കബനി നദിയില്‍ തോണി സര്‍വീസ് പുനരാരംഭിച്ചു

പുല്‍പ്പള്ളി: കബനിപ്പുഴയിലെ ബൈരക്കുപ്പയില്‍ ജനങ്ങളുടെ മുറവിളിയെത്തുടര്‍ന്ന് തോണി സര്‍വീസ് ആരംഭിച്ചു. ആഴ്ചകളായി കബനിയില്‍ തോണി സര്‍വീസ് ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തിലായിരുന്നു. മഴ കുറഞ്ഞതോടെ കബനി നദിയില്‍ ജലവിതാനം താഴ്ന്നിട്ടും തോണി സര്‍വീസ് ആരംഭിക്കാന്‍ പോലീസ് അനുമതി നല്‍കിയിരുന്നില്ല.
തുടര്‍ന്ന് ബൈരക്കുപ്പ പഞ്ചായത്ത് പ്രസിഡന്റ് തിരുപ്പതിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പോലിസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബൈരക്കുപ്പയില്‍ 10 യാത്രക്കാരെ മാത്രം കയറ്റി തോണി സര്‍വീസ് നടത്താന്‍ പോലിസ് അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച് ബൈരക്കുപ്പ പഞ്ചായത്ത് വയനാട് കലക്ടറുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. കബനിയിലെ തോണി സര്‍വീസ് പുനരാരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കടത്തുതോണിക്കാരും പുല്‍പ്പള്ളി പോലിസിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തോണി സര്‍വീസ് ആരംഭിക്കാന്‍ താല്‍ക്കാലികമായി അനുമതി നല്‍കിയത്. മഴ ശക്തമാവുകയും കബനി നദിയില്‍ ജലനിരപ്പ് ഉയരുകയും ചെയ്താല്‍ തോണി സര്‍വീസ് വീണ്ടും നിര്‍ത്തി വയ്ക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. തോണിയില്‍ കൂടുതല്‍ ആളുകളെ കയറ്റുന്നുണ്ടോയെന്ന് നോക്കുന്നതിനായി ഹോംഗാര്‍ഡിനെയും ഡ്യൂട്ടിക്കായി നിയമിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top