കമലാക്ഷി ടീച്ചര്‍- കുടിയേറ്റ മേഖലയിലെ വിദ്യാഭ്യാസ വളര്‍ച്ചയുടെ മുന്നണിപ്പോരാളിപുല്‍പ്പള്ളി: മൂന്നു പതിറ്റാണ്ടുകാലം അധ്യാപികയായിരുന്ന പുല്‍പ്പള്ളി കമലാഭവനില്‍ കമലാക്ഷി ടീച്ചര്‍ക്ക് പറയാനുള്ളത് കുടിയേറ്റ മേഖലയുടെ വിദ്യാഭ്യാസ പുരോഗതിയുടെ ചരിത്രം. 1966ല്‍ വയനാട്ടിലെത്തിയതോടെയാണ് കമലാക്ഷി ടീച്ചറുടെ ജീവിതത്തിന് അവിചാരിതമായ മാറ്റം സംഭവിക്കുന്നത്. പൂതാടിയിലെ ബന്ധുവീട്ടില്‍ സമയം ചെലവഴിക്കാന്‍ കേവലമൊരു സന്ദര്‍ശനത്തിനു മാത്രമായി ഇവിടെയെത്തിയ കമലാക്ഷി ടീച്ചര്‍ പിന്നെ ചുരമിറങ്ങിയില്ല. അക്കാലത്ത് കുടിയേറ്റക്കാര്‍ എത്തിത്തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ബിരുദപഠനം പൂര്‍ത്തിയാക്കിയിരുന്ന കമലാക്ഷി നിനച്ചിരിക്കാതെ പുല്‍പ്പള്ളി മേഖലയില്‍ അക്കാലത്ത് ആകെയുണ്ടായിരുന്ന വിജയ സ്‌കൂളില്‍ മലയാളം അധ്യാപികയായി. 1968ല്‍ കോളേരി സ്വദേശി സി കെ രാഘവനെ വിവാഹം ചെയ്തതോടെ തന്റെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നുവെന്ന് കമലാക്ഷി ടീച്ചര്‍ പറയുന്നു. എസ്എന്‍ഡിപിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന രാഘവന്റെ മനസ്സില്‍, സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്നതായിരുന്നു ലക്ഷ്യം. ഒരധ്യാപികയെന്ന നിലയില്‍ കമലാക്ഷി ടീച്ചറുടെ പിന്തുണ കൂടിയായപ്പോള്‍ 1976ല്‍ കല്ലുവയലില്‍ ചെറിയൊരു കെട്ടിടത്തില്‍ ജയശ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പതിയെ ഈ വിദ്യാലയം ഹൈസ്‌കൂളായി ഉയര്‍ന്നു. പത്താം തരം കഴിഞ്ഞ് പഠിക്കാന്‍ പുല്‍പ്പള്ളി മേഖലയില്‍ മറ്റ് സ്‌കൂളുകളില്ലാത്തതിനാല്‍ ഇവിടെ പിന്നീട് പ്ലസ്ടു ആരംഭിച്ചു. സ്‌കൂള്‍ തുടങ്ങിയെങ്കിലും വിജയ സ്‌കൂളിലെ അധ്യാപനത്തില്‍ നിന്നു ടീച്ചര്‍ പിന്മാറിയില്ല. അവിടെ തന്നെ 1994 വരെ മലയാളം അധ്യാപികയായി തുടര്‍ന്നു. അതേവര്‍ഷം സി കെ രാഘവനെ രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ടീച്ചര്‍ ജയശ്രീയിലെത്തുന്നത്. അതേവര്‍ഷം ഡിസംബര്‍ 24ന് രാഘവന്‍ നിര്യാതനായതോടെ സ്‌കൂളിന്റെ ചുമതല ടീച്ചര്‍ ഏറ്റെടുത്തു. 12 ഏക്കര്‍ സ്ഥലത്ത് ആരംഭിച്ച സ്‌കൂള്‍ പിന്നീട് കലാ-കായികരംഗത്തും പഠനമികവിലും ജില്ലയിലെ തന്നെ മികച്ച സ്‌കൂളുകളിലൊന്നായി. സികെ രാഘവന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ ഭാഗമായി പിന്നീട് ടിടിസി, ബിഎഡ് കോഴ്‌സുകള്‍ കൂടി ആരംഭിച്ചു. മക്കളായ ശ്രീറാം സ്‌കൂള്‍ മാനേജരായും ജയരാജ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലായും പ്രവര്‍ത്തിക്കുന്നു. മകള്‍ ജയശ്രീ സയന്‍സ് അധ്യാപികയായി ഇതേ സ്‌കൂളില്‍ തന്നെയെത്തിയപ്പോള്‍ കമലാക്ഷി ടീച്ചറുടെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യത്തിലെത്തി. മൂന്നു വര്‍ഷം മുമ്പ് ആര്‍ട്‌സ് കോളജ് കൂടി ഈ സ്‌കൂളിന്റെ ഭാഗമായി ആരംഭിച്ചു. സയന്‍സ് കോഴ്‌സുകള്‍ കൂടി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നു.

RELATED STORIES

Share it
Top