കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരേ കേസ്‌

കോഴിക്കോട്: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് പ്രകടനം നടത്തിയതിനു നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരേ കേസ്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ജോയ് മാത്യുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ പ്രതിഷേധ പ്രകടനം നടന്നത്.
കന്യാസ്ത്രീയെ പിന്തുണച്ച് സമരം നടത്തിയതിന് കേസെടുത്തത് പേടിപ്പിച്ചു നിര്‍ത്താമെന്നുള്ളത് സര്‍ക്കാരിന്റെ വ്യാമോഹമാണ്. ആവശ്യം വന്നാല്‍ ഇനിയും സമരം നടത്തുമെന്നും ജോയ് മാത്യു പ്രതികരിച്ചു. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പിണറായി വിജയനും നരേന്ദ്രമോദിക്കും ഒരേ മുഖമാണ്. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തരുത് -അദ്ദേഹം പറഞ്ഞു.
പ്രകടനങ്ങള്‍ക്കു നിരോധനമേര്‍പ്പെടുത്തിയ മിഠായിത്തെരുവില്‍ പോലിസിന്റെ വിലക്ക് ലംഘിച്ചതിന്റെ പേരിലാണ് കേസെടുത്തതെന്ന് കോഴിക്കോട് ടൗണ്‍ പോലിസ് പറഞ്ഞു. പ്രകടനത്തിലുണ്ടായിരുന്ന 20 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
മിഠായ്‌ത്തെരുവ് നവീകരണത്തിന് ശേഷം ഇവിടെ പ്രകടനം, പൊതുയോഗം തുടങ്ങിവയ്ക്കു ജില്ലാ ഭരണകൂടവും നഗരസഭയും വിലക്ക് ഏര്‍പ്പെടുത്തിയതാണെന്നും പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top