കപ്പല്‍ കവര്‍ന്നത് നിര്‍ധനകുടുംബങ്ങളുടെ ജീവിത പ്രതീക്ഷകള്‍കൊച്ചി: കുടുംബത്തിന്റെ വറുതിമാറ്റുവാന്‍ കടലമ്മയുടെ കനിവുതേടി യാത്രയാവുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് ഒടുവില്‍ ബാക്കിയാകുന്നത് പ്രാരബ്ധങ്ങളുടെ കണക്കുകള്‍ മാത്രം. കൊച്ചിയില്‍ കഴിഞ്ഞ ദിവസം ആബര്‍ എല്‍ എന്ന ചരക്കുകപ്പല്‍ ബോട്ടിലിടിച്ച് മരിച്ച രണ്ട് മല്‍സ്യത്തൊഴിലാളികളുടെ കാര്യവും വിഭിന്നമല്ല. തമിഴ്‌നാട് കുളച്ചല്‍ സ്വദേശി ആന്റണി ജോണ്‍ (തമ്പി ദുരൈ- 45), അസം സ്വദേശി രാഹുല്‍ ദാസ് (24) എന്നിവരാണ് കഴിഞ്ഞ ദിവസം പുറംകടലില്‍,  ബോട്ടിലേക്ക് കപ്പല്‍ പാഞ്ഞുകയറി മരണത്തിന് കീഴടങ്ങിയത്. അപകടത്തില്‍ അസം സ്വദേശി മോത്തി ദാസിനെ കാണാതാവുയും ചെയ്തു. ഇതില്‍ ആന്റണി സീസണില്‍ മാത്രമാണ്  മല്‍സ്യബന്ധന ജോലിയില്‍ ഏര്‍പ്പെടുന്നത്. സീണില്‍ നാട്ടില്‍ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ വരുമാനം കൊച്ചി കേന്ദ്രീകരിച്ചുള്ള ഹാര്‍ബറുകളില്‍ നിന്ന് ലഭിക്കും. വെള്ളിയാഴ്ച  മീന്‍പിടിത്തം കഴിഞ്ഞ്  തിരിച്ചെത്തിയാല്‍ ലഭിക്കുന്ന വരുമാനംകൊണ്ട് നാട്ടിലേക്ക് യാത്രയാകുവാനായിരുന്നു ആന്റണിയുടെ ലക്ഷ്യം. എന്നാല്‍, വിദേശകപ്പല്‍ നിയന്ത്രണം തെറ്റി ഇടിച്ച് തകര്‍ത്തത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളത്രയുമയാണ്. ഭാര്യയും നാല് മക്കളുമടങ്ങുന്ന നിര്‍ധനകുടുംബത്തിന്റെ ഏക ആശ്രയമാണ് ആന്റണി. സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷംകൊണ്ട് അഞ്ച് പേരടങ്ങുന്ന ഈ കുടുംബം എങ്ങനെ ജീവിതം തള്ളിനീക്കുമെന്ന് പിന്നീട് അന്വേഷണമുണ്ടാവുന്നില്ല. വിദ്യാര്‍ഥികളായ മക്കളുടെ പഠിപ്പ്, മറ്റു ചെലവുകള്‍ എല്ലാം ചേരുമ്പോള്‍ പ്രതിമാസം പതിനായിരത്തിലേറെ രൂപ വേണം ആന്റണിയുടെ കുടുംബത്തിന്. സീസണ്‍ തീര്‍ന്നു കഴിഞ്ഞാല്‍ മറ്റു ജോലികളില്‍ ഏര്‍പ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് പതിവ്. നാളെ മുതല്‍ ട്രോളിങ് നിരോധനവും ഏര്‍പ്പെടുത്തുന്നതോടെ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ആന്റണി ജോണ്‍. അപ്രതീക്ഷിതമായി എത്തിയ ദുരന്തം ജീവന്‍ കവര്‍ന്നപ്പോള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയ സഹോദരന്‍ ഡെസ്റ്റിനാണ് ആന്റണിയുടെ ജീവിതകഥ തേജസിനോട് പങ്കുവച്ചത്. നാട്ടിലെത്തിക്കുന്ന മൃതദേഹം ഇന്ന് സംസ്‌കരിക്കുമെന്നും ഡെസ്റ്റിന്‍ പറഞ്ഞു. അസം സ്വദേശിയുടെ അവസ്ഥയും ഇതുതന്നെ. വര്‍ഷങ്ങള്‍ക്ക് മുമ്പു കേരളത്തിലെത്തി മല്‍സ്യബന്ധനം നടത്തി ജീവിക്കുന്ന അനേകം ഇതര സംസ്ഥാന തൊഴിലാളികളിലൊരാളാണ് രാഹുല്‍ ദാസ്. കൊച്ചിയിലെത്തി മല്‍സ്യബന്ധന മേഖലയില്‍ ഏര്‍പ്പെട്ടതോടെ ജീവിച്ചുപോവാനുള്ള ചുറ്റുപാടുണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലായിരുന്നു രാഹുല്‍. എന്നാല്‍, ക്ഷണനേരംകൊണ്ട് ഇതെല്ലാം തകര്‍ന്നടിഞ്ഞു. അപകടത്തില്‍ കാണാതായ മോത്തി ദാസിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ദുരന്തത്തെ അതിജീവിച്ച് മോത്തി ദാസ് തിരിച്ചെത്തുമെന്ന് വിശ്വസിക്കുവാനാണ് നാട്ടിലെ സുഹൃത്തുക്കള്‍ക്കിഷ്ടം. പ്രാരാബ്ധങ്ങള്‍ ചുമലിലേറ്റിയ നിരവധി മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇതിനു മുമ്പും ആഴക്കടലില്‍ ജീവന്‍ പൊലിഞ്ഞിട്ടുണ്ട്. അവര്‍ക്കായി സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇനിയും അര്‍ഹതപ്പെട്ട കൈകളില്‍ എത്തിയിട്ടില്ല. ഇന്ത്യക്ക് കോടികണക്കിന് രൂപയുടെ വിദേശനാണ്യം നേടിത്തരുന്നതില്‍ മല്‍സ്യമേഖല വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നിട്ടും ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മിച്ചമായി ലഭിക്കുന്നത് ഏറെ കടങ്ങളും രോഗാതുരമായ വാര്‍ധക്യവും മാത്രം.

RELATED STORIES

Share it
Top