കരിക്കാട്ടുചാലിനെ കയര്‍ ഭൂവസ്ത്രമണിയിച്ച് സംരക്ഷിക്കുന്നു

മാള: അന്നമനട ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡിലുള്ള കരിക്കാട്ടുചാലിന്റെ ഭാഗമായ തോടുകളെ കയര്‍ ഭൂവസ്ത്രമണിയിച്ച് സംരക്ഷിക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ  സേവനമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ആദ്യഘട്ടത്തില്‍ തന്നെ കരിക്കാട്ട് ചാലിന്റെ ഇരു ഭാഗവും ശക്തിപ്പെടുത്തി കയര്‍ വസ്ത്രം ഉടുപ്പിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഭൂവസ്ത്രത്തെ മുളകൊണ്ടുള്ള കുറ്റികള്‍ അടിച്ച് ബലപ്പെടുത്തിയ ശേഷം അതിനു മുകളില്‍ കറുകപുല്ല് വിരിച്ചാണ് കൂടുതല്‍ ബലപ്പെടുത്തുന്നത്. കൂടാതെ ചാലിന്റെ ആഴം വര്‍ധിപ്പിച്ച് മനോഹരമാക്കുന്നുണ്ട്. കരിക്കാട്ട് ചാലില്‍ കയര്‍ ഭൂവസത്രം ധരിപ്പിക്കുന്നതിന് അഞ്ച് ലക്ഷം രൂപയാണ് പദ്ധതിയില്‍ അനുവദിച്ചിട്ടുള്ളത്. കരിക്കാട്ടുചാലില്‍ 450 മീറ്ററാണ് ആദ്യഘട്ടത്തില്‍ ശക്തിപ്പെടുത്തുന്നത്. 20 തൊഴിലുറപ്പ് തൊഴിലാളികള്‍ 90 തൊഴില്‍ ദിനം കൊണ്ടാണ് ഈ തോടിനെ സംരക്ഷിക്കുന്നത്. പദ്ധതിയുടെ  ഉദ്ഘാടനം അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ കെ രവി നമ്പൂതിരി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഒ പൗലോസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്യാമള അയ്യപ്പന്‍, ശ്രീദേവി വിജു, ഗീത ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി കെ എ ശ്രീലത, തൊഴിലുറപ്പ് അക്രഡിറ്റ് എന്‍ജിനിയര്‍ ബിന്‍താജ് ബഷീര്‍, അമ്പിളി ലിസ്സി, മിനി സംസാരിച്ചു.

RELATED STORIES

Share it
Top