കപ്പലിടിച്ച് ബോട്ട് തകര്‍ന്ന സംഭവം : മല്‍സ്യത്തൊഴിലാളിക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചുകൊച്ചി: പുറംകടലില്‍ കപ്പലിടിച്ച് ബോട്ട് തകര്‍ന്ന് കാണാതായ മല്‍സ്യത്തൊഴിലാളിയെ കണ്ടെത്താനുള്ള തിരച്ചില്‍ അവസാനിപ്പിച്ചു.  ഈ മാസം 11ന് പുറങ്കടലില്‍ മല്‍സ്യബന്ധനം നടത്തിവന്നിരുന്ന കാര്‍മല്‍ മാതാ എന്ന ബോട്ടില്‍ അംബര്‍ എല്‍ എന്ന വിദേശ ചരക്കുകപ്പലിടിച്ച് ബോട്ട് തകരുകയും അസം സ്വദേശി രാഹുല്‍ കുമാര്‍ ദാസ് (24), തമിഴ്‌നാട് കുളച്ചല്‍ സ്വദേശി ആന്റണി ജോണ്‍(തമ്പിദുരൈ- 45) എന്നിവര്‍ മരിക്കുകയും അസം സ്വദേശി മോത്തി ദാസി(27)നെ കാണാതാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് മോത്തിദാസിനായി തിരച്ചില്‍ നടത്തിവരികയായിരുന്നുവെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിയാതെവന്നതോടെയാണു തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. തീരദേശ പോലിസ്, കോസ്റ്റ് ഗാര്‍ഡ്, നാവികസേന എന്നിവയുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍. സംഭവം—നടന്ന് എട്ടുദിവസം പിന്നിട്ടതും കടലിലെ പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് തടസ്സമുണ്ടാക്കിയിരുന്നു. മോത്തിയെ കണ്ടെത്താനായില്ലെന്നു കാണിച്ച് കോടതിയില്‍ റിപോര്‍ട്ട് നല്‍കുമെന്നും ഇക്കാര്യം കേസ് രജിസ്റ്ററില്‍—ഉള്‍പ്പെടുത്തുമെന്നും സിഐ ടി എം വര്‍ഗീസ് പറഞ്ഞു. പുറംകടലില്‍ മല്‍സ്യബന്ധനത്തിനുപോയ പള്ളുരുത്തി സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള കാര്‍മല്‍ മാതാ എന്ന ബോട്ടാണ് പാനമ രജിസ്‌ട്രേഷനുള്ള അംബര്‍ എല്‍ കപ്പല്‍ ഇടിച്ചു തകര്‍ത്തത്. 14 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 11 പേരെ മറ്റ് ബോട്ടുകാര്‍ രക്ഷപ്പെടുത്തി. അപകടത്തിനു ശേഷം നിര്‍ത്താതെപോയ കപ്പല്‍ കോസ്റ്റ്ഗാര്‍ഡിന്റെയും തീരദേശ പോലിസിന്റെയും സഹായത്തോടെ പിടികൂടുകയായിരുന്നു.വൊയേജ് ഡാറ്റാ റിക്കാര്‍ഡര്‍(വിഡിആര്‍), ലോഗ് ബുക്ക്, നൈറ്റ് ഓര്‍ഡര്‍ ബുക്ക്, ബെല്‍ ബുക്ക്, ജിപിഎസ് ചാര്‍ട്ട്, ജിപിഎസ് ലോഗ് ബുക്ക്, നാവിഗേഷന്‍ ചാര്‍ട്ട് എന്നിവ പരിശോധിച്ചശേഷമാണു പ്രാഥമിക റിപോര്‍ട്ട് തയ്യാറാക്കിയത്.  അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ കപ്പല്‍ ജീവനക്കാരെ കസ്റ്റഡിയിലെടുക്കാന്‍ കഴിയുകയുള്ളൂവെന്നു ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് അജിത്കുമാര്‍ സുകുമാരന്‍ പറഞ്ഞു.

RELATED STORIES

Share it
Top