കരകയറ്റാനെത്തി പഴയ (പുതിയ) കപ്പിത്താന്‍

കൊച്ചി: നടുക്കടലിലകപ്പെട്ട് കര കാണാതെ നീന്തുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ രക്ഷിക്കാന്‍  പുതിയ കപ്പിത്താന്‍. ഐഎസ്എല്ലിലെ ഇനിയുള്ള മല്‍സരങ്ങളില്‍ ആദ്യ സീസണിലെ മാര്‍ക്വീതാരവും പരിശീലകനും ഇംഗ്ലീഷ് ഗോള്‍കീപ്പറുമായിരുന്ന ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കും. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും ഡേവിഡ് ജെയിംസും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.


ഈ സീസണിലെ പരിശീലകനായിരുന്ന റെനി മ്യുലെന്‍സ്റ്റീന്‍ കഴിഞ്ഞ ദിവസം രാജിവെച്ചൊഴിഞ്ഞ സാഹചര്യത്തിലാണ് ഡേവിഡ് ജയിംസ് വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നത്. മ്യൂലന്‍സ്റ്റീന്‍ രാജി വെച്ചതിനു പിന്നാലെ ചൊവ്വാഴ്ച രാത്രിയ 11 ഓടെ ഡേവിഡ് ജെയിംസ് കൊച്ചിയില്‍ എത്തിയിരുന്നു. ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായിട്ടാണ് കൊച്ചിയില്‍ അദ്ദേഹം എത്തിയതെന്നായിരുന്നു പറഞ്ഞിരുന്നത്.എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റ് ആവശ്യപ്രകാരമാണ് അദ്ദേഹം എത്തിയതെന്നാണ് വിവരം.തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനാകാന്‍ അദ്ദേഹം സമ്മതം മൂളിയതെന്നാണ് വിവരം.
സീസണിലെ ഏഴ് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് ഇനി 11 മല്‍സരങ്ങളാണ് ശേഷിക്കുന്നത്. ഇന്ന് പൂനയക്കെതിരെ നടക്കുന്ന മല്‍സരത്തില്‍ സഹപരിശീലകന്‍ താങ് ബോയ് സിങ്‌തോയുടെ ശിക്ഷണത്തിലായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് മല്‍സരിക്കുക. ഇതിനു ശേഷം വരുന്ന മല്‍സരങ്ങളില്‍ ടീമിന്റെ പരിശീലകനായി ഡേവിഡ് ജയിംസുണ്ടാകുമെന്നാണ് വിവരം. ജയിംസിനെ പരിശീലകനായി നിയോഗിക്കാനുള്ള ടീം മാനേജ്‌മെന്റ് തീരുമാനത്തിന് ഐഎസ്എല്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.  ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ വരെയെത്തിച്ചതില്‍ ഡേവിഡ് ജെയിംസിന് നിര്‍ണായ പങ്കുണ്ടായിരുന്നു. 14 മല്‍സരങ്ങളില്‍ അഞ്ച് ജയവും നാല് സമനിലയും അഞ്ച് തോല്‍വിയുമായി മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ 95ാം മിനുറ്റില്‍ നേടിയ ഒറ്റ ഗോളില്‍ അത്‌ലറ്റിക്കോ ഡി കല്‍ക്കത്തയോട് പരാജയപെടുകയായിരുന്നു.
ഇന്ന് ഹോം ഗ്രൗണ്ടായ കലൂര്‍ സ്‌റ്റേഡിയത്തില്‍ എഫ്‌സി പുനെ സിറ്റിയെ ബ്ലാസ്‌റ്റേഴ്‌സ് നേരിടാനൊരുങ്ങവെ പൊടുന്നനെ മ്യൂലന്‍സ്റ്റീന്‍ രാജിവച്ചത് ടീമിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഐഎസ്എലില്‍ ബ്ലാസ്‌റ്റേഴ്‌സിന് 11 മല്‍സരം ബാക്കിയുള്ളപ്പോഴാണു മ്യൂലന്‍സ്റ്റീന്റെ പടിയിറക്കവും ഡേവിഡ് ജയിംസിന്റെ തിരിച്ചുവരവും.

RELATED STORIES

Share it
Top