കമ്പംമെട്ട് ശബരിമല ഇടത്താവളത്തിലെ ഫ്യൂസ് കെഎസ്ഇബി വിച്ഛേദിച്ചു

നെടുങ്കണ്ടം: കേരള- തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമെട്ടില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ഇടത്താവളത്തിലെ വൈദ്യൂതി കെഎസ്ഇബി അധികൃതര്‍ വിച്ഛേദിച്ചു. കെഎസ്ഇബി നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം വൈകുന്നേരം മുന്നറിയിപ്പുകളൊന്നും നല്‍കാതെയാണ് കെഎസ്ഇബി കണക്ഷന്‍ വിച്ഛേദിച്ചതെന്നാണ് കരുണാപുരം പഞ്ചായത്തിന്റെ ആരോപണം. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തും കരുണാപുരം പഞ്ചായത്തും ചേര്‍ന്നാണ് ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള സൗകര്യങ്ങള്‍ കമ്പംമെട്ടിലെ ഇടത്താവളത്തില്‍ ക്രമികരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സഹായമൊന്നും ലഭിക്കാത്ത പഞ്ചായത്ത് അധികൃതര്‍ സ്വന്തം ഫണ്ട് കണ്ടെത്തിയാണ് തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന്  അധികൃതര്‍ അറിയിച്ചു. ഇതിനിടെയാണ് കെഎസ്ഇബിയുടെ ഇരുട്ടടി. പഞ്ചായത്ത് അനധികൃതമായി വൈദ്യുതിയെടുത്തെന്ന പരാതിയെ തുടര്‍ന്നാണ് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതെന്നാണ് കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. അനധികൃതമായി വൈദ്യുതിയെടുക്കുന്നുവെന്ന് കമ്പംമെട്ടില്‍ നിന്ന് പ്രദേശികമായി ലഭിച്ച പരാതിയെ തുടര്‍ന്നാണ് വൈദ്യുതി ബന്ധം വേര്‍പെടുത്തിയതെന്നും കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. കമ്പംമെട്ട് സ്വദേശികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നും കെഎസ്ഇബി സ്‌പെഷല്‍ സ്‌ക്വാഡ് പഞ്ചായത്തിലെത്തി വിശദീകരണം തേടിയിരുന്നു. പഞ്ചായത്ത് കൃത്യമായ വിശദീകരണം നല്‍കിയതോടെ സ്‌ക്വാഡ് തിരികെ മടങ്ങി. ഇതിനിടെയിലാണ് തീര്‍ത്ഥാടകരെ ഇരുട്ടിലാക്കി കെഎസ്ഇബി ഇടത്താവളത്തിലെ വൈദ്യുതി വിച്ഛേദിച്ചതെന്ന് കരുണാപൂരം പഞ്ചായത്തംഗം ടോമി പ്ലാവുവെച്ചതില്‍ ആരോപിച്ചു. കെഎസ്ഇബിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കമ്പംമെട്ടില്‍ ഇടത്താവളം ആരംഭിച്ചതുമുതല്‍ പഞ്ചായത്ത് താല്‍ക്കാലികമായാണ് വൈദ്യുതിയെടുക്കുന്നത്. കണക്ഷന്‍ വിച്ഛേദിച്ചതോടെ കഴിഞ്ഞ ദിവസം വൈകിട്ട് താല്‍ക്കാലിക കണക്ഷനുകള്‍ക്കായി വൈദ്യുതി ബോര്‍ഡില്‍ അപേക്ഷ സമര്‍പ്പിച്ചതായി പഞ്ചായത്ത് അറിയിച്ചു. അതിര്‍ത്തി മേഖലയോട് ചേര്‍ന്ന പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ വീതം നല്‍കുന്നതാണ്. എന്നാല്‍, കരുണാപുരം പഞ്ചായത്തിനു ഇതുവരെ പണം അനുവദിച്ചിട്ടില്ല. ഇടത്താവളത്തിലെ സൗകര്യം ഒരുക്കുന്നതിനായി പഞ്ചായത്ത് ഫണ്ടില്‍ നിന്നും തുക വകമാറ്റി ചെലവഴിച്ച് ഓഡിറ്റ് ഒബ്ജക്ഷന്‍ വന്നതോടെ പഞ്ചായത്തും വെട്ടിലായി. തമിഴ്‌നാട്ടില്‍ നിന്നും  വരുന്ന തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമാണ് കമ്പംമെട്ട്. മൂന്ന് ലക്ഷത്തിലധികം അയപ്പഭക്തരാണ് ഒരോ വര്‍ഷവും കമ്പംമെട്ടിലൂടെ വരുന്നത്.

RELATED STORIES

Share it
Top