കരമനയാറില്‍ ഒഴുക്കില്‍പ്പെട്ട വീട്ടമ്മയ്ക്കായി തിരച്ചില്‍ തുടരുന്നു

ആര്യനാട്: ശിവക്ഷേത്രത്തിലേക്കുളള യാത്രയ്ക്കിടെ വീട്ടമ്മയെ ഒഴുക്കല്‍പ്പെട്ട് കരമനയാറില്‍ കാണാതായി. ആര്യനാട് ഗണപതിയാംകുഴി മൊട്ടവിള രമ നിവാസില്‍ രമയെയാണ്(58) ഞായാറാഴ്ച്ച രാവിലെ മുതല്‍ കാണാതയാത്. ആര്യനാട് ഗണപതിയാംകുഴി പൂവണംമൂട്ട്കടവിലാണ് അപകടം. ദിവസവും രമ പുലര്‍ച്ചെ ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍  ദര്‍ശനത്തിന് എത്തുക പതിവായിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് ആറ്റിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. പൂവണം മുട്ട് കടവ് തടയണയിലൂടെ പതിവുപോലെ നടന്ന് പോവന്‍ ശ്രമിക്കുന്നതിനിടെ ശക്തമായ അടിയെഴുക്കില്‍പ്പെട്ട് കുഴിയിലേയ്ക്ക് അകപ്പെടുകയായിരുന്നു.
പൂവണം മൂട്ട് കടവില്‍ ഇറിഗേഷന്‍ വകുപ്പ്  നിര്‍മിച്ചിരിക്കുന്ന തടയണയിലൂടെയാണ് പരിസര വാസികള്‍ കരമനയാറില്‍ ഇരുകരകളിലും എത്തിയിരുന്നത്. രമ ഒഴുക്കില്‍പ്പെടുന്നത് കണ്ട് നിന്ന ഇതര സംസ്ഥാന തൊഴിലാളിക്ക്  നീന്തല്‍ അറിയാത്തതിനാല്‍ റോഡിലേയ്ക്ക്  ഓടിയെത്തി വിവരം പ്രദേശവാസികളെ അറിയിക്കുകയായിരുന്നു.
ആള്‍ക്കാര്‍ എത്തിയപ്പോഴേയ്ക്കും രമയെ കാണാനില്ലാതെയായി. ഉടന്‍ ആര്യനാട് പോലിസും നെടുമങ്ങാട് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നലെ രാവിലെ 10 വരെ ഫയര്‍ ഫോഴ്‌സ് തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടാവാത്തതോടെ മുങ്ങല്‍ വിദഗ്ധരെ സ്ഥലത്തെത്തിച്ച് തെരച്ചില്‍ തുടങ്ങി. ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും നാട്ടുകാരും തിരച്ചില്‍ തുടരുന്നുണ്ട്. എന്നാല്‍ ഇന്നലെ രാത്രി വൈകിയും രമയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നെടുമങ്ങാട് തഹസില്‍ദാര്‍, ആര്യനാട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ബി അനില്‍കുമാര്‍, സബ്ഇന്‍സ്‌പെക്ടര്‍ അജീഷ്, ജില്ലാ പഞ്ചായത്തംഗം വി വിജുമോഹന്‍,വാര്‍ഡ്‌മെംബര്‍ ഗിരിജ  രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. ഭര്‍ത്താവ്:രവീന്ദ്രന്‍. മക്കള്‍:രാഹുല്‍,രാജീവ്. മരുമകള്‍:ആര്യ. തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറയുന്നു.

RELATED STORIES

Share it
Top