കന്യാസ്ത്രീയുടെ സഹോദരിക്ക് ഫ്രാങ്കോയുടെ അനുയായിയുടെ ഭീഷണി

കാലടി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് അറസ്റ്റ് ചെയ്ത ഫ്രാങ്കോ മുളയ്ക്കലിന്റെ അനുയായി കന്യാസ്ത്രീയുടെ സഹോദരിയെ ഭീഷണിപ്പെടുത്തിയതായി പരാതി. കന്യാസ്ത്രീയുടെ സഹോദരിയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായി കാലടി പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബിഷപ് എല്ലാ അധികാരങ്ങളോടും കൂടി വാഴുന്നതിനാല്‍ ഭയം മൂലമാണ് മിണ്ടാതിരുന്നതും പരാതി നല്‍കാതെ മാറിനിന്നതെന്നും കന്യാസ്ത്രീയുടെ സഹോദരി വ്യക്തമാക്കി.
ബിഷപ്പിനെതിരേയുള്ള നീക്കം സൂക്ഷിച്ചുവേണം എന്നും, കന്യാസ്ത്രീയെ നിങ്ങള്‍ ജീവനോടെ കാണില്ലെന്നുമുള്ള ഭീഷണിയാണ് കാലടിക്കടുത്ത് ചെങ്ങല്‍ പ്രദേശത്ത് മകനോടൊപ്പം താമസിക്കുന്ന സഹോദരിയെ നേരിട്ട് അറിയിച്ചത്. ബിഷപ്പിന്റെ ശാരീരിക പീഡനം കന്യാസ്ത്രീ ആദ്യം തുറന്നുപറഞ്ഞത് ഈ സഹോദരിയോടായിരുന്നു. സഹോദരി എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്നതു മൂലമാണ് കന്യാസ്ത്രീ പരാതിയുമായി രംഗത്തുവന്നത്. ഇത് മനസ്സിലാക്കിയ വ്യക്തിയാണ് ഭീഷണിയുമായി വീട്ടിലെത്തിയത്.
ഫ്രാങ്കോ മുളയ്ക്കലിന്റെ കീഴിലുള്ള ഒരു വൈദികന്റെ സഹോദരനാണിതെന്ന് അവര്‍ വ്യക്തമാക്കി.
ഭര്‍ത്താവിനു കരള്‍ സംബന്ധമായ അസുഖം ബാധിച്ച് ചികില്‍സയിലിരിക്കെ സ്വന്തം കരള്‍ പകുത്തുനല്‍കിയെങ്കിലും ഭര്‍ത്താവിന്റെ ജീവന്‍ നിലനിര്‍ത്താനാവാതെ വന്നതിന്റെ മനോവിഷമത്തില്‍ കഴിയവെയാണ് സഹോദരിയുടെ തീരാദുരിതം കാണേണ്ടിവന്നത്. പരാതിയില്‍ അന്വേഷണം നടത്തി നടപടി എടുക്കണമെന്നാണ് അവരുടെ ആവശ്യം.

RELATED STORIES

Share it
Top