കരാറുകാരന്റെ അനാസ്ഥ : നിര്‍മാണം പൂര്‍ത്തീകരിച്ച റോഡ് മണിക്കൂറുകള്‍ക്കകം തകര്‍ന്നുപൊന്നാനി: പൊന്നാനി നഗരസഭയിലെ എട്ടാം വാര്‍ഡിലെ ഐടിസി റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ച് മണിക്കൂറുകള്‍ക്കകം തകര്‍ന്നു.രാവിലെ ആരംഭിച്ച റോഡ് നിര്‍മാണത്തില്‍ വേണ്ടത്ര ടാറും, മെറ്റലും ചേര്‍ക്കാതെ നിലവിലെ തകര്‍ന്ന റോഡിനു മുകളില്‍ നിര്‍മാണ ജോലികള്‍ നടത്തിയതാണ് റോഡ് പെട്ടന്ന് തന്നെ തകരാനിടയാക്കിയത്. അശാസത്രീയമായ നിര്‍മാണം മൂലം റോഡിലെ ടാര്‍ പാളിയായി അടര്‍ന്നു വരികയായിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ റോഡ് നിര്‍മാണം തടഞ്ഞു.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാരും സ്ഥലത്തുണ്ടായിരുന്നില്ല. പ്രവൃത്തികള്‍ നടന്നയുടനെ ഇതു വഴി കടന്നു പോയ വാഹനങ്ങളുടെ ടയറുകളില്‍ ടാര്‍ പാളി അടര്‍ന്നു വരികയായിരുന്നു. നിര്‍മാണത്തിലെ കള്ളക്കളി മനസിലായതോടെ പുതുതായി പണിത റോഡ് പൂര്‍ണമായും എസ്‌കവേറ്റര്‍ ഉപയോഗിച്ച് നീക്കം ചെയ്ത് റീടാറിങ് നടത്താമെന്ന് പറഞ്ഞ് കോണ്‍ട്രാക്ടര്‍ തടിയൂരി. എന്നാല്‍ നിര്‍മാണത്തില്‍ അപാകതയില്ലെന്നാണു മുനിസിപ്പല്‍ എന്‍ജിനീയര്‍ പറയുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം എമേര്‍ഷന്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണു റോഡ് നിര്‍മ്മാണം നടത്തിയതെന്നും, പ്ലാസ്റ്റിക് മിശ്രിതം അടങ്ങിയ ടാര്‍ ഉപയോഗിച്ച് നിര്‍മാണം നടത്തിയത് കൊണ്ടുള്ള സാങ്കേതിക പ്രശ്‌നം മാത്രമാണെന്നുമാണു വിശദീകരണം. പുതിയ മെറ്റീരിയല്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണത്തെക്കുറിച്ചുള്ള ധാരണ കുറവാണ് പ്രശ്‌നത്തിനിടയാക്കിയതെന്നും  സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും എംഇ പറഞ്ഞു. എന്നാല്‍ ഗുണനിലവാരം കുറഞ്ഞ മെറ്റീരിയലുകള്‍ ഉപയോഗിച്ച് നിര്‍മാണം നടത്തിയതാണ് റോഡ് തകരാനിടയാക്കിയതെന്നും, കോണ്‍ട്രാക്ടര്‍ക്കെതിരെ നടപടി വേണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top