കന്യാസ്ത്രീകള്‍ക്ക് നീതി വേണം

ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് രണ്ടര മാസം പിന്നിടുന്നു. അധികാര കേന്ദ്രങ്ങള്‍ മുഖംതിരിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ നീതി തേടി കഴിഞ്ഞ ദിവസം കന്യാസ്ത്രീകളും കുടുംബാംഗങ്ങളും തെരുവില്‍ ഇറങ്ങാന്‍ നിര്‍ബന്ധിതരായി. ബിഷപ്പിനെതിരേ ഉയരുന്ന ആദ്യത്തെ ആരോപണമല്ല ഇത്. പോലിസ് ബിഷപ്പിന്റെ പീഡനം കാരണം മഠം വിട്ടവരെ കണ്ടെത്തി തെളിവെടുത്തു. എല്ലാവരും ബിഷപ്പിനെതിരേയാണ് മൊഴി നല്‍കിയത്. പോലിസ് ജലന്ധറിലെത്തി ബിഷപ്പിനെയും ചോദ്യം ചെയ്തിരുന്നു. ബിഷപ്പിന്റെ വാദങ്ങള്‍ വൈരുദ്ധ്യം നിറഞ്ഞതാണെന്നും പരാതിക്കാരിയുടെ ഭാഗത്താണ് വസ്തുതയും ന്യായവുമെന്നും അന്വേഷണസംഘത്തിനു ബോധ്യപ്പെട്ടുവെന്നാണ് വിവരം. എന്നിട്ടും ആരോപണവിധേയനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരും ആഭ്യന്തര വകുപ്പും ഭയന്നുനില്‍ക്കുകയാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെതിരേ കുറ്റം ചുമത്തി തുറുങ്കില്‍ അടയ്‌ക്കേണ്ടതും നിയമ നടപടികള്‍ക്കു ഹാജരാക്കേണ്ടതും പോലിസിന്റെ ബാധ്യതയാണ്. തെളിവുകളും വാദങ്ങളും വിലയിരുത്തി കോടതി തീരുമാനമെടുക്കട്ടെ. അതാണ് നിയമവ്യവസ്ഥ നിലനില്‍ക്കുന്ന ജനാധിപത്യ സമൂഹത്തില്‍ നടക്കേണ്ട നടപടി. ബിഷപ്പിന്റെയും സഭയുടെയും ഭീഷണിക്കു കീഴില്‍ കഴിയുന്ന കന്യാസ്ത്രീകളാണ് നീതി തേടി സര്‍ക്കാരിനോടും ആഭ്യന്തര വകുപ്പിനോടും പോലിസിനോടും കലഹിച്ച് പ്രത്യക്ഷസമരത്തിന് ഇറങ്ങിയിരിക്കുന്നത്. മനസ്സാക്ഷി മരവിക്കാത്ത കേരളീയരുടെ പിന്തുണ മാത്രമാണ് അവരുടെ കരുത്ത്. കോടതിയില്‍ മാത്രമാണ് ഇനി പ്രതീക്ഷയെന്ന് അവര്‍ തറപ്പിച്ചുപറയുന്നു. നീതിക്കു വേണ്ടി കന്യാസ്ത്രീകള്‍ക്ക് തെരുവില്‍ ഇറങ്ങേണ്ടിവരുന്നത് ദുഃഖകരമാണെന്ന് സിറോ മലബാര്‍ സഭയിലെ മുതിര്‍ന്ന വൈദികനും മുന്‍ വക്താവുമായിരുന്ന ഫാദര്‍ പോള്‍ തേലക്കാട്ട് അഭിപ്രായപ്പെടുകയുണ്ടായി. പരാതിക്കാര്‍ക്കു പരിഗണന ലഭിക്കണമെന്നും അവരുടെ വേദനകള്‍ പരിഹരിക്കാന്‍ സഭ ബാധ്യസ്ഥമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരിയെ മാനസികമായി പീഡിപ്പിച്ച് കേസില്‍ നിന്നു പിന്തിരിപ്പിക്കാനാണ് നീക്കമെന്ന് കന്യാസ്ത്രീകള്‍ തുറന്നടിക്കുന്നു. അതിനിടെ, വന്‍ വാഗ്ദാനങ്ങള്‍ നല്‍കി കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ബിഷപ്പും അനുയായിവൃന്ദവും ശ്രമം നടത്തിയതിന്റെ തെളിവ് പുറത്തുവന്നുവെങ്കിലും ബിഷപ് ഇപ്പോഴും പുറത്തുതന്നെ. വേണ്ടത്ര തെളിവ് ലഭ്യമായിട്ടും ലൈംഗിക പീഡനക്കേസിലെ പ്രതികള്‍ അറസ്റ്റില്‍ നിന്ന് ഒഴിഞ്ഞുമാറുകയും മാന്യന്മാരായി തുടരുകയും ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. മുഖം നോക്കാതെ നടപടിയെടുക്കാനും നീതി നടപ്പാക്കാനും അധികാരസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് സാധ്യമാകുമ്പോള്‍ മാത്രമേ നീതിന്യായവ്യവസ്ഥയിലുള്ള പൗരന്മാരുടെ വിശ്വാസം നിലനില്‍ക്കുകയുള്ളൂ. ബിഷപ്പായാലും എംഎല്‍എയായാലും അത് സാധ്യമാകണം. ബിഷപ്പിന്റെ കേസ് സഭയും എംഎല്‍എയുടെ കേസ് സിപിഎമ്മും കൈയാളുന്ന രീതി പരിഹാസ്യവും അപലപനീയവുമാണ്. ആഭ്യന്തര വകുപ്പ് മാത്രമല്ല, കേരളം ഭരിക്കുന്ന സര്‍ക്കാരും ഇടതു മുന്നണിയും കന്യാസ്ത്രീകളുടെ ചോദ്യത്തിനു മറുപടി പറയാന്‍ ബാധ്യസ്ഥമാണ്. ഒപ്പമുണ്ടെന്ന വായ്ത്താരി കൊണ്ടൊരു കാര്യവുമില്ല.

RELATED STORIES

Share it
Top