കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ തള്ളി ജലന്ധറിലെസന്ന്യാസിനി സഭ

കൊച്ചി: കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ തള്ളി ജലന്ധറിലെ മിഷനറീസ് ഓഫ് ജീസസ്(എംജെ). പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീ അംഗമായ സന്ന്യാസിനി സഭയാണ് എംജെ. കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ബാഹ്യശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും സഭയ്‌ക്കെതിരേ നിലകൊള്ളുന്ന ചില സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് കന്യാസ്ത്രീകള്‍ എറണാകുളത്ത് സമരം നടത്തുന്നത് അപലപനീയമാണെന്നും ഇതിനെ തള്ളിക്കളയുകയാണെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തങ്ങളുടെ സഹോദരിയും കന്യാസ്ത്രീകളും നടത്തുന്ന കപട ആരോപണങ്ങള്‍ക്ക് കൂട്ടുനിന്ന് ഒരു നിരപരാധിയെ ക്രൂശിക്കുകയെന്നത് സഭയുടെ മനസ്സാക്ഷിക്കു ചേര്‍ന്നതല്ല. തങ്ങള്‍ക്കൊപ്പം വര്‍ഷങ്ങള്‍ താമസിച്ച് ഒരുമിച്ചു ജീവിച്ച തങ്ങളുടെ സഹോദരിമാരെ തങ്ങള്‍ക്കറിയാവുന്നത്ര പൊതുസമൂഹത്തിനറിയില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. 2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ നിരവധി തവണ ജലന്ധര്‍ രൂപതാ ബിഷപ് പീഡിപ്പിച്ചെന്നുള്ളത് തികച്ചും വാസ്തവവിരുദ്ധമാണ്. 2014 മെയ് 5ന് ബിഷപ് പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍, ഇതിനുശേഷം ഈ സഹോദരിയുടെ കുടുംബത്തിലെ പരിപാടികള്‍ക്ക് ഈ സഹോദരി തന്നെ ബിഷപ്പിനെ ക്ഷണിച്ച് അദ്ദേഹം പങ്കെടുക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ബലമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ഒരു വ്യക്തിക്ക് ഒരിക്കലും സാധ്യമാവാത്ത കാര്യമാണിതെന്നും ഇവര്‍ പറയുന്നു. വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ എംജെ കോണ്‍ഗ്രിഗേഷന്റെ കൗണ്‍സില്‍ യോഗം അടുത്ത ദിവസങ്ങളില്‍ ചേരും.

RELATED STORIES

Share it
Top