കന്യാസ്ത്രീ സമരവും സിപിഎമ്മും

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത് വൈകിയെത്തിയ ആശ്വാസമാണ്; തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നുമുള്ള ആവശ്യമുയര്‍ത്തി എറണാകുളം ഹൈക്കോടതിക്കടുത്ത് തെരുവില്‍ കന്യാസ്ത്രീകള്‍ നടത്തിവന്ന ഐതിഹാസിക സമരത്തിന്റെ ആദ്യഘട്ട വിജയവും. നീതി ഉറപ്പാക്കാന്‍ ഇനിയും ഏറെദൂരം പോവേണ്ടതുണ്ട്. പോലിസിന്റെയും അതിനെ നയിക്കുന്ന ഗവണ്‍മെന്റിന്റെയും ആത്മാര്‍ഥമായ കഠിന പ്രയത്‌നത്തിലൂടെ മാത്രമേ അതു സാധ്യമാക്കാനാവൂ. ഭരണം നയിക്കുന്ന മുഖ്യകക്ഷിയായ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരസ്യനിലപാട് പക്ഷേ ആശങ്ക വര്‍ധിപ്പിക്കുന്നു. കന്യാസ്ത്രീ സമരത്തിനെതിരേ വ്യാഴാഴ്ച നടത്തിയ പ്രസ്താവനയും പാര്‍ട്ടി മുഖപത്രത്തില്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനവും നോക്കുക. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള സമരങ്ങളോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചുപോന്നതും സ്വീകരിക്കേണ്ടതുമായ നിലപാടുകളെ തള്ളിക്കളയുന്നതാണ് സംസ്ഥാന സെക്രട്ടറിയുടെ ഇടപെടല്‍.
ഡിവൈഎഫ്‌ഐയുടെ തിരുവനന്തപുരം യൂത്ത് സെന്റര്‍ ഉദ്ഘാടനം ചെയ്യവെയാണ് കന്യാസ്ത്രീകളുടെ സമരകോലാഹലത്തിന് ദുരുദ്ദേശ്യമുണ്ടെന്നു കോടിയേരി ആക്ഷേപിച്ചത്. ദുഷ്ട ഉദ്ദേശ്യമോ ചീത്ത ലക്ഷ്യമോ ഉണ്ടെന്നാണു പറഞ്ഞതിന്റെ പച്ചമലയാളം. കന്യാസ്ത്രീകളുടെ സമരം 14ാം ദിവസത്തിലേക്കു കടന്നപ്പോഴാണ് അന്വേഷണ ഏജന്‍സിയെ നയിക്കുന്ന, ഗവണ്‍മെന്റിനെ ഭരിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ മുന്നറിയിപ്പ്. അതാവട്ടെ രണ്ടുദിവസത്തെ ചോദ്യംചെയ്യലില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണമായും ബോധ്യപ്പെട്ട സന്ദര്‍ഭത്തില്‍.
സാധാരണഗതിയില്‍ പോലിസ് മേധാവിയില്‍ നിന്നും ഭരണനേതൃത്വത്തില്‍ നിന്നും പച്ചക്കൊടി കിട്ടേണ്ട അതിനിര്‍ണായക ഘട്ടത്തിലാണ് കന്യാസ്ത്രീ സമരത്തിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ പാര്‍ട്ടി നേതാവ് തള്ളിപ്പറഞ്ഞത്. മുഖ്യമന്ത്രി സ്ഥലത്തില്ലാതിരിക്കുക, മന്ത്രിസഭാ യോഗം ചേരുമ്പോള്‍ അധ്യക്ഷത വഹിക്കാന്‍ മാത്രം ഒരു മന്ത്രിക്ക് (ഇ പി ജയരാജന്) ചുമതല നല്‍കുക, പോലിസിന് നയപരമായ നിര്‍ദേശം കൊടുക്കാന്‍ ഭരണനേതൃത്വത്തില്‍ ഒരാളില്ലെന്നു വരുക, അറസ്റ്റ് സംബന്ധിച്ച് ഡിജിപിയും അന്വേഷണസംഘവും രണ്ടുതട്ടിലാവുക, മുഖ്യമന്ത്രി തിരിച്ചെത്തി സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തിയിട്ടു മതി അറസ്റ്റ് കാര്യത്തില്‍ തീരുമാനമെന്ന് പോലിസ് നേതൃത്വത്തില്‍ രണ്ടഭിപ്രായമുയരുക, അന്വേഷണത്തില്‍ സഹകരിക്കുകയും ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കുകയും ചെയ്ത സ്ഥിതിയില്‍ അറസ്റ്റും കസ്റ്റഡിയും നിയമവിരുദ്ധമെന്ന് ബിഷപ് തന്നെ വാദിക്കുക; ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. അറസ്റ്റ് വൈകിച്ചുകൂടെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ ഓഫിസും നിലപാടെടുത്തു.
