കപ്പിനും ചുണ്ടിനുമിടയില്‍ ഇനി നാലു കളികള്‍

മോസ്‌കോ: നിലവിലെ ചാംപ്യന്‍മാര്‍ക്കും ആഫ്രിക്കന്‍ കരുത്തരുടെയും കാലിടറലിനു സാക്ഷ്യം വഹിച്ച ആദ്യ റൗണ്ട് മല്‍സരങ്ങള്‍ക്കു സമാപനം. ഇനി നാലു കളികളില്‍ തുടര്‍ച്ചയായി ജയിക്കുന്ന ടീമിന് 21ാമത് ലോകകപ്പിന്റെ കനകസിംഹാസനം സ്വന്തം.  റഷ്യന്‍ ലോകകപ്പിന്റെ ആവേശകരമായ പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആകെയുള്ള എട്ട് പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ ആദ്യത്തെ രണ്ടെണ്ണത്തിന് ഇന്നു തുടക്കമാവും. 36 മല്‍സരങ്ങളാണ് ഇതുവരെ അവസാനിച്ചത്. ഇനി പ്രധാന ടൂര്‍ണമെന്റില്‍ 15 മല്‍സരങ്ങളും മൂന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മല്‍സരവും മാത്രമാണുളളത്. ഇന്ത്യന്‍ സമയം രാത്രി  7.30ന് നടക്കുന്ന ആദ്യ പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ കിരീട ഫേവറിറ്റുകളായ അര്‍ജന്റീനയും ഫ്രാന്‍സും ഏറ്റുമുട്ടും. രാത്രി 11.30ന് നടക്കുന്ന രണ്ടാം പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ പോര്‍ച്ചുഗലും ഉറുഗ്വേയും മുഖാമുഖമെത്തും. ആദ്യ ക്വാര്‍ട്ടറില്‍ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയും ഫ്രഞ്ച് സൂപ്പര്‍താരം പോള്‍ പോഗ്ബയും മുഖാമുഖമെത്തുമ്പോള്‍ രണ്ടാം പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഉറുഗ്വന്‍ സ്റ്റാര്‍സ്‌ട്രൈക്കര്‍ ലൂയിസ് സുവാറസും ഏറ്റുമുട്ടും. താരരാജാക്കന്‍മാര്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്ന ഈ മല്‍സരങ്ങള്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ ആവേശഭരിതരാക്കും. അര്‍ജന്റീനയ്ക്കു പ്രീ ക്വാര്‍ട്ടറില്‍ 1998ലെ ചാംപ്യന്‍മാരായ ഫ്രാന്‍സാണ് എതിരാളികള്‍. ഇതില്‍ ജയിച്ചാല്‍ ക്വാര്‍ട്ടറില്‍ ഉറുഗ്വേ പോര്‍ച്ചുഗല്‍ മല്‍സരത്തിലെ വിജയികളെ നേരിടും. പോര്‍ച്ചുഗലാണ് വരുന്നതെങ്കില്‍ മെസ്സി-ക്രിസ്റ്റ്യാനോ പോരാട്ടത്തിന് ഈ കളി വഴിയൊരുക്കും. ജയിച്ചാല്‍ അര്‍ജന്റീന സെമിയിലെത്തും.
