കപ്പ കൃഷിയില്‍ നൂറുമേനി കൊയ്ത് നാട്ടുകൂട്ടംകൊണ്ടോട്ടി: ഗ്രാമത്തിന്റെ കാര്‍ഷിക പാരമ്പര്യം വീണ്ടെടുക്കാന്‍ കൊണ്ടോട്ടി വെണ്ണേങ്കോട് പള്ളിയാളി ആനങ്ങാടി നാട്ടുകൂട്ടത്തിന്റെ കപ്പ കൃഷിക്ക് നൂറുമേനി വിളവ്. കൃഷിക്ക് തുടക്കമിട്ട സ്ഥലം എംഎല്‍എ ടി വി ഇബ്രാഹിം, കൊണ്ടോട്ടി നഗരസഭ ചെയര്‍മാന്‍ സി കെ നാടിക്കുട്ടി, കൗണ്‍സിലര്‍ പുലാശ്ശേരി മുസ്തഫ തുടങ്ങിയവര്‍ വിളവെടുപ്പിനുമെത്തി നാട്ടുകൂട്ടത്തിലെ കുടംബങ്ങള്‍ക്കുള്ള വിഹിതം വിതരണം ചെയ്തു. കൊണ്ടോട്ടി വെണ്ണേങ്കോട് പള്ളിയാളി ആനങ്ങാടി നാട്ടൂകൂട്ടം യുവ കൂട്ടായ്മയുടെ ൈജവ കാര്‍ഷിക ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കിയിരുന്നത്. പ്രദേശത്തെ നൂറിലേറെ കുടംബങ്ങള്‍ കൈകോര്‍ത്താണ് വിവിധ പച്ചക്കറി കൃഷി ആരംഭിച്ചത്. പച്ചക്കറികള്‍ നേരത്തെ വിളവെടുത്ത് കുടംബങ്ങളിലേക്ക് വിതരണം ചെയ്തിരുന്നു. ഇന്നലെ 130 കുടംബങ്ങള്‍ക്ക് കപ്പ വിതരണം ചെയ്തു. വെണ്ണേങ്കോട് പള്ളിയാളിയോട് ചേര്‍ന്നുള്ള നാല് ഏക്കര്‍ വയലിലാണ് പ്രദേശത്തെ നൂറിലേറെ കുടംബങ്ങള്‍ കൈകോര്‍ത്ത് വിവിധ പച്ചക്കറി കൃഷി ആരംഭിച്ചത്. കപ്പ, ചീര, വെണ്ട, ചിരങ്ങ, മത്തന്‍, കയ്പ്പ എന്നിവയാണ് കൃഷി ചെയ്തിരുന്നത്.  കുടംബങ്ങള്‍ക്കുള്ള കപ്പയുടെ വിഹിതവും പ്രദേശത്ത് നിന്നു എസ്എസ്എല്‍സി പരീക്ഷയില്‍ കൂടുതല്‍ വിഷയത്തില്‍ എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌നേഹോപഹാരവും സ്‌കൂള്‍ പഠനോപകരണങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. കൃഷിയിലേക്ക് യുവതലമുറയെ കൂട്ടികൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് നാട്ടുകൂട്ടം കൃഷിയിലേക്ക് ഇറങ്ങിയത്. ഒരോ വീട്ടുകാര്‍ക്കും പ്രത്യേക സ്ഥലം നല്‍കി കൃഷി മല്‍സരിച്ച് വിളവെടുപ്പിനാണ് ശ്രമിക്കുന്നത്. ഇല്ലിക്കല്‍ സിദ്ധീഖ്, ഐ സാധാകരന്‍, കുഞ്ഞിമുഹമ്മദ്, പി പി സലീം, പി പി ഹമീദ്, ടി വി മുഹമ്മദ്, യാഷിഖ്, ഇല്ലിക്കല്‍ ഷബീര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top