കരിങ്കല്‍ പൊട്ടിച്ചുനീക്കുന്നതിനെതിരേ നടപടിയെടുക്കാന്‍ സബ് കലക്ടറുടെ നിര്‍ദേശം

വടക്കാഞ്ചേരി: അകമല കുഴിയോട് പ്രദേശത്ത് ഡിവൈഎസ്പിയുടേതെന്ന പേരില്‍ കരിങ്കല്‍ പൊട്ടിച്ചു നീക്കുന്നതിനെതിരേ നടപടിയെടുക്കാന്‍ തൃശൂര്‍ സബ് കലക്ടര്‍ രേണു രാജ് നിര്‍ദ്ദേശം നല്‍കി. വില്ലേജ് ഓഫിസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും അനധികൃതമായി കരിങ്കല്‍ പൊട്ടിയ്ക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഉഗ്രസ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറപൊട്ടിക്കുന്നതു മൂലം സമീപത്തെ വീടുകള്‍ക്ക് കേടു സംഭവിച്ചിട്ടുണ്ട്. കരിങ്കല്‍ പൊട്ടിക്കുന്നത് തടയാനായി എത്തിയ സമീപവാസികളെ ഡിവൈഎസ്പിയുടെ ഭൂമിയാണെന്ന് ഭീഷണിപ്പെടുത്തി വിരട്ടി വിട്ടതായാണ് പരാതി. തലപ്പിള്ളി തഹസില്‍ദാറുടെ നിര്‍ദ്ദേശ പ്രകാരം എങ്കക്കാട് വില്ലേജ് ഓഫിസര്‍ സ്ഥലത്ത് സ്റ്റോപ്പ് മെമ്മോ നല്‍കാനായി പോയെങ്കിലും പ്രദേശത്ത് ആരെയും കാണാനായില്ല. ഒടുവില്‍ നോട്ടിസ് പതിച്ച് മടങ്ങിയതായി എങ്കക്കാട് വില്ലേജ് ഓഫിസര്‍ അറിയിച്ചു. കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി കരിങ്കല്‍ പൊട്ടിച്ച് കടത്തുകയാണെന്ന് പറയപ്പെടുന്നു. വടക്കാഞ്ചേരിയിലേയും സമീപ പ്രദേശങ്ങളിലേയും കരിങ്കല്‍ ക്വാറികള്‍ മുഴുവനും അടച്ചു പൂട്ടിയിരിക്കുകയാണ്.

RELATED STORIES

Share it
Top