കയ്യൂര്‍ സമരസേനാനിയുടെ പൗത്രിക്ക് സിപിഎം ഊരുവിലക്കെന്നു പരാതി

കാഞ്ഞങ്ങാട്: വിധവയും നിരാലംബയുമായ വീട്ടമ്മയ്ക്ക്് സിപിഎം ഊരുവിലക്ക് ഏര്‍പ്പെടുത്തിയതു വിവാദമാവുന്നു. കയ്യൂര്‍ സമരസേനാനി എലച്ചി കണ്ണന്റെ പൗത്രിയും കയ്യൂര്‍ സമരവുമായി ബന്ധപ്പെട്ട് ഏഴുദിവസം എംഎസ്പിക്കാരുടെ കസ്റ്റഡിയില്‍ മര്‍ദനം ഏറ്റുവാങ്ങിയ പി പി കുമാരന്റെ മകളും കെഎസ്ടിഎ നേതാവായിരുന്ന പരേതനായ ടി രാഘവന്‍ മാസ്റ്ററുടെ ഭാര്യയുമായ എം കെ രാധാമണിക്കാണ് ഊരുവിലക്ക്.
സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മനുഷ്യാവകാശപ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. നീലേശ്വരം പാലായിയിലെ ഷട്ടര്‍ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡിന് വീതികൂട്ടാന്‍ അനധികൃതമായി എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് തെങ്ങും കവുങ്ങും ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചുമാറ്റിയതില്‍ പ്രതിഷേധിച്ചതോടെയാണ് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുടെയും ലോക്കല്‍ കമ്മിറ്റി നേതാക്കളുടെയും നേതൃത്വത്തില്‍ ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഏപ്രില്‍ 2ന് വൈകീട്ട് പാര്‍ട്ടിപ്രവര്‍ത്തകര്‍ വന്നു വീട്ടില്‍ നിന്ന് ഇറക്കിവിടുകയും മൊബൈല്‍ഫോ ണ്‍ തട്ടിയെടുക്കുകയും ചെയ്തതായി നീലേശ്വരം പോലിസില്‍ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.
നീലേശ്വരം നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായ ടി കുഞ്ഞിക്കണ്ണന്‍, മുന്‍ പഞ്ചായത്ത് അംഗമായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പി കെ പൊക്കന്‍ തുടങ്ങിയവരുടെ പറമ്പിലേക്ക് റോഡ് നിര്‍മിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രാധയുടെ സ്ഥലം കൈയേറിയതെന്നാണു പറയപ്പെടുന്നത്. 1998ല്‍ പാലായി പാലാക്കൊഴുവല്‍ ക്ഷേ—ത്രത്തിനു വേണ്ടി പൂരക്കളി നടത്താന്‍ 4.75 സെന്റ് സ്ഥലം വിട്ടുകൊടുത്തിരുന്നു. സ്വര്‍ണപ്രശ്‌നം നടത്തി പൂരക്കളി നടത്താന്‍ സ്ഥലം അനുയോജ്യമല്ലെന്നും ആ സ്ഥലം തിരികെ നല്‍കാമെന്നും മറ്റൊരു സ്ഥലം വിട്ടുനല്‍കണമെന്നും പറഞ്ഞ് ക്ഷേത്രകമ്മിറ്റി സമ്മര്‍ദം ചെലുത്തിയതനുസരിച്ച് വീണ്ടും സ്ഥലം നല്‍കിയിരുന്നു. ആദ്യം വാങ്ങിയ സ്ഥലം തിരികെ നല്‍കാതെ 18 വര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ഭൂരിപക്ഷമുള്ള ക്ഷേത്രകമ്മിറ്റിക്കാര്‍ കബളിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
വീട്ടിലേക്കു വരുന്ന വാഹനങ്ങള്‍ തടഞ്ഞുവയ്ക്കുന്നതും പതിവാണ്. നീലേശ്വരം പോലിസില്‍ നിരവധി പരാതികള്‍ നിലവിലുണ്ടെന്നും രാധാമണി പറഞ്ഞു. വീട്ടില്‍ കയറാന്‍ കഴിയാത്തതിനാല്‍ ഇപ്പോള്‍ 15 കിലോമീറ്റര്‍ അകലെയുള്ള പിലിക്കോട് പഞ്ചായത്തിലെ മകളുടെ വീടായ വെള്ളച്ചാലിലാണു താമസം. മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും അടക്കമുള്ളവര്‍ക്കു പരാതി നല്‍കിയതായും രാധാമണി പറഞ്ഞു. ഇവരുടെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്തെ ആദായം എടുക്കാന്‍ അനുവദിക്കാറില്ലെന്നും പാര്‍ട്ടി അനുഭാവികള്‍ ഇതു കൊള്ളയടിക്കുകയാണെന്നും രാധ വ്യക്തമാക്കി.
മക്കളെപ്പോലും വീട്ടില്‍ വരാന്‍ അനുവദിക്കാറില്ല.  എന്നാ ല്‍, പാര്‍ട്ടി ആര്‍ക്കെതിരേയും ഊരുവിലക്ക് കല്‍പിച്ചിട്ടില്ലെന്നും വ്യാജ പരാതി നല്‍കിയതാണെന്നുമാണ് സിപിഎം പേരോല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം സ്റ്റാന്റിങ് കമ്മിറ്റി  ടി കുഞ്ഞിക്കണ്ണന്‍ വ്യക്തമാക്കുന്നത്.

(പടം-രാധാമണി)

RELATED STORIES

Share it
Top