കന്യാസ്ത്രീയുടെ പരാതിയുടെ പകര്‍പ്പ് പോലിസിന് കൈമാറി

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ സഭാനേതൃത്വം കൂടുതല്‍ പ്രതിരോധത്തിലേക്ക്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് കന്യാസ്ത്രീയുടെ കുടുംബം പോലിസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം കര്‍ദിനാളിന്റെ മൊഴിയെടുക്കുമെന്നാണു വിവരം. കന്യാസ്ത്രീ പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു കര്‍ദിനാളിന്റെ നിലപാട്. ജലന്ധര്‍ രൂപതയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പരാതിയുടെ പകര്‍പ്പു ലഭിച്ചതോടെ കര്‍ദിനാളില്‍നിന്ന് മൊഴിയെടുക്കാന്‍ പോലിസ് നിര്‍ബന്ധിതരായിരിക്കുകയാണ്.
കര്‍ദിനാളിനൊപ്പം കന്യാസ്ത്രീ ആദ്യം പരാതിനല്‍കിയ പാലാ ബിഷപ്പ്, കുറവിലങ്ങാട് പള്ളിവികാരി എന്നിവരില്‍നിന്നും പോലിസ് മൊഴിയെടുക്കും.
അതിനിടെ, കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ പരാതി വ്യാജമാണെന്ന് മുഖ്യസാക്ഷി വെളിപ്പെടുത്തി. കന്യാസ്ത്രീക്കെതിരേ അച്ചടക്കനടപടിയെടുത്താല്‍ കൊല്ലുമെന്ന് സഹോദരന്‍ ഭീഷണിപ്പെടുത്തിയെന്നാണ് ബിഷപ്പ് പോലിസിന് നല്‍കിയ പരാതി. ബിഷപ്പിന്റെ പഴയ ഡ്രൈവറും സഹായിയുമായ കോടനാട് സ്വദേശി സിജോയോടാണ് സഹോദരന്‍ ഭീഷണിക്കാര്യം പറഞ്ഞതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഈ സിജോയാണ് ആരോപണം വ്യാജമാണെന്ന് പോലിസിനോട് വെളിപ്പെടുത്തിയത്. വിമാന ടിക്കറ്റ് നല്‍കി ജലന്ധറിലേക്ക് വിളിച്ചുവരുത്തി കന്യാസ്ത്രീെക്കതിരേ പരാതി എഴുതിവാങ്ങുകയായിരുന്നുവെന്നാണ് സിജോയുടെ മൊഴി. ബിഷപ്പും ജലന്ധര്‍ രൂപതയിലെ മറ്റൊരു വൈദികനും പറഞ്ഞതനുസരിച്ചാണ് പരാതി എഴുതി നല്‍കിയത്. നാട്ടില്‍ നിന്നും അയച്ച കത്താണെന്ന് വരുത്തിത്തീര്‍ക്കാന്‍ സ്ഥലപ്പേരിന്റെ സ്ഥാനത്ത് കോടനാട് എന്ന് എഴുതിയെന്നും മൊഴിയില്‍ പറയുന്നു.
മൊഴി മാറ്റാതിരിക്കാന്‍ പോലിസ് ഇത് വീഡിയോ റെക്കോര്‍ഡായി പകര്‍ത്തിയിട്ടുണ്ട്. കന്യാസ്ത്രീയെ വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയും പോലിസ് രേഖപ്പെടുത്തും.

RELATED STORIES

Share it
Top