ഇന്നു മുതല്‍ ചൊവ്വാഴ്ച്ച വരെ ഇനി പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങളാണ്. അടുത്ത വെള്ളിയും ശനിയും ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍. 10, 11 തിയ്യതികളിലായി സെമി മല്‍സരങ്ങളും നടക്കും. 15നു ലുസ്‌നികി സ്‌റ്റേഡിയത്തില്‍ കലാശ പോരാട്ടവും നടക്കും. എട്ടു പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങളുടെ ആദ്യ പകുതിയിലാണു കടലാസിലെ ശക്തരായ ടീമുകളില്‍ മിക്കതും. ഉറുഗ്വേയും പോര്‍ച്ചുഗലും ഫ്രാന്‍സും അര്‍ജന്റീനയും സ്‌പെയിനുമെല്ലാം വരുന്നത് ഇവിടെത്തന്നെ. ബ്രസീലും ഇംഗ്ലണ്ടും മാത്രമാണു രണ്ടാം പകുതിയിലെ കരുത്തര്‍. ക്വാര്‍ട്ടര്‍ തീരുന്നതോടെ പ്രീ ക്വാര്‍ട്ടറിലെ രണ്ടു പകുതികള്‍ എന്ന വ്യത്യാസം മാഞ്ഞുപോവും. അങ്ങനെയാണു ജയിച്ചുകയറിയാല്‍ സെമിഫൈനലിലേക്ക് അര്‍ജന്റീന-ബ്രസീല്‍ എന്ന സാധ്യതയിലേക്ക് എത്തുന്നത്. അങ്ങനെ വന്നാല്‍ ജൂലൈ 10ന് നടക്കുന്ന ആദ്യ സെമിയില്‍ ബ്രസീല്‍ അര്‍ജന്റീനയുമായി കൊമ്പുകോര്‍ക്കും. പക്ഷേ, അപ്പോഴേക്കും മെസ്സിക്കും സംഘത്തിനും രണ്ടു കളികളിലായി അരിഞ്ഞുവീഴ്‌ത്തേണ്ടി വരുന്നതു ഫ്രാന്‍സും ഉറുഗ്വേയും അടക്കമുള്ള മുന്‍ ലോക ചാംപ്യന്‍മാരെയോ അല്ലെങ്കില്‍ ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലിനെയോ ആയിരിക്കും.
ആദ്യകളിയില്‍ ജര്‍മനിയെ അട്ടിമറിച്ച മെക്‌സിക്കോയാണു പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിനെ കാത്തിരിക്കുന്നത്. ജയിച്ചാല്‍ ക്വാര്‍ട്ടറില്‍ ഒരു പക്ഷേ, ബെല്‍ജിയത്തെയോ, ഇംഗ്ലണ്ടിനെയോ നേരിടേണ്ടിവരും. അതും കടന്നാല്‍ സെമിയില്‍ അര്‍ജന്റീനയെ നേരിടേണ്ടി വന്നേക്കാം.
2010ലെ ചാംപ്യന്‍മാരായ സ്‌പെയിനിന് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാണ്. റഷ്യയാണു പ്രീ ക്വാര്‍ട്ടറില്‍ എതിരാളികള്‍. ജയിച്ചാല്‍ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയെയോ, ഡെന്‍മാര്‍ക്കിനെയോ നേരിടേണ്ടിവരും. ജയിച്ചാല്‍ സെമിയില്‍ ഇംഗ്ലണ്ടോ,  ബെല്‍ജിയമോ പോലുള്ള ടീമുകളെ നേരിടാം. ഈ സാധ്യതകളെല്ലാം ഒത്തുവന്നാല്‍ ജൂലൈ 15നു ബ്രസീല്‍-സ്‌പെയിന്‍ ഫൈനലോ, അര്‍ജന്റീന-സ്‌പെയിന്‍ ഫൈനലോ സംഭവിച്ചേക്കാം. ജര്‍മനിയുടെ ആദ്യ റൗണ്ടിലെ ദുരന്തം പോലുള്ളവ പ്രീ ക്വാര്‍ട്ടറിലും സംഭവിച്ചാല്‍ എല്ലാ കണക്കും പിഴയ്ക്കും. ഒരു പക്ഷേ, ലോകകപ്പിനു തന്നെ ഒരു പുതിയ അവകാശി വന്നേക്കാം.
ലോകകപ്പ് പ്രീ ക്വാര്‍ട്ടറിന് മുന്നിലെത്തി നില്‍ക്കുമ്പോള്‍ കളിയാരാധകരുടെ ആകാംക്ഷകള്‍ക്കൊത്തു പ്രവചനങ്ങളും ബെറ്റിങുമെല്ലാം പൊടിപൊടിക്കുകയാണ്.

RELATED STORIES

Share it
Top