കന്യാസ്ത്രീയുടെ തെളിവുകളടങ്ങിയ ഫോണ്‍ കാണാതായി

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ നിര്‍ണായക തെളിവായ കന്യാസ്ത്രീയുടെ മൊബൈല്‍ ഫോണ്‍ കാണാതായി. ഫോണ്‍ നഷ്ടമായതായി കന്യാസ്ത്രീ അന്വേഷണസംഘത്തെ അറിയിച്ചു. ജലന്ധറിലായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന ഫോണിലായിരുന്നു സന്ദേശങ്ങളെന്ന് ഇവര്‍ അറിയിച്ചിരുന്നു. പുതിയ ഫോണ്‍ വാങ്ങിയതോടെ ജലന്ധറിലെ മഠത്തിലായിരുന്നു തെളിവടങ്ങിയ ഫോണ്‍ സൂക്ഷിച്ചിരുന്നത്. ഇതിപ്പോള്‍ മുറിയില്‍ കാണാനില്ലെന്നാണ് കന്യാസ്ത്രീ പോലിസിന് നല്‍കിയ വിവരം.
കേസില്‍ സുപ്രധാന തെളിവായ ഫോണ്‍ അപ്രത്യക്ഷമായതിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്ന് കന്യാസ്ത്രീയും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ കൈയില്‍ കത്തുകളും ഫോണ്‍ സംഭാഷണവും തെളിവായുണ്ടെന്ന് പരാതിക്കാരി അന്വേഷണസംഘത്തോടും മധ്യസ്ഥതയ്ക്ക് ശ്രമിച്ച വൈദികനോടും വെളിപ്പെടുത്തിയിരുന്നു. ഇതില്‍ കത്തുകള്‍ കഴിഞ്ഞ ദിവസം അന്വേഷകസംഘത്തിന് കൈമാറിയിരുന്നു.
എന്നാല്‍, മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടത് അന്വേഷണത്തെ ബാധിക്കില്ലെന്ന് വൈക്കം ഡിവൈഎസ്പി പറഞ്ഞു. അതില്‍ കുറച്ച് സന്ദേശങ്ങള്‍ മാത്രമാണുണ്ടായിരുന്നതെന്നാണ് പറഞ്ഞിരുന്നത്. അതില്ലെങ്കിലും മറ്റ് തെളിവുകളുണ്ട്. അതനുസരിച്ച് കേസുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോണ്‍ കണ്ടെത്താനും നടപടികളും പോലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top