ഈ വസ്തുതയെല്ലാം പരിശോധിച്ചുകൊണ്ടാണ് കന്യാസ്ത്രീ സമരത്തിനെതിരായ തന്റെ പ്രസ്താവനയെ വീണ്ടും ന്യായീകരിച്ചും വിശദീകരിച്ചും വെള്ളിയാഴ്ചത്തെ മുഖപത്രത്തില്‍ കോടിയേരി നിലപാട് ആവര്‍ത്തിച്ചത്: ''കന്യാസ്ത്രീകളുടെ സമരത്തെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നു. സമരത്തിന്റെ മറവില്‍ സര്‍ക്കാരിനും സിപിഎമ്മിനുമെതിരേ രാഷ്ട്രീയവിദ്വേഷം പരത്തുന്നു. അതിനായി കന്യാസ്ത്രീ സമരത്തെ ചില രാഷ്ട്രീയശക്തികള്‍ ഹൈജാക്ക് ചെയ്യുന്നു.''–അതിന്റെ അപകടം തിരിച്ചറിയണമെന്നാണ് കോടിയേരി മുന്നറിയിപ്പു നല്‍കിയത്.
കോടിയേരിയുടെ ലേഖനം പുറത്തുവന്നതോടെ പോലിസിന്റെ തലപ്പത്ത് ആശയക്കുഴപ്പം രൂക്ഷമായി. ചോദ്യംചെയ്യല്‍ മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് ബിഷപ്പിനെ മാറ്റിയത് അറസ്റ്റ് ചെയ്യാനായിരുന്നു. ആ വിവരം അന്വേഷണസംഘത്തിന്റെ മേധാവികള്‍ ബിഷപ്പിനെ അറിയിച്ചു. ഔദ്യോഗിക വസ്ത്രങ്ങള്‍ മാറ്റി വേറെ ധരിപ്പിച്ചു. എന്നിട്ടും അറസ്റ്റ് കാത്ത് ബിഷപ്പിന് ഇരിക്കേണ്ടിവന്നു. ബിഷപ്പിനെതിരായ കേസില്‍ പോലിസ് സ്വീകരിക്കേണ്ട അടിയന്തര നടപടികളെകുറിച്ച് സംസ്ഥാനത്തെ പാര്‍ട്ടി സെക്രട്ടറിയും മന്ത്രിമാരും തമ്മിലുള്ള അഭിപ്രായഭിന്നതയും രൂക്ഷമായി പുറത്തുവന്നു. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണ്. കോടിയേരിയുടെ നിലപാട് അദ്ദേഹത്തോടു ചോദിക്കണം എന്നാണ് ഇ പി ജയരാജന്‍ പറഞ്ഞത്. അന്വേഷണം കൃത്യമായ ദിശയിലാണ്. തെറ്റുചെയ്തവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും.
വര്‍ഗീയലക്ഷ്യത്തോടെയാണ് സമരമെന്നു കരുതുന്നില്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സമരത്തിന്റെ ലക്ഷ്യമാണു പ്രധാനം. കന്യാസ്ത്രീയായി ജീവിക്കാനുള്ള അവകാശത്തിനാണു സമരം. പൗരോഹിത്യം പെണ്ണുങ്ങളെ കൈകാര്യം ചെയ്യാനുള്ള അധികാരമല്ല. ഭരണനേതൃത്വത്തിലെ ഈ ഭിന്നത മൂര്‍ച്ഛിച്ചതോടെ അറസ്റ്റ് നീണ്ടു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ഉറച്ച നിലപാടും കന്യാസ്ത്രീ സമരത്തിനനുകൂലമായി ഉയര്‍ന്ന പൊതുവികാരത്തില്‍ സര്‍ക്കാരിന്റെ വിശ്വാസ്യത ഒലിച്ചുപോവുന്നതും മനസ്സിലാക്കി അറസ്റ്റിന് ഭരണനേതൃത്വത്തില്‍നിന്ന് രാത്രി എട്ടുമണിയോടെ പച്ചക്കൊടി കാണിക്കുകയായിരുന്നു.
