കമ്മ്യൂണിസ്റ്റ് ഐക്യം അനിവാര്യം

അഡ്വ.  ജി സുഗുണന്‍
എം വി രാഘവന്റെ നേതൃത്വത്തില്‍ സിഎംപി രൂപീകൃതമായിട്ട് മൂന്നു പതിറ്റാണ്ടും രണ്ടു വര്‍ഷവും പിന്നിട്ടിരിക്കുകയാണ്. രാഘവനു ശേഷം പാര്‍ട്ടിയെ നയിച്ച കെ ആര്‍ അരവിന്ദാക്ഷനും ഇതിനകം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ഭാരതപ്പുഴയില്‍ കൂടി ധാരാളം ജലം ഒഴുകിപ്പോയി. സംസ്ഥാന-ദേശീയ-സാര്‍വദേശീയ രംഗങ്ങളില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങളും സംഭവിച്ചു. ഈ പാര്‍ട്ടിയുടെ ഒമ്പതാം കോണ്‍ഗ്രസ്സാണ് മെയ് 6, 7, 8 തിയ്യതികളില്‍ തൃശൂരില്‍ ചേരുന്നത്.
നവലിബറല്‍ നയങ്ങള്‍ രൂക്ഷമായ അസമത്വം ആഗോളതലത്തില്‍ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ലോകത്തെ ആകെ സമ്പത്തിന്റെ പകുതിയും ജനസംഖ്യയില്‍ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളിലാണ്. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് രാഷ്ട്രീയ അസ്ഥിരത ബാധിച്ച പല രാഷ്ട്രങ്ങളും ഇപ്പോള്‍ സാമ്രാജ്യത്വത്തിനെതിരേ സമരത്തിലാണ്. അമേരിക്കന്‍ സാമ്രാജ്യത്വ മുന്നേറ്റത്തെ ഒരു പരിധി വരെയെങ്കിലും തടഞ്ഞുനിര്‍ത്തി കുറച്ചെങ്കിലും ആശ്വാസം നല്‍കുന്നത് റഷ്യയാണ്. പല രാജ്യങ്ങളിലും ഐഎസും തീവ്രവാദി സംഘടനകളും ശക്തിപ്പെട്ടിട്ടുണ്ട്. സിറിയയില്‍ മാത്രം മുക്കാല്‍ ലക്ഷത്തോളം പേരെയാണ് കശാപ്പ് ചെയ്തിരിക്കുന്നത്.
സാമൂഹിക സേവനം, സുരക്ഷ തുടങ്ങിയ മര്‍മപ്രധാന മേഖലകളില്‍ കടുത്ത സാമ്പത്തിക വെട്ടിക്കുറവ് മുതലാളിത്ത രാജ്യങ്ങളില്‍ വരുത്തിയിരിക്കുകയാണ്. അമേരിക്കന്‍ സാമ്രാജ്യത്വവും പ്രതിസന്ധിയിലാണ്. അമേരിക്കയുടെ വിദേശ കടത്തിന്റെ നാലിലൊന്നും ചൈനയ്ക്ക് നല്‍കേണ്ടതാണ്. ചൈനയുടെ വളര്‍ച്ചയും വിയറ്റ്‌നാമിന്റെയും ഉത്തര കൊറിയയുടെയും ക്യൂബയുടെയും നേട്ടങ്ങളും ആവേശം പകരുന്നതാണ്. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് സമരത്തിന്റെ ആവേശം ചോര്‍ന്നുപോയെങ്കിലും അതിന്റെ അന്തസ്സത്ത ദൃഢമായി നിലനില്‍ക്കുകയാണ്. യുവസമൂഹത്തിലും തൊഴിലാളിവര്‍ഗത്തിനിടയിലും വാള്‍സ്ട്രീറ്റ് സമരം ഇപ്പോഴും സജീവമായിത്തന്നെയുണ്ട്.
ഇരു കൊറിയകളുടെയും ഐക്യപ്പെടല്‍ സുപ്രധാനമായ ഒരു സംഭവവികാസമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ഇടത്-തൊഴിലാളിവര്‍ഗ പാര്‍ട്ടികളുടെയും സഹകരണവും യോജിപ്പും തന്നെയാണ് സമാധാനത്തിനും പുരോഗതിക്കും പൗരാവകാശ-ജനാധിപത്യ സംരക്ഷണത്തിനും അനിവാര്യമായിട്ടുള്ളതെന്ന് ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നുണ്ട്. നമ്മുടെ രാജ്യം അക്ഷരാര്‍ഥത്തില്‍ ഫാഷിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മോദിഭരണം വര്‍ഗീയതയെ താലോലിക്കുകയും മതേതരത്വം തകര്‍ക്കുകയും ചെയ്തിരിക്കുന്നു.
സംഘപരിവാര സംഘടനകളാണ് സര്‍ക്കാരിന്റെ ചുക്കാന്‍ പിടിച്ചിരിക്കുന്നത്. എല്ലാ ജനക്ഷേമ പദ്ധതികളും അവതാളത്തിലായി. സാമൂഹിക സേവന മേഖലയിലെ ഇടപെടലും ഗണ്യമായി വെട്ടിക്കുറച്ചിരിക്കുകയാണ്. അഴിമതി സാര്‍വത്രികമാവുകയും ചെയ്തു. ന്യൂനപക്ഷങ്ങളുടെയും മറ്റു പിന്നാക്കവിഭാഗങ്ങളുടെയും ദലിതരുടെയും ആദിവാസികളുടെയും പ്രശ്‌നങ്ങള്‍ കാണാതെ ഹിന്ദുത്വ അജണ്ട മാത്രം കൊണ്ടുനടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. പിന്നാക്ക സംവരണത്തെ തച്ചുതകര്‍ക്കാനാണ് കേന്ദ്രനീക്കം.
