കന്റോണ്‍മെന്റിലെ കടകളുടെ ലേലം വ്യാപാരികള്‍ തടഞ്ഞു

കണ്ണൂര്‍: കന്റോണ്‍മെന്റ് പരിധിയിലെ 35 കടകള്‍ ഒഴിപ്പിക്കാനുള്ള പട്ടാളത്തിന്റെ നീക്കത്തിനെതിരേ സമരം ശക്തമാക്കി വ്യാപാരികള്‍. കന്റോണ്‍മെന്റ് സിഇഒവിനോദ് വിഘ്‌നേശ്വറിന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ലേല നടപടികള്‍ വ്യാപാരികള്‍ സംഘടിതമായി തടഞ്ഞു.
പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണുന്നതിന് ഉടന്‍ കന്റോണ്‍മെന്റ് ബോര്‍ഡ് യോഗം വിളിക്കാന്‍ പി കെ ശ്രീമതി എംപി നിര്‍ദേശം നല്‍കി. ഹൈക്കോടതിയുടെ സ്‌റ്റേ നിലനില്‍ക്കെ രാവിലെ 10ഓടെയാണ് കന്റോണ്‍മെന്റ് സിഇഒ ലേലനടപടികള്‍ ആരംഭിച്ചത്. എന്നാല്‍ ലേലം നടത്താന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് വ്യാപാരികള്‍ കന്റോണ്‍മെന്റ് ഓഫിസ് പരിസരത്ത് നിലയുറപ്പിച്ചു. ലേലത്തില്‍ പങ്കെടുക്കാനെത്തിയവരെ പിന്തിരിപ്പിക്കാനും ശ്രമിച്ചു. ഇതോടെ ലേലം കൊള്ളാനെത്തിവര്‍ പരാതിയുമായി രംഗത്തെത്തി. രാവിലെ എത്തിവരെ പോലിസിന്റെ ഇടപെടലില്‍ കവാടത്തിലൂടെ കടത്തിവിട്ടിരുന്നു. എന്നാല്‍ ഉച്ചയോടെ എത്തിയവരെ വ്യാപാരികള്‍ തടഞ്ഞുവച്ചു. 25000 രൂപയുടെ ഡിഡി എടുത്ത് വന്നവരായിരുന്നു പലരും. സ്ഥലത്തെത്തിയ പി കെ ശ്രീമതി എംപി ലേലനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിഇഒ ആദ്യം നിരസിച്ചു. അരമണിക്കൂര്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. തുടര്‍ന്ന് കന്റോണ്‍മെന്റ് ഓഫിസിന് പുറത്തെത്തിയ എംപി, നിലവിലുള്ള കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഒറ്റക്കെട്ടായി കുത്തിയിരിപ്പ് സമരം നടത്തുമെന്നും മുന്നറിയിപ്പ് നല്‍കി. ഉച്ചയ്ക്ക് 1.30ഓടെ കമാന്‍ഡന്റ് അജയ് ശര്‍മ സ്ഥലത്തെത്തി ലേലനടപടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അടച്ചിട്ട കടകള്‍ തുറന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സിഐ കെ വി പ്രമോദിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹം എത്തിയിരുന്നു. ഇതിനിടെ എംപിയുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു.
കന്റോണ്‍മെന്റ് ബോര്‍ഡ് യോഗത്തിലെ അജണ്ടയെക്കുറിച്ച് എംപിയെയോ ജില്ലയുടെ ചുമതലയുള്ള മന്ത്രിയേയോ അറിയിച്ചിരുന്നില്ലെന്ന് ശ്രീമതി വെളിപ്പെടുത്തി.  30 വര്‍ഷത്തിലധികമായി പ്രദേശത്ത് കച്ചവടം നടത്തുന്നവരെ വഴിയാധാരമാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും എംപി കൂട്ടിച്ചേര്‍ത്തു. വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍ ഏരിയാ കമ്മിറ്റി പ്രസിഡന്റ് കെ വി സലീം അധ്യക്ഷത വഹിച്ചു. നേതാക്കളായ വി ഗോപിനാഥ്, രാജന്‍, എം എ ഹമീദ് ഹാജി, പങ്കജവല്ലി, പി എം സുഗുണന്‍, ചാക്കോ മുല്ലപ്പള്ളി, എം എ ഹമീദ് ഹാജി സംസാരിച്ചു.

RELATED STORIES

Share it
Top