കോടിയേരി സിപിഎം പോളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമൊക്കെ ആയിട്ടുണ്ടെങ്കിലും ഈ ബലാല്‍സംഗക്കേസിനെ പോലിസിന്റെ തെളിവെടുപ്പുമായി ബന്ധപ്പെടുത്തി മുന്‍ പോലിസ് മന്ത്രിയുടെ മട്ടിലാണു കാണുന്നത്. അന്വേഷണം ശരിയായവിധത്തിലാണെന്ന ഹൈക്കോടതി വിധി പൊക്കിക്കാണിച്ചാണ് അറസ്റ്റ് വൈകിച്ചതിനെ ന്യായീകരിക്കുന്നത്. അദ്ദേഹം കേസിന്റെ നാലുവര്‍ഷത്തെ പഴക്കത്തെക്കുറിച്ചു മാത്രമേ വേവലാതിപ്പെടുന്നുള്ളൂ.
സഭാവിശ്വാസത്തിന്റെ തടവുമുറികളില്‍ കഴിഞ്ഞുപോന്ന കന്യാസ്ത്രീ ബലാല്‍സംഗം നേരിട്ടപ്പോള്‍ അക്രമിയുടെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ഥിച്ചും ആത്മാഭിമാനവും തന്റെയും സഭയുടെയും വിശ്വാസവും സംരക്ഷിക്കാന്‍ വത്തിക്കാനില്‍ വരെ സഭയുടെ വാതിലുകളിലെല്ലാം മുട്ടിയും പിന്നിട്ട കാലത്തെക്കുറിച്ചല്ല, അവര്‍ സഹിച്ച കൊടും വേദനയെയും അപമാനത്തെയും കുറിച്ചല്ല, സഭ പുലര്‍ത്തുന്ന ക്രൂരമായ മൗനത്തെക്കുറിച്ചുമല്ല വേവലാതിപ്പെട്ടത്.
ഗതികെട്ടാണ് കന്യാസ്ത്രീ അവസാന പ്രതീക്ഷയെന്ന നിലയില്‍ പൗരോഹിത്യത്തിന്റെ പുരുഷമേധാവിത്വത്തിന് അടിയറപറയാന്‍ തയ്യാറാവാതെ സഭയ്ക്കു പുറത്ത് നിയമപാലകര്‍ക്കു മുമ്പില്‍ പരാതി കൊടുത്തത്. അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി പറഞ്ഞത് കോടിയേരി കേമമായി ചൂണ്ടിക്കാട്ടുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചുകഴിഞ്ഞെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി അങ്ങനെ പ്രതികരിച്ചത്.