വന്‍കിട കോര്‍പറേറ്റുകളെ പ്രീതിപ്പെടുത്താന്‍ അവര്‍ക്ക് നികുതിയിളവും പൊതുമേഖലാ ബാങ്കുകളില്‍ നിന്നു ശതകോടികളുടെ വായ്പകളും അനുവദിച്ചുകൊടുത്തിരിക്കുന്നു. ഈ വായ്പകളൊന്നും തിരിച്ചുപിടിക്കാന്‍ കഴിയുന്നതല്ല. കോടികള്‍ കടമെടുത്ത തട്ടിപ്പുകാര്‍ ഇപ്പോള്‍ രാജ്യം തന്നെ വിട്ടുകഴിഞ്ഞിരിക്കുകയാണ്. സ്വകാര്യവല്‍ക്കരണം രാജ്യരക്ഷാ മേഖലയടക്കം എല്ലാ മേഖലകളിലും ഇതിനകം നടപ്പാക്കിക്കഴിഞ്ഞിരിക്കുകയാണ്. ചെങ്കോട്ട അടക്കമുള്ള പ്രമുഖമായ ചരിത്ര സ്മാരകങ്ങള്‍ പോലും സ്വകാര്യ കുത്തകകള്‍ക്ക് പതിച്ചുനല്‍കുന്ന ചിത്രമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
വ്യാവസായിക രംഗത്തെ കുത്തകകള്‍ക്കു വേണ്ടി തൊഴില്‍ നിയമങ്ങളാകെ തിരുത്തിയെഴുതപ്പെട്ടിരിക്കുന്നു. തൊഴിലവകാശങ്ങളും മൗലികാവകാശങ്ങളുമെല്ലാം ചോരയില്‍ മുക്കിക്കൊല്ലപ്പെട്ടിരിക്കുകയാണ്. കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിന്റെ നഗ്നമായ ജനവിരുദ്ധ നടപടികള്‍ക്കെതിരായി വിപുലമായ ഐക്യം കെട്ടിപ്പടുക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യം.
ഇതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വളരെ സുപ്രധാനമായ പങ്കാണ് നിര്‍വഹിക്കാനുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യം മാത്രമല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. നേപ്പാളിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നിശ്ചയമായും വഴികാട്ടിയാണ്. സിഎംപിയുടെ കോണ്‍ഗ്രസ് ഇത്തരം വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യും.
കേരളത്തിലെ ഇടതു മുന്നണി ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടുതല്‍ വിപുലപ്പെടുത്തേണ്ടതാണ്. ന്യൂനപക്ഷങ്ങളെയും ദലിത്-പിന്നാക്ക വിഭാഗങ്ങളെയും ആദിവാസികളെയും ഇടതു ചേരിയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ നേതൃത്വം കൈക്കൊള്ളേണ്ടിയിരിക്കുന്നു. ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.
ന്യൂനപക്ഷ പ്രസ്ഥാനങ്ങളെ ഇടതു ചേരിയിലേക്ക് കൊണ്ടുവരുന്നതിനുള്ള അടവുകള്‍ക്കും തന്ത്രങ്ങള്‍ക്കും രൂപം കൊടുക്കാന്‍ കഴിയണം. ന്യൂനപക്ഷങ്ങള്‍ ഇന്നു രാഷ്ട്രീയമായി സുസംഘടിതരാണ്. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ സംസ്ഥാനത്ത് യാഥാര്‍ഥ്യവുമാണ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷ പാര്‍ട്ടികളുമായുള്ള സഹകരണത്തിലൂടെ മാത്രമേ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ ഇടതുചേരിയുമായി ബന്ധപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.
ഈ വസ്തുത വിസ്മരിച്ചുകൊണ്ട് ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണമില്ലാതെത്തന്നെ ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ കഴിയുമെന്ന ചില ഇടതു നേതാക്കളുടെ വാദത്തിനു യാതൊരു അടിസ്ഥാനവുമില്ല. യുഡിഎഫില്‍ നിലകൊള്ളുന്ന പല പാര്‍ട്ടികളെയും ഇടതു മുന്നണിയുമായി സഹകരിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യം സമര്‍ഥമായി പ്രയോജനപ്പെടുത്തുകയാണ് ഇടതു നേതൃത്വം ചെയ്യേണ്ടത്.                            ി

(സിഎംപി പോളിറ്റ് ബ്യൂറോ
അംഗമാണ് ലേഖകന്‍.)

RELATED STORIES

Share it
Top