കമ്പംമെട്ട് സര്‍വേ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുംചെറുതോണി: കേരളവും തമിഴ്‌നാടും അതിര്‍ത്തി പങ്കിടുന്ന കമ്പംമെട്ടില്‍ ഉദ്യോഗസ്ഥര്‍ തിടുക്കത്തില്‍ നടത്തിയ സര്‍വെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എം പി പറഞ്ഞു. ഇത് സംബന്ധിച്ച് എം പി മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി. ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെ തികച്ചും അശാസ്ത്രീയമായി ജില്ലയില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് തയ്യാറായതിലൂടെയാണ് ജില്ലയില്‍ താമസിച്ചു വന്ന നിരവധി പേരുടെ വീടുകളും, 50 വര്‍ഷത്തോളമായി ഉപയോഗിക്കുന്ന റോഡുകളും തമിഴ്‌നാടിന്റെ അതിര്‍ത്തിക്കുള്ളില്‍ ആകാന്‍ സാഹചര്യമുണ്ടായതെന്ന് എം പി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മുല്ലപ്പെരിയാര്‍ ഉള്‍പ്പടെയുള്ള ഇടുക്കിയുടെ ജലസമൃദ്ധിയും, ടൂറിസം കേന്ദ്രങ്ങളും കണ്ണു വച്ച് തമിഴ്‌നാട് നടത്തുന്ന നീക്കങ്ങള്‍ക്ക് പരോക്ഷമായി ബലമേകുന്നതാണ് നിര്‍ഭാഗ്യവശാല്‍ ഇടുക്കിയിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് എം പി ചര്‍ച്ചയില്‍ ചൂണ്ടിക്കാണിച്ചു. സര്‍ക്കാര്‍ തലത്തിലോ, ഉന്നത ഉദ്യോഗസ്ഥതലത്തിലോ കൂടിയാലോചിക്കാതെ ഏകപക്ഷീയമായി ചില ഉദ്യോഗസ്ഥ ര്‍ നടത്തിയ സര്‍വെയാണ് വിവാദത്തിന് ഇടയാക്കിയത്. ചെറിയ തോതിലുള്ള അതിര്‍ത്തി പ്രശ്‌നത്തെ അന്തര്‍ സംസ്ഥാന തര്‍ക്കവിഷയമാക്കി വളര്‍ത്തിയത് ജില്ലയിലെ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും, അലംഭാവവുമാണ്. അതുകൊണ്ടു തന്നെ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും എം പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top