കഫീല്‍ ഖാന്‍ മോചിതനായി; താന്‍ നിര്‍വഹിച്ചത് ഒരു ഡോക്ടറുടെ കടമ

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നവജാത ശിശുക്കളടക്കം ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ എട്ടു മാസമായി ജയിലില്‍ കഴിയുന്ന ഡോ. കഫീല്‍ ഖാനു കോടതി ജാമ്യം അനുവദിച്ചു. ഡോ. ഖാന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായതായി പറയാന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു.
കഫീല്‍ ഖാന്‍ ജയിലിനു പുറത്തെത്തിയപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. പുറത്തു കാത്തുനിന്ന ഭാര്യയെയും മകനെയും കണ്ണീരോടെ അദ്ദേഹം കെട്ടിപ്പുണര്‍ന്നു. ഒരു പിതാവോ ഡോക്ടറോ യഥാര്‍ഥ ഇന്ത്യക്കാരനോ ചെയ്യുന്ന പ്രവൃത്തിയാണ് താന്‍ അന്ന് ചെയ്തതെന്ന് കഫീല്‍ ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുട്ടികളെ ചികിത്സിക്കുകയാണ് തന്റെ ജോലി. ഓക്‌സിജന്‍ തീര്‍ന്നപ്പോള്‍ കൂടുതല്‍ എത്തിക്കാനായി സാധ്യമായത് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എട്ടു മാസമായി തന്റെ കുടുംബം കടന്നുപോയ അവസ്ഥയെക്കുറിച്ച് നിങ്ങള്‍ക്കറിയാമല്ലോ എന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോടതി തനിക്കെതിരേ തെളിവുകളൊന്നുമില്ലെന്നു പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 25നു തന്നെ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മോചനം വൈകുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് അദ്ദേഹം ജയിലില്‍ നിന്നിറങ്ങിയത്. വിവിധ സംഘടനകള്‍ അദ്ദേഹത്തെ സ്വീകരിക്കാനായി ഒത്തുകൂടിയിരുന്നു. സംഭവത്തിലെ യഥാര്‍ഥ പ്രതികള്‍ ആരാണെന്നു ചോദിച്ചപ്പോള്‍, അതെല്ലാം താന്‍ നേരത്തെ അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ആശുപത്രിയില്‍ അധികൃതരുടെ വീഴ്ച കാരണം ഓക്‌സിജന്‍ നിലച്ചപ്പോള്‍ സ്വന്തം പണം ചെലവഴിച്ച് ഓക്‌സിജന്‍ എത്തിച്ചു കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു കഫീല്‍ ഖാന്‍. നൂറുകണക്കിനു കുട്ടികള്‍ക്കാണ് അദ്ദേഹം സ്വന്തം നിലയ്ക്ക് പ്രാണവായു എത്തിച്ചുനല്‍കിയത്. സംസ്ഥാനത്തെ വ്യത്യസ്ത നഴ്‌സിങ് ഹോമുകളില്‍ നിന്നാണ് അദ്ദേഹം ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഘടിപ്പിച്ചത്.
എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിച്ചതില്‍ ക്ഷുഭിതനായ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരേ പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നു. സ്വകാര്യ പ്രാക്ടീസ് നടത്തിയെന്ന് ആരോപിച്ച് സസ്‌പെന്റ് ചെയ്തതിനു പിന്നാലെയാണ് ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. 72 കുഞ്ഞുങ്ങളാണ് ഇവിടെ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിച്ചത്.

RELATED STORIES

Share it
Top