കോടതിയിലെ നിലപാടനുസരിച്ച് ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയുമായിരുന്നു പിന്നീട് പോലിസ് ചെയ്യേണ്ടിയിരുന്നത്; കോടിയേരി പറയുന്ന കൈയാമം മാറ്റിവയ്ക്കുകയായിരുന്നില്ല. ബിഷപ് സഭയുടെ വന്‍ സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷിമൊഴികള്‍ തിരുത്തിക്കാനുമാണ് ഈ നീണ്ട ഇടവേള ഉപയോഗിച്ചത്. തനിക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങളും പോലിസ് ശേഖരിച്ച തെളിവുകളും മനസ്സിലാക്കി അത് മറികടക്കാനുള്ള നിയമോപദേശവും സഹായവും ഉറപ്പാക്കുകയാണു ചെയ്തത്. അറസ്റ്റ് നീട്ടിക്കൊണ്ടുപോയി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊടുക്കാനുള്ള സാഹചര്യം ബിഷപ്പിന് ലഭിച്ചു. ആരോപണമുന്നയിച്ച കന്യാസ്ത്രീക്കും അവര്‍ക്ക് ധാര്‍മികവും വിശ്വാസപരവുമായ പിന്തുണ നല്‍കി പ്രശ്‌നം പൊതുസമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ച കന്യാസ്ത്രീകള്‍ക്കുമെതിരേ ഭീഷണി മുഴക്കാനും സ്വാധീനിച്ച് കേസ് പൊളിക്കാനുമാണ് ഈ അവസരം ഉപയോഗപ്പെടുത്തിയത്; ചോദ്യംചെയ്യലില്‍ സഹകരിച്ചതോടെ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നും കസ്റ്റഡിയില്‍ വയ്‌ക്കേണ്ട ആവശ്യമില്ലെന്നും ജാമ്യം നല്‍കിയേ തീരൂ വെന്നും നിലപാടെടുക്കാനാണ്.
സമൂഹത്തിലെ ഏറ്റവും പരിശുദ്ധരും സംഘശക്തിയുടെ പിന്‍ബലമില്ലാത്തവരുമാണ് ക്രിസ്തുവില്‍ ജീവിതം സമര്‍പ്പിച്ച് സേവനനിരതരായി ജീവിതം മെഴുകുതിരിപോലെ ഉരുകിത്തീരുന്ന കന്യാസ്ത്രീകള്‍. സിപിഎം ഉള്‍പ്പെടെ ഭരണപക്ഷത്തുള്ളവരും പ്രതിപക്ഷത്തുള്ളവരുമായ (കോടിയേരി പറയുന്ന ഹിന്ദുത്വ വര്‍ഗീയകക്ഷികളടക്കം) അവരെ സമരമുഖത്തു തിരിഞ്ഞുനോക്കിയില്ല. എന്നിട്ടും ദുര്‍ബലരായ സ്ത്രീകളിലെ – അതിദുര്‍ബലരും ഏകാകികളുമായ കന്യാസ്ത്രീകളുടെ വിപ്ലവകരമായ സമരത്തെ സഭയിലെ വലിയൊരുവിഭാഗം വിശ്വാസികളും മഠങ്ങളിലെ കന്യാസ്ത്രീകളും പൊതുപ്രവര്‍ത്തകരും സ്ത്രീസമൂഹമാകെയും ഏറ്റെടുത്തു. മുഖ്യധാരാ പാര്‍ട്ടികളുടെ പിന്‍ബലമില്ലാതിരുന്നിട്ടും അത് കേരളത്തിന്റെയാകെ സമരമായി മറ്റു ജില്ലാ കേന്ദ്രങ്ങളിലേക്കും ആളിപ്പടര്‍ന്നു. ഇതിനെയാണ് പോലിസിനും ഗവണ്‍മെന്റിനും എതിരായ സമരമെന്ന് സിപിഎം സെക്രട്ടറി കുറ്റപ്പെടുത്തുന്നത്; പോലിസിന്റെ തെളിവെടുപ്പിനെപ്പോലും അട്ടിമറിക്കുന്ന സമരകോലാഹലം എന്ന്. എന്തൊരു മാര്‍ക്‌സിയന്‍ കാഴ്ചപ്പാട്!
പുരുഷമേധാവിത്വത്തെ ഉറപ്പിച്ചുനിര്‍ത്തുകയും സ്ത്രീസ്വാതന്ത്ര്യത്തിനെതിരേ രൂക്ഷമായ ആക്രമണം നടത്തുകയും ചെയ്യുന്നതാണ് ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ തരം വര്‍ഗീയ പ്രസ്ഥാനങ്ങളും എന്ന നിലപാടാണ് മാര്‍ക്‌സിസ്റ്റുകള്‍ സ്വീകരിച്ചുപോന്നിരുന്നത്. ക്രിസ്തീയ സഭകളും അതില്‍ പെടുന്നു. മഹിളാ പ്രസ്ഥാനങ്ങള്‍ അടക്കമുള്ള മതനിരപേക്ഷ പ്രസ്ഥാനങ്ങളെല്ലാം തങ്ങളുടെ ആക്രമണത്തിന്റെ കുന്തമുന ഹിന്ദുത്വ വര്‍ഗീയവാദികളുടെ നേരെ തിരിക്കുമ്പോള്‍ തന്നെ ഇസ്‌ലാമികവും ക്രിസ്തീയവും മറ്റുമായ ന്യൂനപക്ഷ വര്‍ഗീയ രൂപങ്ങളെയും എതിര്‍ക്കണമെന്നും അവര്‍ അനുശാസിച്ചുപോന്നു.
