കയറുകെട്ടി ഗതാഗതം തടയാന്‍പാടില്ല: മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കയറോ അതുപോലുള്ള വള്ളികളോ റോഡിനു കുറുകെ കെട്ടി ഒരു കാരണവശാലും ഗതാഗതം തടയരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. വാഹനങ്ങള്‍ വഴിതിരിച്ചുവിടാന്‍ പോലിസ് ഉദ്ദേശിക്കുന്ന സ്ഥലത്തിനു മുമ്പുതന്നെ വഴിതിരിയണം എന്ന ബോര്‍ഡ് സ്ഥാപിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. അത്തരം സ്ഥലങ്ങളില്‍ ട്രാഫിക് പോലിസ് ഉദ്യോഗസ്ഥരെ ജോലിക്ക് നിയോഗിക്കണം. ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ബാരിക്കേഡും റിഫഌക്ടറുകളുള്ള ബോര്‍ഡുകളും ഡ്രൈവര്‍മാര്‍ക്ക് വളരെ അകലെ നിന്ന് കാണാവുന്ന തരത്തില്‍ സ്ഥാപിക്കണമെന്നും ജസ്റ്റിസ് ആന്റ ണി ഡൊമിനിക് ആവശ്യപ്പെട്ടു. സംസ്ഥാന പോലിസ് മേധാവി ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. നിയമസഭാ നടപടി റിപോര്‍ട്ട് ചെയ്യാന്‍ നിയമസഭയിലേക്ക് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത പത്രപ്രവര്‍ത്തകനായ അനില്‍ രാധാകൃഷ്ണന് ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. ഗതാഗതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പോലിസ് റോഡിനു കുറുകെ കെട്ടിയിരുന്ന കയര്‍ അനി ല്‍ രാധാകൃഷ്ണന്റെ കഴുത്തി ല്‍ കുരുങ്ങുകയായിരുന്നു. മാരകമായി പരിക്കേറ്റ അനിലിനെ സ്ഥലത്തുണ്ടായിരുന്ന പോലിസുകാര്‍ ആശുപത്രിയിലെത്തിച്ചു. കഴുത്തില്‍ കയര്‍ കുരുങ്ങിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ദീര്‍ഘനാള്‍ ചികില്‍സ തേടേണ്ടിവന്നു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരം ജില്ലാ പോലിസ് മേധാവിയെ കമ്മീഷന്‍ ചുമതലപ്പെടുത്തിയിരുന്നു. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ ഇത്തരത്തില്‍ ഗതാഗതം തിരിച്ചുവിടേണ്ടിവരാറുണ്ടെന്ന് പോലിസ് അറിയിച്ചു. പകല്‍ സമയങ്ങളില്‍ കയര്‍ ഉപയോഗിച്ച് ഗതാഗതം തടയാറുണ്ടെന്നും പോലിസ് സമ്മതിച്ചു. അത്തരം സ്ഥലങ്ങളില്‍ ഡ്യൂട്ടിക്ക് പോലിസുകാരെ നിയോഗിക്കാറുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നിര്‍ദേശം സംസ്ഥാനത്തെ എല്ലാ പോലിസ് സ്റ്റേഷനുകള്‍ക്കും നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top