കയറ്റുമതി: കൊച്ചി കുതിപ്പു തുടരുന്നു

കൊച്ചി: പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നുള്ള കയറ്റുമതിയില്‍ 2018-2019 സാമ്പത്തിക വര്‍ഷത്തെ തുടര്‍ച്ചയായ രണ്ടാം മാസവും കൊച്ചി കുതിപ്പ് തുടരുന്നു. എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഫോര്‍ എസ്ഇസെഡ് ആന്റ് എക്‌സ്‌പോര്‍ട്ട് ഓറിയന്റഡ് യൂനിറ്റ്‌സ് (ഇപിസിഇഎസ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മെയില്‍ കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്നു 5516 കോടി രൂപയുടെ ഉല്‍പന്നങ്ങളാണ് കയറ്റുമതി ചെയ്തത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 673 കോടിയായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 720 ശതമാനമാണ് വര്‍ധന. ഏപ്രില്‍ മാസത്തില്‍ ഇത് 3708 കോടി രൂപയായിരുന്നു. കൊച്ചിക്ക് പുറമേ ഫാള്‍ട്ട, ഇന്‍ഡോര്‍, എംഇപിഇസെഡ് എന്നീ പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നുള്ള കയറ്റുമതിയിലും വര്‍ധനയുണ്ട്.
കൊച്ചിയില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ കയറ്റുമതിയിലും വര്‍ധനയുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
മെയ് മാസം രാജ്യത്തെ മൊത്തം സാമ്പത്തിക മേഖലകളില്‍ നിന്നുമുള്ള കയറ്റുമതിയിലും വര്‍ധനയുണ്ടായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 38 ശതമാനമാണ് വര്‍ധന. 2017-2018 സാമ്പത്തിക വര്‍ഷം മെയ് മാസം 21,220 കോടി രൂപയുടെ കയറ്റുമതിയുടെ സ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം 29,236 കോടി രൂപയുടെ ചരക്ക് ഉല്‍പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. ഇപിസിഇഎസ് റിപോര്‍ട്ട് പ്രകാരം ബയോടെക്ക്, കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, കംപ്യൂട്ടര്‍, ഇലക്‌ട്രോണിക്‌സ്, പാരമ്പര്യേതര ഊര്‍ജം, പ്ലാസ്റ്റിക്, റബര്‍, ട്രേഡിങ് ആന്റ് സര്‍വീസസ് എന്നീ മേഖലകളാണ് രാജ്യത്തെ കയറ്റുമതിയുടെ കുതിപ്പിന് ഊര്‍ജം പകരുന്നത്.

RELATED STORIES

Share it
Top