കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ ബിഷപ്പിനെതിരേ അന്വേഷണം ആരംഭിച്ചു

കോട്ടയം: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ കത്തോലിക്കാ ബിഷപ്പിനെതിരേ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കത്തോലിക്കാ സഭയുടെ ജലന്ധര്‍ അതിരൂപതയുടെ ബിഷപ്പായ മലയാളി ഫ്രാങ്കോ മുളയ്ക്കലിനെതിരേയാണ്  കേസെടുത്തത്. ഇന്നലെ രാവിലെ സ്‌പെഷ്യല്‍ ബ്രാഞ്ചും വൈകീട്ട് അന്വേഷണ ചുമതലയുളള വൈക്കം ഡിവൈഎസ്പിയും കന്യാസ്ത്രീയില്‍ നിന്നു മൊഴിയെടുത്തു. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അതിനാല്‍ ഇപ്പോള്‍ പരസ്യമായ പ്രതികരണത്തിനില്ലെന്നും ബിഷപ്പിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ജലന്ധര്‍ ബിഷപ്പും പോലിസില്‍ പരാതി നല്‍കി. കന്യാസ്ത്രീയെ സ്ഥലം മാറ്റിയതിലുള്ള വിരോധമാണ് പരാതിക്കു പിന്നിലെന്നും തന്നെ വധിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് കന്യാസ്ത്രീക്കെതിരേ ബിഷപ് നല്‍കിയ പരാതി. കോട്ടയം ജില്ലാ പോലിസ് മേധാവിക്കാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. 46കാരിയായ കന്യാസ്ത്രീ മൂന്നു വര്‍ഷമായി ബിഷപ്പില്‍ നിന്നു നേരിടുന്ന പീഡനത്തെക്കുറിച്ച് പരാതിയില്‍ വിശദമായി പറയുന്നതായാണ് അറിയുന്നത്. പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പോലിസാണ് കേസെടുത്തത്.  ബലാല്‍സംഗത്തിനു പുറമേ പ്രകൃതിവിരുദ്ധ പീഡനത്തിനും കേസെടുത്തിട്ടുണ്ട്. കുറവിലങ്ങാട്ടെ ഗസ്റ്റ്ഹൗസില്‍ വച്ചായിരുന്നു ബിഷപ്പിന്റെ പീഡനം. നാട്ടിലെത്തിയാല്‍ അവിടെയായിരുന്നു ബിഷപ്പിന്റെ താമസം. 2014 മെയ് 5നാണ് ആദ്യമായി പീഡിപ്പിച്ചത്. എറണാകുളത്ത് ബിഷപ്പുമാരുടെ യോഗത്തിന് എത്തിയതായിരുന്നു ഫ്രാങ്കോ. രാത്രി 11 മണിയോടെ  ഇസ്തിരിയിട്ട ളോഹയുമായി എത്തിയപ്പോള്‍ തന്നെ കടന്നുപിടിച്ചു. തൊട്ടടുത്ത ദിവസവും ഇതു തുടര്‍ന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പിനു പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് ബിഷപ് കേരളത്തില്‍ എത്തിയ വേളയിലെല്ലാം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്. പരാതി പരിശോധിച്ച ശേഷം ഇക്കഴിഞ്ഞ 27നാണ് ബിഷപ്പിനെതിരേ കേസെടുത്തത്. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. അതിനിടെ, കന്യാസ്ത്രീക്കെതിരേ പരാതി നല്‍കിയത് രണ്ടു വൈദികരാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുറവിലങ്ങാട് പോലിസില്‍ നല്‍കിയിരിക്കുന്ന പരാതിയിലെ ആരോപണം.  റോമന്‍ കത്തോലിക്കാ വിഭാഗത്തിലെ ജലന്ധര്‍ രൂപതയുടെ ബിഷപ്പായി ഫ്രാങ്കോ മുളയ്ക്കല്‍ 2013 മുതല്‍ സേവനം ചെയ്തുവരുകയാണ്. ഓര്‍ത്തഡോക്‌സ് സഭയില്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ഏഴോളം വൈദികര്‍ അധ്യാപികയെ ലൈംഗിക അടിമയാക്കിയെന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം.

RELATED STORIES

Share it
Top