അതുകൊണ്ട് കന്യാസ്ത്രീകളുടെ ഈ പോരാട്ടത്തിന് ആദ്യം പിന്തുണയുമായി എത്തേണ്ടത് സിപിഎം അടക്കമുള്ള ഇടതു പാര്‍ട്ടികളായിരുന്നു. ക്രൈസ്തവ മതമേധാവിത്വത്തിന്റെ നേതൃത്വത്തില്‍ നിന്നുണ്ടായ, മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തില്‍ പക്ഷേ, മറിച്ചാണ് സിപിഎം നിലപാട് എടുത്തത്. സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്ന, ബിഷപ്പായാലും സന്ന്യാസിയായാലും മുക്രിയായാലും സ്ത്രീപീഡന കേസുകളില്‍ വിട്ടുവീഴ്ചയില്ലാതെ നടപടി എടുക്കുന്നതാണ് തങ്ങളുടെ നയമെന്ന് അവകാശപ്പെടുമ്പോള്‍.
ഗവണ്‍മെന്റ് ഇരയ്‌ക്കൊപ്പമാണെന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറയുകയും അവരുടെ സമരമുഖത്തുനിന്ന് പാര്‍ട്ടി നേതാക്കളും വനിതാ മന്ത്രിമാരും വനിതാ-യുവജന സംഘടനകളും വനിതാ കമ്മീഷന്‍ അധികൃതരുമടക്കം മാറിനില്‍ക്കുകയും ചെയ്തത് എന്തുകൊണ്ടാണ്? കന്യാസ്ത്രീകളുടെ സമരത്തിന് എം എം ലോറന്‍സിനെപ്പോലെ മുതിര്‍ന്നൊരു നേതാവ് സമരവേദിയില്‍ ചെന്ന് പിന്തുണ നല്‍കുകയും അത് പാര്‍ട്ടി നിലപാടല്ലെന്ന് പറയേണ്ടിവരുകയും ചെയ്തത് എന്തുകൊണ്ടാണ്? ക്രൈസ്തവ വൈദികരെല്ലാം മോശക്കാരാണെന്ന് പരാതിക്കാരിയോ സമരം നടത്തുന്ന കന്യാസ്ത്രീകളോ അവര്‍ക്ക് പിന്തുണ നല്‍കുന്നവരോ ചിത്രീകരിക്കുകയോ സഭയെ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്തിട്ടില്ല. തെറ്റു ചെയ്ത ബിഷപ്പിനെ അറസ്റ്റ് ചെയ്തു നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്.
സമരരംഗത്തുള്ള കന്യാസ്ത്രീകളുടെ ആത്മവിശ്വാസവും മനോവീര്യവും തകര്‍ക്കുന്ന അത്തരമൊരു ആരോപണം ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി വൈകി പരസ്യമായി രംഗത്തുവരുന്നത് ആരെ പിന്തുണയ്ക്കാനാണ്? കന്യാസ്ത്രീ ഉന്നയിച്ച ആരോപണത്തെ തുടര്‍ന്ന് ആഭ്യന്തര ശുദ്ധീകരണം നടത്താനുള്ള കരുത്ത് ക്രൈസ്തവ സഭയ്ക്കുണ്ടെന്ന് സിപിഎം കരുതുന്നുണ്ടെന്ന് കോടിയേരി വെളിപ്പെടുത്തുന്നത് ഒരു ലോകവാര്‍ത്ത തന്നെയാണ്. സന്മാര്‍ഗ ജീവിതത്തില്‍ നിന്ന് വ്യതിചലിക്കുന്ന വൈദികര്‍ക്ക് താക്കീതും ശിക്ഷയും നല്‍കുന്നതിനും അവരെ നേര്‍വഴിക്കു നയിക്കാന്‍ ഉപദേശവും കല്‍പനയും പുറപ്പെടുവിക്കുന്നതിനും മാര്‍പാപ്പ ധീരമായ നേതൃത്വം നല്‍കുന്നുണ്ടെന്നും കോടിയേരി എഴുതുന്നു.
