കന്യാസ്ത്രീ പരാതി നല്‍കാന്‍ വൈകിയിട്ടില്ല; തെളിവുകള്‍ പുറത്തുവിട്ട് കുടുംബം

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി കിട്ടാന്‍ വൈകിയെന്ന ജലന്ധര്‍ രൂപതയുടെ വാദം പൊളിയുന്നു. കന്യാസ്ത്രീ പരാതി നല്‍കിയതിന്റെ തെളിവുകള്‍ കുടുംബം പുറത്തുവിട്ടു. പീഡനത്തെക്കുറിച്ച് ജലന്ധറിലെ മദര്‍ ജനറലിന് 2017 ജനുവരിയിലാണ് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് തെളിവെടുപ്പിനായി ജലന്ധര്‍ രൂപതാ ചാന്‍സലര്‍, കോണ്‍ഗ്രിഗേഷന്‍ മദര്‍ സുപ്പീരിയര്‍, മദര്‍ ജനറല്‍ തുടങ്ങിയവര്‍ കുറവിലങ്ങാട് മഠത്തിലെത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
രൂപതാ ചാന്‍സലര്‍ ജോസ് തെക്കഞ്ചേരിയുടെ നേതൃത്വത്തിലുള്ള സംഘം ജൂണ്‍ രണ്ടിനായിരുന്നു കുറവിലങ്ങാട് മഠത്തില്‍ സന്ദര്‍ശനം നടത്തിയത്. കൂടാതെ ജൂണ്‍ 30ന് പരാതിയില്‍ പരിഹാരമുണ്ടാവുമെന്ന ഉറപ്പും പരാതിക്കാരിക്ക് അന്നു സംഘം നല്‍കിയിരുന്നു. എന്നാല്‍, തുടര്‍നടപടികളൊന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് നിയമനടപടികളുമായി മുന്നോട്ടുപോയത്. പരാതി പരസ്യപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് കന്യാസ്ത്രീയുടെ ബന്ധു പറഞ്ഞു.
എന്നാല്‍, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് പീഡനത്തെക്കുറിച്ച് പറഞ്ഞിരുന്നില്ലെന്നും ബന്ധു വെളിപ്പെടുത്തി. രൂപതയുടെ അതിക്രമങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. 2017 നവംബറില്‍ കര്‍ദിനാളിനെ നേരില്‍ക്കണ്ടിരുന്നു. കര്‍ദിനാള്‍ പറഞ്ഞതനുസരിച്ചാണ് വത്തിക്കാന്‍ പ്രതിനിധിക്കു പരാതി നല്‍കിയത്.
പീഡനത്തിന്റെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ആദ്യം പരാതി നല്‍കിയത് താനാണെന്നും അതിനു പിന്നാലെയാണ് കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കിയതെന്നുമായിരുന്നു ജലന്ധര്‍ ബിഷപ്പിന്റെ വാദം. ഇതിന്റെ മുനയൊടിക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. വിഷയത്തില്‍ കന്യാസ്ത്രീയുടെ ബന്ധുക്കളുടെയും മഠത്തിനു സമീപത്തുള്ളവരുടെയും മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികളും ആരംഭിച്ചുവരുകയാണ്. ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിലായിരിക്കും രഹസ്യമൊഴി രേഖപ്പെടുത്തുക. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസിലെ പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയായെന്നും ആവശ്യമെങ്കില്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുമെന്നും വൈക്കം ഡിവൈഎസ്പി അറിയിച്ചു.

RELATED STORIES

Share it
Top