കപ്പേളയിലെ പെരുന്നാളിനിടയില്‍ പടക്കശേഖരത്തിന് തീ പിടിച്ച് ഒരു മരണം

അങ്കമാലി: കപ്പേളയിലെ പെരുന്നാളിന് പടക്കം പൊട്ടിക്കുന്നതിനിടെ പടക്കശേഖരത്തിന് തീ പിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന നാല് യുവാക്ക ള്‍ക്ക് പരിക്കേറ്റു. മാമ്പ്ര മുല്ലേപറമ്പന്‍ ഷാജുവിന്റെ മകന്‍ സൈമണ്‍ (23) ആണ് മരിച്ചത്. മാമ്പ്ര സ്വദേശികളായ മെല്‍ജോ പൗലോസ്  (35), സ്റ്റെഫിന്‍ ജോസ് ( 32),  ജസ്റ്റിന്‍ ജെയിംസ് (13), ജോയല്‍ ബിജു (12) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ ജസ്റ്റിന്‍ ജെയിംസ്, ജോയല്‍ ബിജു എന്നിവരുടെ പൊള്ളല്‍ ഗുരുതരമാണ്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ  അങ്കമാലിയിലെ സ്വകര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജസ്റ്റിനും ജോയലിനും  50 ശതമാനത്തിലേറേ പൊള്ളലേറ്റിട്ടുണ്ട്.
കറുകുറ്റി മാമ്പ്ര അസീസി നഗറിലെ കപ്പേളയിലെ തിരുന്നാളിനോടനുബന്ധിച്ച് കഴിഞ്ഞദിവസം രാത്രി 8.30ഓടെയാണ് സംഭവം.
റോഡിലിട്ട് പടക്കം പൊട്ടിക്കവേ ഈര്‍ക്കില്‍ പടക്കം തെറിച്ച് കപ്പേളയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അസീസി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ മുറിയില്‍ കൂട്ടിയിട്ടിരുന്ന വെടിക്കെട്ട് സാധനങ്ങളിലേക്ക് വീണതാണ് അപകടത്തിന് കാരണമായത്. കൂട്ടത്തിലുണ്ടായിരുന്നവരെ പടക്കം സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്ന് തള്ളിമാറ്റി തീ പടരാതെ മുറിയുടെ വാതില്‍ അടച്ചപ്പോള്‍ സൈമണ്‍ മുറികക്കത്ത് കുടങ്ങിയതാണ് മരിക്കാന്‍ കാരണമായത്. സംഭവമറിഞ്ഞ് ഫയര്‍ഫോഴ്‌സ്  എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാര്‍ തീയണച്ചിരുന്നു.
അപകടം സംബന്ധിച്ച്  അങ്കമാലി പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.  അപകടം ഉണ്ടാവാന്‍ ഇടവരുത്തിയ സാഹചര്യത്തെക്കുറിച്ചാണ് പ്രധാനമായും പോലിസ് അന്വേഷിക്കുന്നത്.
പടക്കം പൊട്ടിക്കുന്നതിന് നേതൃത്വം നല്‍കിയവരില്‍ നിന്ന് പോലിസ് മൊഴിയെടുക്കും. പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചതിനു ശേഷം അപകടത്തില്‍ മരണമടഞ്ഞ സൈമണിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഇന്നലെ വൈകീട്ട് 5.30ഓടെ സംസ്‌കാരം നടത്തി.
ഇന്നസെന്റ് എംപി, റോജി എം ജോണ്‍ എംഎല്‍എ, ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജ് സംഭവസ്ഥലം സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top