അമേരിക്കയില്‍ വെസ്റ്റ് വെര്‍ജീനിയയിലെ ബിഷപ്പിന് ലൈംഗികാരോപണത്തിന്റെ പേരില്‍ ഈയിടെ രാജിവയ്‌ക്കേണ്ടിവന്നു. ഹൂസ്റ്റണിലെ കര്‍ദിനാള്‍ ഡാനിയേല്‍ ദിനാര്‍ദോയുടെ നേതൃത്വത്തില്‍ കത്തോലിക്കാ പുരോഹിത സംഘം മാര്‍പാപ്പയെ കണ്ട് പുരോഹിതരെ സംബന്ധിച്ച ലൈംഗിക ആരോപണം വര്‍ധിച്ചുവരുന്നതിനെതിരേ അടിയന്തര കര്‍മപദ്ധതി ആവശ്യപ്പെട്ടു. കഴിഞ്ഞ ആഗസ്തില്‍ പുറത്തുവന്ന പെന്‍സില്‍വാനിയന്‍ ഗ്രാന്‍ഡ് ജൂറി റിപോര്‍ട്ടും അന്വേഷണവും യുഎസില്‍ സഭയെ പിടിച്ചുലയ്ക്കുകയാണ്. മിസൗറി, നെബ്രാസ്‌ക, ന്യൂജഴ്‌സി, ന്യൂമെക്‌സിക്കോ എന്നിവിടങ്ങളിലെ പള്ളികളില്‍ പുരോഹിതര്‍ യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ചത് സംബന്ധിച്ച അന്വേഷണങ്ങള്‍ തുടരുകയാണ്.
ഇത് യുഎസില്‍ സഭയുടെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. പോപ്പിന്റെ ജനപ്രീതി കത്തോലിക്കക്കാര്‍ക്കിടയില്‍ വന്‍തോതില്‍ ഇടിഞ്ഞതായി സിഎന്‍എന്‍ വാര്‍ത്താ ചാനലിന്റെ സര്‍വേ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ചിലിയില്‍ ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് രണ്ടു ബിഷപ്പുമാരുടെ കൂടി രാജി പോപ്പ് സ്വീകരിച്ചത് കഴിഞ്ഞ ദിവസമാണ്.
ആഗോളതലത്തില്‍ സഭയും അതിന്റെ മേധാവികളും നേരിടുന്ന ധാര്‍മികവും സംവിധാനപരവുമായ പ്രതിസന്ധിയുടെ മറ്റൊരു രൂപമാണ് ജലന്ധര്‍ ബിഷപ്പിനെതിരേ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ വെളിപ്പെടുത്തിയതും കേരള സമൂഹം ഏറ്റെടുത്തതും. ഉപദേശവും കല്‍പനയും പുറപ്പെടുവിച്ച് താക്കീതും ശിക്ഷയും നല്‍കി ക്രൈസ്തവ സഭ തന്നെ ഇതു പരിഹരിക്കാന്‍ പ്രാപ്തമാണെന്നു പറയുന്ന സിപിഎം സെക്രട്ടറി ഇതൊന്നുമറിയുന്നില്ല. നമ്മുടെ രാജ്യത്തെ ക്രിമിനല്‍ നടപടിക്രമത്തെയും നിയമവാഴ്ചയെയും പോലും കോടിയേരി തള്ളിപ്പറയുകയാണ്.
ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തതുകൊണ്ട് അവസാനിക്കുന്ന ഒന്നല്ല കോടിയേരി പ്രസ്താവനയിലൂടെ കേരളത്തില്‍ തുറന്നുവിട്ടിട്ടുള്ള മാര്‍ക്‌സിസ്റ്റ് വിരുദ്ധതയുടെ ഭൂതം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍. ി

RELATED STORIES

Share it
Top