരിങ്ങോള്‍ചിറ കുടുംബക്ഷേമ കേന്ദ്രം തെരുവുനായ്ക്കളുടെ താവളമാവുന്നു

മാള: പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ  കരിങ്ങോള്‍ചിറ കുടുംബക്ഷേമ കേന്ദ്രം തെരുവ് നായ്ക്കളുടെ താവളമാകുന്നു. ചരിത്രമുറങ്ങുന്ന  കരിങ്ങോള്‍ചിറയില്‍ ഇന്ന് ഉള്ള ഏക സര്‍ക്കാര്‍  സ്ഥാപനമായ കരിങ്ങോള്‍ചിറ കുടുംബക്ഷേമ  കേന്ദ്രം ഏറെ കാലങ്ങളായി തുറക്കാത്തതിനാല്‍ തെരുവ് നായ്ക്കളുടെ താവളമായി തീര്‍ന്നിരിക്കുകയാണ്.
പുത്തന്‍ചിറ  സാമൂഹ്യരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്ററായ ഇവിടെ നിന്നും ലഭിച്ചിരുന്ന സേവനങ്ങള്‍ ഏറെ കാലമായി ലഭിക്കാത്ത സാഹചര്യമാണുള്ളത്. അതിനാല്‍ ഈ പ്രദേശത്തെ ആളുകള്‍ ചെറിയ  രോഗങ്ങള്‍ക്ക് പോലും ചികിത്സ തേടി കിലോമീറ്ററുകള്‍ അകലെയുള്ള പുത്തന്‍ചിറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലോ മാള ഗവണ്‍മെന്റ് ആശുപത്രിയിലോ പോകേണ്ട ദുരവസ്ഥയാണിപ്പോഴുമുള്ളത്. വെള്ളാങ്കല്ലൂര്‍  ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കരിങ്ങോള്‍ചിറ കുടുംബക്ഷേമ കേന്ദ്രത്തില്‍ രോഗികളെ പരിശോധിക്കുന്നതിനും  നേഴ്‌സുമാര്‍ക്ക് താമസിക്കുന്നതിനുമുള്ള  ക്വാര്‍ട്ടേഴ്‌സുമുണ്ടെങ്കിലും ഏറെ കാലമായി   നേഴ്‌സിന്റെ സേവനങ്ങള്‍ പോലും ലഭിക്കുന്നില്ലെന്ന പരാതിയാണ് നാട്ടുകാര്‍ക്കുള്ളത്.
ഇവിടെ താമസിക്കാന്‍ സന്നദ്ധരായ നേഴ്‌സുമാരെ കിട്ടാത്ത സാഹചര്യമാണുള്ളതെന്നാണ് വാര്‍ഡംഗം പറയുന്നത്. കൂടാതെ പുത്തന്‍ചിറ  സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഇങ്ങോട്ട് ഡോക്ടറെ അയക്കണമെന്ന ആവശ്യവും  യാഥാര്‍ത്ഥ്യമായിട്ടില്ല. മാതൃ ശിശു സംരക്ഷണം, ഗര്‍ഭിണികളുടെ പരിശോധന, കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകള്‍, ജനനി ശിശു സുരക്ഷാ യോജന, ആരോഗ്യ പോഷണ ക്ലാസ്, ഗര്‍ഭ നിരോധന മാര്‍ഗങ്ങ ള്‍,കൗമാര പ്രായക്കാര്‍ക്കുള്ള ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, സാംക്രമിക രോഗ നിയന്ത്രണ പരിപാടി, ഗര്‍ഭിണികഗള്‍ക്കും അമ്മമാര്‍ക്കുമുള്ള മരുന്ന് വിതരണം, പ്രഥമ ശുശ്രൂഷ നല്‍കല്‍, ജീവിത ശൈലി രോഗ പരിശോധന, മരുന്ന്  വിതരണം, ജലസ്രോതസുകളുടെ ശുചീകരണം, വയോജന പരിചരണം, സാന്ത്വന പരിചരണം, അയണ്‍ ഗുളിക, ബ്ലീച്ചിങ് പൗഡര്‍, ഒ ആര്‍ എസ് വിതരണം തുടങ്ങിയ സേവനങ്ങള്‍  ഇവിടെ നിന്ന് ലഭിക്കുമെന്ന ബോര്‍ഡ് ഉണ്ടെങ്കിലും കാലങ്ങളായി യാതൊരു സേവനങ്ങളും ഇവിടെ നിന്ന് ലഭിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആഴ്ചയിലൊരിക്കല്‍ ജീവിത ശൈലി രോഗ നിര്‍ണ്ണയ പരിശോധന ഉണ്ടെന്ന ബോര്‍ഡ്  സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതും ഇവിടെ  നടക്കുന്നില്ല. അധികൃതരുടെ അനാസ്ഥ കാരണം  ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച കെട്ടിടം  സംരക്ഷണമില്ലാതെ വെറുതെ കിടന്ന് നശിക്കുകയാണ്.
കരിങ്ങോള്‍ചിറ കുടുംബക്ഷേമ കേന്ദ്രത്തില്‍ നിന്ന് മുന്‍പ് ലഭിച്ചിരുന്ന സേവനങ്ങള്‍ പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കരിങ്ങോള്‍ചിറ ജനകീയ കൂട്ടായ്മയുടെ ട്രഷറര്‍ അഷറഫ് വൈപ്പിന്‍കാട്ടില്‍ ആവശ്യപ്പെട്ടു .

RELATED STORIES

Share it
Top