കരിങ്ങോള്‍ചിറയിലെ കിണറുകളില്‍ ഉപ്പുവെള്ളം

മാള: കരിങ്ങോള്‍ചിറയില്‍ കിണറുകളില്‍ ഉപ്പുവെള്ളം കയറിയത് കാരണം നാട്ടുകാര്‍ ദുരിതത്തില്‍. കരിങ്ങോള്‍ചിറ പാലത്തിന് സമീപം നിരവധി കുടുംബങ്ങളിലെ കിണറുകളില്‍ ഉപ്പുവെള്ളം നിറഞ്ഞത് കാരണം കുടിക്കാനും പാചകാവശ്യത്തിനും കുളിക്കാനും വസ്ത്രം കഴുകാനും കാര്‍ഷികാവശ്യത്തിനും കിണറുകളിലെ ഉപ്പുവെള്ളം ഉപയോഗിക്കാനാകാതെ പ്രദേശവാസികള്‍ കഷ്ടപ്പെടുകയാണ്. ജലനിധി പൈപ്പ് വെള്ളവും പഞ്ചായത്ത് കിണറിലെ വെള്ളവുമാണ് ഇപ്പോള്‍ എല്ലാ ആവശ്യങ്ങള്‍ക്കുമായി ആളുകള്‍ ഉപയോഗിക്കുന്നത്. ഉപ്പ് കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് വന്‍ കൃഷിനാശത്തിനും നഷ്ടത്തിനും കാരണമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഉപ്പ് കയറി കുടിവെള്ള സ്രോതസുകള്‍ ഉപയോഗശൂന്യമാകാതിരിക്കാന്‍ വളരെ നേരത്തെ തന്നെ താല്‍ക്കാലിക തടയണ നിര്‍മിച്ച് പഞ്ചായത്ത് മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലേക്കാള്‍ കൂടുതല്‍ കാര്യക്ഷമമായിട്ടാണ് ഈ വര്‍ഷം തടയണ നിര്‍മിച്ചിട്ടുള്ളത്. 2, 25, 000 രൂപയാണ് പഞ്ചായത്ത് ഇതിനായി ചിലവഴിച്ചത്.
എന്നിട്ടും ഉപ്പുവെള്ളം കയറിയത് കരിങ്ങോള്‍ചിറ പാലത്തിന്റെ തടയണ കെട്ടാത്തതിനാലും പാലത്തിന്റെ അപ്രോച്ച് റോഡ് തുടങ്ങുന്ന ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ അതിലൂടെ ഓര്‍പ്പുഴയിലെ ഉപ്പുവെള്ളം ഉറവപൊട്ടി ചിറയില്‍ കലരുന്നതിനാലുമാണെന്ന് കരിങ്ങോള്‍ചിറ കൂട്ടായ്മ ഖജാഞ്ചി അഷറഫ് വൈപ്പിന്‍ കാട്ടില്‍ പറഞ്ഞു. നിര്‍മാണം തുടങ്ങി എട്ട് വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്ത കരിങ്ങോള്‍ച്ചിറ പാലത്തിന്റെ അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീങ്ങിയിട്ടും നിര്‍മ്മാണം തുടങ്ങാത്ത പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ കാരണമാണ് ഇപ്പോള്‍ ഉപ്പുവെള്ള ഭീഷണി ഉണ്ടായിരിക്കുന്നത്.
പാലത്തിന്റെ അപ്രോച്ച് റോഡിനുവേണ്ടി വഖഫ് ബോര്‍ഡില്‍ നിന്ന് ഏറ്റെടുക്കുന്ന സ്ഥലത്തിന് പകരം സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാര്‍ക്കറ്റ് വില നല്‍കി ഭൂമി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് നല്‍കാന്‍ പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഐക്യകണ്‌ഠേന തീരുമാനം എടുത്തിരുന്നു. ഈ തീരുമാനം രേഖാമൂലം വഖഫ് ബോര്‍ഡിന് നല്‍കിയിട്ടുള്ളതുമാണ്. വഖഫ് ബോര്‍ഡ് നേരത്തെതന്നെ അപ്രോച്ച് റോഡിന് മുന്‍കൂര്‍ നിര്‍മാണാനുമതി നല്‍കിയിട്ടുള്ളതാണ്.
തടസ്സങ്ങളെല്ലാം നീങ്ങിയിട്ടും പൊതുമരാമത്ത് വകുപ്പ് പാലം നിര്‍മാണം ആരംഭിക്കാത്തത്  ചില തല്‍പരകക്ഷികളുടെ താല്‍്പര്യത്തിനു വഴങ്ങിയാണെന്ന് കൂട്ടായ്മ ആരോപിച്ചു. മേയ് 31നകം നിര്‍മാണം പൂര്‍ത്തിയാക്കാവുന്ന രീതിയില്‍ അപ്രോച്ച് റോഡിനുള്ള സ്ഥലം ലഭ്യമായില്ലെങ്കില്‍ ഏഴ് വര്‍ഷത്തിന് മുമ്പുള്ള പഴയ നിരക്കില്‍ നിര്‍മാണം തുടരാനാവില്ലെന്ന് രേഖാമൂലം പൊതുമരാമത്ത് വകുപ്പിനെ നിലവിലെ കരാറുകാരന്‍ അറിയിച്ചിരിക്കെ നിര്‍മ്മാണം തുടങ്ങാന്‍ പൊതുമരാമത്ത് വകുപ്പ് കാണിക്കുന്ന അനാസ്ഥ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കും.
കൂടാതെ പാലത്തിന്റെ അപ്രോച്ച് റോഡ് തുടങ്ങുന്ന ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ അതിലൂടെ ഓര്‍പ്പുഴയിലെ ഉപ്പുവെള്ളം ഉറവപൊട്ടി ചിറയില്‍ കലരുന്നതിനാല്‍ ഉപ്പ് വെള്ള ഭീഷണിയില്‍നിന്നും കരിങ്ങോള്‍ച്ചിറയെ സംരക്ഷിക്കാന്‍ പഞ്ചായത്ത് കെട്ടിയ താല്‍ക്കാലിക തടയണ ഉപകരിക്കാതെ വന്നിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് രണ്ടേകാല്‍ ലക്ഷം രൂപ മുടക്കി ബണ്ട് കെട്ടിയിട്ടും ഇപ്പോഴും കരിങ്ങോള്‍ച്ചിറയും പരിസരപ്രദേശങ്ങളും കടുത്ത ഉപ്പുവെള്ള ഭീഷണിയിലാണ്.
ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ കരിങ്ങോള്‍ച്ചിറ പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ തുടങ്ങിയില്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പിന്റെ കുറ്റകരമായ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി സമരരംഗത്തിറങ്ങുമെന്ന് കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു. ഇന്നലെ വൈകിട്ട് നടന്ന പ്രതിഷേധ യോഗം പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം കമ്മിറ്റി ചെയര്‍മാന്‍ പി ഐ നിസാര്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് സാലി സജീര്‍ അധ്യക്ഷത വഹിച്ചു. കൂട്ടായ്മ ഭാരവാഹികളായ രവീന്ദ്രന്‍ തെക്കേടത്ത്, സിഎം റിയാസ്, ശങ്കരന്‍കുട്ടിമേനോന്‍, സുല്‍ഫിക്കര്‍ ബൂട്ടോ, സനാതനന്‍, അന്‍സാര്‍ സംസാരിച്ചു.

RELATED STORIES

Share it
Top