കരകയറാനാകാതെ കാലടി;സ്ഥാപനങ്ങള്‍ തുറന്നില്ല

കാലടി: കഴിഞ്ഞ സ്വാതന്ത്ര്യ ദിനം മുതല്‍ ആര്‍ത്തലച്ച് എത്തിയ മഹാപ്രളയത്തില്‍ സര്‍വതും നശിച്ച പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ ഇനിയും പൂര്‍വ്വസ്ഥിതി പ്രാപിച്ചിട്ടില്ല. സ്ഥാപനങ്ങളില്‍ അരയ്‌ക്കൊപ്പം വെള്ളം കയറിയതുമൂലം അതിരൂക്ഷമായ പ്രതിസന്ധിയാണ് ഉണ്ടായിട്ടുള്ളത്. സാധനസാമഗ്രികള്‍ വെള്ളം കയറിയും, ചെളി നിറഞ്ഞും വില്‍പനക്ക് പറ്റാത്ത വിധം നാശം നേരിടുകയായിരുന്നു. ഹോട്ടലുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ഇന്നും അടഞ്ഞുകിടക്കുകയാണ്. ടൗണിലെ 4 റോഡുകളിലും വെള്ളം ഉയര്‍ന്നത് വ്യാപാരികളുടെയും, നാട്ടുകാരുടെയും പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു. നിരവധി സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും, ഉപയോഗശൂന്യമായ വസ്തുക്കളും റോഡിന്റെ പലഭാഗത്തായി കുന്നുകൂടിക്കിടക്കുന്നത് ദയനീയമായ കാഴ്ചയാണ്. നിരവധി സ്ഥാപനങ്ങളിലെ വില്‍പനച്ചരക്കുകള്‍ വെയില് വരുമ്പോള്‍ നിരത്തിയിട്ട് ഉണക്കുന്നതും മറ്റും പതിവുകാഴ്ചകളായി തീര്‍ന്നിട്ടുണ്ട്. പല സ്ഥാപനങ്ങളിലും വെള്ളം കെട്ടി നിന്നത് മൂലം ബലക്ഷയം നേരിടുന്നത് വ്യാപാരികള്‍ക്കും, ഉപഭോക്താക്കള്‍ക്കും വലിയ ഭീഷണിയായി മാറുന്നു. സര്‍ക്കാരും മറ്റ് ഏജന്‍സികളും പലിശരഹിത വായ്പ എന്ന സുന്ദര വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഇതെല്ലാം പ്രാവര്‍ത്തികമാക്കുവാന്‍ വലിയ കാല താമസം നേരിടേണ്ടിവരുമെന്നത് യാഥാര്‍ത്ഥ്യമാണ്. ഇതുമൂലം അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങള്‍ തുറക്കുവാനോ, വ്യാപാരം പുനരാരംഭിക്കാനോ ആകാത്തവിധം പ്രതിസന്ധിയിലാണ് കാലടിയിലെ കച്ചവടക്കാര്‍. പലരുടെയും വീടുകളിലും വെള്ളം കയറി നാശം നേരിട്ടത് മൂലം പ്രത്യാശ നഷ്ടപ്പെട്ടവരായി വ്യാപാരി സമൂഹം മാറിയിരിക്കുന്നു.

RELATED STORIES

Share it
Top