കരള്‍ പകുത്തുനല്‍കാന്‍ സഹോദരന്‍ തയ്യാര്‍; യുവാവ് ശസ്ത്രക്രിയക്കായി സഹായം തേടുന്നു

തൃശൂര്‍: കരള്‍ രോഗബാധിതനായ യുവാവ് അവയവ മാറ്റ ശസ്ത്രക്രിയക്കായി ഉദാരമതികളുടെ സഹായം തേടുന്നു. തൃശൂരിലെ പഴയന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ പതിനാലാം വാ ര്‍ഡില്‍ താമസിക്കുന്ന എളനാട് തൃക്കണായ കണ്ണന്‍ (41) ആണ് കരള്‍ രോഗത്തെ തുടര്‍ന്ന് മൂന്നു വര്‍ഷത്തോളമായി ചികിത്സയില്‍ കഴിയുന്നത്.
യുവാവിന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ ഉടന്‍ തന്നെ കരള്‍ മാറ്റിവെക്കണമെന്ന് എറണാകുളം അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി സഹായ നിധി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കരള്‍ പകുത്തു നല്‍കാന്‍ സഹോദരന്‍ വി ആര്‍ ശശി തയ്യാറാണെങ്കിലും പ്രായമായ അമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കണ്ണന്റെ കുടുംബത്തിന് ശസ്ത്രക്രിയക്കുള്ള 30 ലക്ഷം രൂപ കണ്ടെത്താന്‍ നിര്‍വാഹമില്ല. ചികിത്സക്കും മരുന്നിനും നിത്യചെലവിനും ഇപ്പോള്‍ തന്നെ ബന്ധുക്കളെയും നാട്ടുകാരെയുമാണ് കുടുംബം ആശ്രയിക്കുന്നത്.
പെയിന്റിംഗ് തൊഴിലാളിയായ കണ്ണനെ സഹായിക്കുന്നതിന് ജനകീയ കൂട്ടായ്മ യോഗം ചേര്‍ന്ന് മണ്ഡല എം എല്‍ എ. യു ആര്‍ പ്രദീപ് മുഖ്യ രക്ഷാധികാരിയായി എളനാട് ചികിത്സാ സഹായനിധി രൂപവത്ക്കരിച്ചിട്ടുണ്ട്. കണ്ണന്റെ ജീവന്‍ രക്ഷിക്കുന്നതിനുള്ള തുക കണ്ടെത്തുന്നതിന് എളനാട് ചികിത്സാ സഹായ നിധി, പെരിങ്ങോട്ടുകുറിശ്ശി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 22ന് രാവിലെ ഒമ്പത് മുതല്‍ മൂന്നു വരെ പഴയന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ 22 വാര്‍ഡുകളിലും ബക്കറ്റ് പിരിവ് നടത്തും. 2000ത്തില്‍ പരം നൂറോളം സ്‌ക്വാഡുകളായി തിരിഞ്ഞാണ് തുക സ്വരൂപിക്കുക.
എളനാട് കനറാ ബേങ്കില്‍ തൃക്കണായ വാടാംകുന്നത്ത് കണ്ണന്‍ സി എസ് നിധി എന്ന പേരില്‍ (അ/ര ചീ: 5900101001617, കഎടഇ:ഇചഞ ആ 0005900) അക്കൗണ്ട് രൂപീകരിച്ചിട്ടുണ്ട്.  പെരിങ്ങോട്ടുകുറുശ്ശി ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഇ ബി രമേഷ്, ഓര്‍ഗണ്‍ ഡോണേഴ്‌സ് അസോസിയേഷന്‍ കോര്‍ഡിനേറ്റര്‍ അജിത്ത് നാരങ്ങളില്‍, വാര്‍ഡ് മെമ്പര്‍ എന്‍ അരവിന്ദാക്ഷന്‍, സി എ സേതുമാധവന്‍, കെ യു ഷാജി വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top