കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ആദ്യ തൊഴിലാളി വേട്ടയ്ക്ക് നാളെ ആറ് പതിറ്റാണ്ട്‌

സുധീര്‍  കെ ചന്ദനത്തോപ്പ്
കൊല്ലം:  തൊഴിലാളികളുടെ സര്‍ക്കാരെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരമേറ്റെടുത്ത ശേഷം തൊഴിലാളികള്‍ക്ക് നേരെ നടത്തിയ അതിക്രമത്തിന് നാളെ 60 വയസ്.
സുലൈമാന്‍, രാമന്‍ എന്നീ രക്തസാക്ഷികളുടെ ചോരപ്പാട് പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഇന്നും ഒരു കറുത്ത അധ്യായമാണ്. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന 1958 ജൂലൈ 26നാണ് രണ്ട് തൊഴിലാളികളുടെ ജീവന്‍ നഷ്ടമായ ചന്ദനത്തോപ്പ് വെടിവയ്പ്പ് ഉണ്ടായത്. മാമൂട് ഹിന്ദുസ്ഥാന്‍ കാഷ്യൂ ഫാക്ടറിപ്പടിക്കല്‍ നടന്ന സമരമായിരുന്നു പോലിസിന്റെ നരനായാട്ടിനും വെടിവെയ്പ്പിലും കലാശിച്ചത്. തൊഴില്‍നിയമങ്ങള്‍ ലംഘിക്കുന്നതിനെതിരേ യുടിയുസി കുണ്ടറ കശുവണ്ടിത്തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ മാമൂട് ഹിന്ദുസ്ഥാന്‍ കാഷ്യൂ ഫാക്ടറിപ്പടിക്കല്‍ സമരം നടത്തിവരുകയായിരുന്നു. തൊഴിലാളികള്‍ക്ക് മുടങ്ങാതെ തൊഴില്‍ നല്‍കണമെന്നും കുടിശ്ശികയായ ആനുകൂല്യങ്ങള്‍ നല്‍കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. എന്നാല്‍ ഒത്തു തീര്‍പ്പുചര്‍ച്ചകളില്‍ പങ്കെടുക്കാതെയും ഫാക്ടറി സ്ഥിരമായി പ്രവര്‍ത്തിപ്പിക്കാതെയും നിഷേധാത്മകമായ നിലപാടായിരുന്നു മാനേജ്‌മെന്റ് സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് യൂനിയന്‍ നിരാഹാരസമരം ആരംഭിച്ചു.
യൂനിയന്‍ സെക്രട്ടറിമാരില്‍ ഒരാളായ ആര്‍ പപ്പുവാണ് ആദ്യം നിരാഹാരമിരുന്നത്. തുടര്‍ന്ന് മാനേജ്‌മെന്റ് ഫാക്ടറി ലോക്കൗട്ട് ചെയ്തു. സമരത്തിന്റെ ഒമ്പതാം ദിവസം അവശനായ പപ്പുവിനെ പോലിസ് അറസ്റ്റുചെയ്തു നീക്കി. പകരം യൂനിയന്‍ പ്രവര്‍ത്തകനായ എം ദാമോദരന്‍ പിള്ള നിരാഹാരസമരം ആരംഭിച്ചു.ഫാക്ടറിയില്‍ ശേഖരിച്ചിരുന്ന പരിപ്പും തോട്ടണ്ടിയും മാറ്റാനായി കമ്പനി മാനേജ്‌മെന്റ് കോടതി ഉത്തരവ് സമ്പാദിച്ചു. ഇതിനായി ലോറികള്‍ പോലിസ് അകമ്പടിയോടെ ഫാക്ടറിയിലേക്ക് പ്രവേശിച്ചു. ലോഡ് കയറ്റിയ ലോറികള്‍ പുറത്തേക്കു കൊണ്ടുപോകുന്നതിനുള്ള ശ്രമം അനുഭാവ സത്യാഗ്രഹമിരുന്ന സ്ത്രീത്തൊഴിലാളികള്‍ തടഞ്ഞു.
