കരിങ്കല്ല് ക്ഷാമംപൊന്നാനി വാണിജ്യ തുറമുഖ നിര്‍മാണം നിലച്ചുപൊന്നാനി:  ആവശ്യത്തിന് കരിങ്കല്‍ ലഭിക്കാനില്ലാത്തതും ക്വാറികളിലെ തൊഴിലാളി സമരവുംമൂലം പൊന്നാനി വാണിജ്യ തുറമുഖത്തിന്റെ നിര്‍മാണം നിലച്ചു. സംസ്ഥാനത്ത് ആദ്യമായി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പൊന്നാനി തുറമുഖത്തിന്റെ നിര്‍മാണ ജോലികളാണ് നിലച്ചത്. നിര്‍മാണത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലായിരുന്നു പുരോഗമിച്ചുകൊണ്ടിരുന്നത്. ആദ്യഘട്ടമെന്നോണം പുലിമുട്ടുമുതല്‍ ലൈറ്റ്ഹൗസ് വരെയുള്ള ഭാഗങ്ങളില്‍ ആക്‌സസ് ബണ്ട് നിര്‍മിക്കുന്ന ജോലികളാണ് നടന്നുകൊണ്ടിരുന്നത്. ബണ്ട് നിര്‍മാണത്തിനാവശ്യമായ കരിങ്കല്ലുകള്‍ പാലക്കാട്ടെ ക്വാറിയില്‍ നിന്നാണ് എത്തിക്കുന്നത്. മൂന്ന് ക്വാറികളില്‍ നിന്നായി ശരാശരി പത്ത് ലോറി കരിങ്കല്ലുകള്‍ പദ്ധതി പ്രദേശത്ത് എത്തിയിരുന്നു. എന്നാല്‍, അടുത്ത ദിവസങ്ങളിലായി ക്വാറികളില്‍ നിന്ന് കല്ല് ലഭിക്കുന്നതിന് പ്രയാസം നേരിട്ടതോടെ നിര്‍മാണം നിലക്കുകയായിരുന്നു. ഇതിനിടെ ഒരു ക്വാറിയില്‍ തൊഴിലാളി പ്രശ്‌നവും വന്നതോടെ രണ്ടു ദിവസമായി ഒരു പണിയും ഇവിടെ നടക്കുന്നില്ല. കൂടാതെ വേലിയേറ്റ സമയത്ത് തിരമാലകള്‍ ആഞ്ഞടിക്കുന്നതുമൂലം കല്ലുകളും കടലിലേക്ക് ഒഴുകിപ്പോവുന്നുണ്ട്. ഇതും നിര്‍മാണത്തിന് തിരിച്ചടിയാവുകയാണ്. പകല്‍ സമയങ്ങളിലെ അസഹ്യമായ ചൂട് തൊഴിലാളികളെ ഏറെ വലയ്ക്കുന്നു. ഇപ്പോള്‍ ഉച്ചസമയങ്ങളില്‍ പ്രവൃത്തികള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.

RELATED STORIES

Share it
Top