കരാറുകാരുടെ സമരം: വടകര താലൂക്കില്‍ കുടിവെള്ള വിതരണം നിലച്ചു

നാദാപുരം: ജല അതോറിറ്റി കരാറുകാരുടെ സമരം അനിശ്ചിതമായി നീളുന്നതിനിടയില്‍ വടകര  താലൂക്കില്‍ പലേടത്തും കുടിവെള്ള വിതരണം നിലച്ചു. ജല വിതരണ കുഴല്‍ പൊട്ടിയത് നന്നാക്കാനാളില്ലാത്തതാണ് മുടക്കത്തിന് കാരണം.
താലൂക്കിലെ പ്രധാന പദ്ധതിയായ വിഷ്ണുമംഗലം പദ്ധതി വഴിയുള്ള ജല വിതരണം ഏതാണ്ട് പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്. വടകര ബീച്ചിലേക്കും, ഒഞ്ചിയം, ചോറോട്, ഏറാമല, അഴിയൂര്‍, വില്യാപ്പള്ളി, പുറമേരി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളിലേക്കുമാണ് ഇപ്പോള്‍ വിഷ്ണുമംഗലം പദ്ധതിയില്‍ നിന്ന് വെള്ളമെത്തിക്കുന്നത്. ഇതില്‍ പുറമേരി മാത്രമാണ് ഭാഗീകമായി വിതരണം നടക്കുന്നത്.
പ്രധാന പൈപ്പ് പോലും തകരാറായി കിടക്കുകയാണ്. ഗ്രാമീണ ശുദ്ധ ജല വിതരണ പദ്ധതി വഴിയുള്ള ജല വിതരണവും താളം തെറ്റിയിട്ട് ദിവസങ്ങളേറെയായി. പല പ്രദേശത്തും കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. പുറമേരി കുനിങ്ങാട് റോഡ്, ചേലക്കാട് ടൗണ്‍, പുറമേരി വടകര റോഡില്‍ തെക്കയില്‍ മുക്ക് എന്നിവിടങ്ങളില്‍ രണ്ടാഴ്ച്ചയിലേറെയായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുകയാണ്. ജല അതോറിറ്റിയിലെ കരാറുകാര്‍ക്ക് വിവിധ പ്രവൃത്തി നടത്തിയ വകയില്‍ 11 മാസത്തെ പണം കുടിശികയായിട്ടുണ്ട്.
ഇതില്‍ ഭാഗീകമാെയങ്കിലും അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. നേരത്തെ ഇക്കാര്യം കാണിച്ച് വാട്ടര്‍ അതോറിറ്റിക്ക് നോട്ടീസ് നല്‍കിയതാമെങ്കിലും ഒരു ചര്‍ച്ചക്ക് പോലും ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന് കരാറുകാര്‍ കുറ്റപ്പെടുത്തി. തുടര്‍ന്നാണ് അറ്റകുറ്റ പണി ഉള്‍പ്പെടയുള്ളവ  നിര്‍ത്തിവെച്ചത്. സമരം രണ്ടാഴ്ച പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് സമരം തീര്‍ത്ത് കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ നടപടി ഉണ്ടായില്ലെന്ന് കരാറുകാര്‍ പറയുന്നു.
ഇതിനിടയില്‍ സി കെ നാണു എംഎല്‍എ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടേയും,ജല മന്ത്രിയുടെ ഓഫീസുകളുമായി ബന്ധപ്പൈട്ട് ചര്‍ച്ചക്ക് വഴിയൊരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട് ചീഫ് എഞ്ചിനിയര്‍ കരാറുകാരുമായി ചര്‍ച്ച നടത്തുന്നുണ്ട് അന്നു തന്നെ തിരുവനന്തപുരത്തും ചര്‍ച്ച നടക്കും.
കുടിശ്ശിക ഭാഗീകമായെങ്കിലും കിട്ടിയില്ലെങ്കില്‍ സമരം തുടരാനാണ് കരാറുകാരുടെ തീരുമാനം.സമരം തുടരുന്നത് പലേത്തും പ്രതിഷേധത്തിന്  കാരണമായിട്ടുണ്ട്.
കുടിവെള്ള വിതരണം പുന: സ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ജല വിതരണം മുടങ്ങിയിട്ട് ആഴ്ചകാളായിട്ടും കരാറുകാരുടെ സമരം ഒത്തു തീര്‍ത്ത് കുടിവെള്ള വിതരണം പുന:സ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാത്തത് അംഗീകരിക്കാനാവില്ലെന്ന് അസോസിയേഷന്‍ ഭാരാവാഹികള്‍ പറഞ്ഞു.

RELATED STORIES

Share it
Top