കരാര്‍ ലംഘനം നടത്തി തമിഴ്‌നാട് വീണ്ടും ചെക്ഡാം നിര്‍മിക്കുന്നു ്

ചിറ്റൂര്‍: പറമ്പിക്കുളം ആളിയാര്‍ കരാറിന് വിപരീതമായി തമിഴ്‌നാട് നല്ലാറിന് കുറുക്കെ തടയണ നിര്‍മിക്കുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി നല്ലാറിനു കുറുകെ മൈലാടു പാറയ്ക്ക് സമീപത്തായി ഇതുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നുമുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഭാരതപുഴയുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയില്‍ മൂന്നാമത്തെ തടയണയാണ് തമിഴ്‌നാട് നിര്‍മിക്കുന്നത്. ഇതു സംബന്ധിച്ച് ജലക്രമീകരണ ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ പി സുധീര്‍ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിട്ടുമുണ്ട്.
2015-16 കാലഘട്ടത്തിലും തമിഴ്‌നാട് കരാര്‍ ലംഘനം നടത്തി തടയണകള്‍ നിര്‍മ്മിച്ചിട്ടും ഇതുവരെ യാതൊരു നടപടി സ്വീകരിക്കാനും സംസ്ഥന സര്‍ക്കാര്‍ തയാറായിട്ടില്ല. തമിഴ്‌നാടിനോട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുള്ള മൃദുസമീപനമാണ് കരാര്‍ ലംഘനം നടത്താന്‍ തമിഴ്‌നാടിന് പ്രേരണയാവുന്നതും.
കരാര്‍ പ്രകാരമല്ലാതെ ആളിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ നിന്നും ഒഴുക്കിയെത്തുന്ന വെള്ളവും ഇതോടെ കേരളത്തിന് നഷ്ടമാവും.കഴിഞ്ഞ ദിവസം ആളിയാറില്‍ നിന്നുമുള്ള വെള്ളം പൂര്‍ണമായും തമിഴ്‌നാട് നിര്‍ത്തിയതോടെ കുടിവെള്ളത്തിനായി അടിയന്തരമായി പറമ്പിക്കുളത്തു നിന്നും വെള്ളം ആളിയാറിലെത്തിച്ച് വിട്ടുനല്‍ക്കണമെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറിയോട് കേരളത്തിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനോട് അനുകൂല നിലപാട് സ്വീകരിക്കാന്‍ തമിഴ്‌നാട് തയാറായിട്ടുമില്ല. നിലവില്‍ പറമ്പിക്കുളത്ത് ദശാംശം 6 ടിഎംസി വെള്ളമാണ് ഉപയോഗ്യമായിട്ടുള്ളത്.

RELATED STORIES

Share it
Top