കരിങ്കല്ലുമൂഴിയില്‍ തടയണ നിര്‍മാണം പൂര്‍ത്തിയായിഎരുമേലി: കരിങ്കല്ലുമൂഴിയില്‍ റാന്നി റോഡിലെ പാലത്തിനു താഴെ എരുമേലി വലിയതോട്ടില്‍ കോണ്‍ക്രീറ്റ് ചെക്ക്ഡാം നിര്‍മാണം പൂര്‍ത്തിയായതോടെ ചെക്ക്ഡാമിന്റെ പരിസരത്ത് തോട് ജല സമൃദ്ധിയിലായി. ഇനി ഈ ചെക്ക് ഡാമിനും അയ്യപ്പഭക്തരുടെ കുളിക്കടവിനും മധ്യേ ഒരു ചെക്ക് ഡാം കൂടി നിര്‍മിച്ചാല്‍ ഭക്തരുടെ കുളിക്കടവിലെ ജലക്ഷാമത്തിന് പരിഹാരമാവുമെന്നാണു പ്രതീക്ഷ. മൈനര്‍ ഇറിഗേഷന്‍ വകുപ്പാണ് കരിങ്കല്ലുമൂഴിയില്‍ തടയണയായി ചെക്ക് ഡാം നിര്‍മിച്ചത്. ആദ്യം കൊരട്ടി റോട്ടറി ക്ലബ്ബ് വെയിറ്റിങ് ഷെഡ്ഡിന് സമീപത്തു വലിയ തോട്ടിലായിരുന്നു ചെക്ക്ഡാം നിര്‍മാണമാരംഭിച്ചത്. ക്ഷേത്ര കുളിക്കടവിന് ഇതു പ്രയോജനകരമല്ലാത്തതിനാല്‍ നാട്ടുകാര്‍ നിര്‍മാണം തടയുകയായിരുന്നു. തുടര്‍ന്നാണ് കരിങ്കല്ലുമൂഴിയിലേക്കു മാറ്റി നിര്‍മാണം നടത്തിയത്. ചെക്ക്ഡാമിന്റെ ഇരുവശങ്ങളിലും തോടിനു സംരക്ഷണമായി ഉയരമേറിയ കരിങ്കല്‍ ഭിത്തികളും നിര്‍മിച്ചിട്ടുണ്ട്. ചെക്ക് ഡാമിനു താഴെ ഒരു കിലോമീറ്ററോളം ദൂരം കഴിഞ്ഞാണ് ശബരിമല തീര്‍ത്ഥാടകര്‍ പേട്ടതുള്ളലിനു ശേഷം വലിയതോട്ടില്‍ കുളിക്കുന്ന ക്ഷേത്രകടവ്. ഈ കടവില്‍ ദേവസ്വം ബോര്‍ഡിന്റെ ചെക്ക് ഡാമില്‍ സംഭരിക്കുന്ന വെള്ളത്തിലാണ് തീര്‍ത്ഥാടകര്‍ കുളിക്കുന്നത്. തീര്‍ത്ഥാടന കാലങ്ങളില്‍ കുളിക്കടവില്‍ ദിവസവും ആയിരക്കണക്കിലേറെ ഭക്തരാണ് സ്‌നാനം നടത്തുന്നത്. എന്നാല്‍ ഇതിനാവശ്യമായ വെള്ളത്തിന്റെ നാലിലൊന്നു പോലും കടവിലില്ല. കെട്ടിക്കിടക്കുന്ന മലിന ജലത്തിലാണു കുളിക്കേണ്ടിവരുന്നത്. മണിമലയാറ്റില്‍ നിന്ന് ഇടയ്ക്കിടെ കടവിലേക്കു വെള്ളമെത്തിക്കാറുണ്ടെങ്കിലും കെട്ടിക്കിടക്കുന്ന മലിനജലം പൂര്‍ണമായി ഒഴുക്കിവിട്ട് ശുചീകരിക്കാന്‍ ജലക്ഷാമം മൂലം കഴിയുന്നില്ല. കുളിക്കടവിനു മുമ്പിലായി ഒരു ചെക്ക് ഡാം കൂടി നിര്‍മിച്ചു വെള്ളം സംഭരിക്കാനായാല്‍ ഈ പ്രശ്‌നത്തിനു പരിഹാരമാവും. ഇതു മുന്‍നിര്‍ത്തി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നു മൈനര്‍ ഇറിഗേഷന്‍ വിഭാഗം പറയുന്നു. മേജര്‍ ഇറിഗേഷന്‍ വിഭാഗം തീര്‍ത്ഥാടന കാലങ്ങളില്‍ ക്ഷേത്രകടവില്‍ ജല വിതാനം വര്‍ധിപ്പിക്കാന്‍ മണല്‍ചാക്കുകളടുക്കി താല്‍ക്കാലിക തടയണകള്‍ നിര്‍മിക്കാറുണ്ട്.

RELATED STORIES

Share it
Top