പരിസരത്തുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും പാഞ്ഞെത്തി. തൊഴിലാളികളെ അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നേതാക്കളായ ടി എം പ്രഭയും ചന്ദ്രശേഖര ശാസ്ത്രിയും അയ്യനും കയര്‍ത്തു. ഇവരെ പോലിസ് ക്രൂരമായി മര്‍ദിച്ച് വാഹനത്തിലേക്കു വലിച്ചുകയറ്റി. വാഹനത്തിലും ലോക്കപ്പിലും ഇവരെ മര്‍ദ്ദിച്ച് മൃതപ്രായരാക്കി.വഴിതടഞ്ഞ തൊഴിലാളികള്‍ കൈകോര്‍ത്തുപിടിച്ച് നിലത്തുകിടന്ന്് വീറോടെ മുദ്രാവാക്യം വിളിച്ചു. സ്ത്രീത്തൊഴിലാളികളെ പോലിസുകാര്‍ അറസ്റ്റുചെയ്ത് നിഷ്‌കരുണം പിടിച്ചുവലിച്ച് പോലിസ് വാനിലേക്ക് എറിഞ്ഞു. ഈ രംഗം കണ്ടുനിന്ന കശുവണ്ടി ഫാക്ടറിയിലെ കാന്റീന്‍ തൊഴിലാളി പാവുമ്പ സ്വദേശി സുലൈമാന്‍ ഡിവൈഎസ്പിയുടെ ക്രോസ് ബെല്‍റ്റില്‍ പിടിച്ചുതള്ളി. അദ്ദേഹം താഴെവീണു. ഡിവൈഎസ്പി അടുത്തുനിന്ന പോലിസുകാരന്റെ കൈയില്‍നിന്ന് തോക്കു പിടിച്ചുവാങ്ങി ബയണറ്റുകൊണ്ട് ആഞ്ഞുകുത്തി.
സുലൈമാന്‍ നിലത്തുവീണ് പിടഞ്ഞു മരിച്ചു.ഇതോടെ ജനക്കൂട്ടത്തിന്റെ നിയന്ത്രണം വിട്ടു. ആരോ പോലിസിനു നേരേ കല്ലെറിഞ്ഞു. പോലിസ് ആദ്യം മൂന്നുപ്രാവശ്യം ആകാശത്തേക്കും പിന്നീടു ചുറ്റിനും വെടിവച്ചു. കൊല്ലം-കുണ്ടറ റോഡരികില്‍ ഇപ്പോള്‍ ചന്ദനത്തോപ്പ് രക്തസാക്ഷിസ്മാരകം നില്‍ക്കുന്ന സ്ഥലത്തു നിന്ന കര്‍ഷകത്തൊഴിലാളിയായ രാമന്‍ വെടിയേറ്റു മരിച്ചുവീണു. സംഘര്‍ഷം നടക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു രാമന്‍.  കുമിളിയില്‍ ചെല്ലമ്മ, ശങ്കരപ്പിള്ള തുടങ്ങി നിരവധിപേര്‍ക്ക് പരിക്കേറ്റു.പോലിസ് വെടിവയ്പിന്റെ അനന്തരഫലമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് രാമന്‍, സുലൈമാന്‍ എന്നീ രണ്ടു രക്തസാക്ഷികളെയാണ്. ഇതില്‍ ഒരാള്‍ സമരത്തില്‍ പങ്കെടുത്തയാളും മറ്റെയാള്‍ അക്രമം നടക്കുന്നതറിഞ്ഞ് സ്ഥലത്ത് എത്തിയ ആളുമായിരുന്നു. പിന്നീട് ഇവര്‍ക്കുവേണ്ടി ആര്‍എസ്പിയുടെ നേതൃത്വത്തില്‍ ദേശീയപാത 208ന് സമീപം മാമൂട്ടില്‍ ഒരു രക്തസാക്ഷി മണ്ഡപം പണികഴിപ്പിച്ചു.
പോലിസ് വെടിവയ്പില്‍ പരിക്കേറ്റ പലര്‍ക്കും പിന്നീട് ജീവിക്കുന്ന രക്തസാക്ഷികളായി കഴിയേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും കാര്യമായ യാതൊരു ആനുകൂല്യവും സര്‍ക്കാരിന്റെയോ രക്തസാക്ഷിത്വം ഏറ്റെടുക്കാനെത്തിയവരുടെയോ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.കാലക്രമത്തില്‍ ആര്‍എസ്പി പലതായി പിളര്‍ന്നെങ്കിലും ഓരോവര്‍ഷം ആഘോഷങ്ങള്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഗംഭീരമാക്കാനാണ് ഇവരുടെ മല്‍സരം. പലപ്പോഴും അനുസ്മരണ പരിപാടികള്‍ ആര്‍എസ്പി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ നടത്തേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ആര്‍എസ്പികള്‍ ലയിച്ചതോടെ അനുസ്മരണവും ഒരുമിച്ചാണ്.

RELATED STORIES

Share it
Top