കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചവര്‍ക്കെതിരേ നടപടി

കൊച്ചി/മാനന്തവാടി: ബലാല്‍സംഗ പരാതിയില്‍ നീതി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ചതിന് സഭയുടെ അച്ചടക്ക നടപടി. മാനന്തവാടി രൂപതയിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരേയും മൂവാറ്റുപുഴ പിറമാടം ദയറയിലെ യൂഹന്നാന്‍ റമ്പാനെതിരേയുമാണ് നടപടി സ്വീകരിച്ചത്.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കൊച്ചിയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിയെ വേദപാഠം, വിശുദ്ധ കുര്‍ബാന, ഇടവക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്നു വിലക്കി. സമരം അവസാനിച്ചശേഷം മഠത്തില്‍ തിരിച്ചെത്തിയ ഉടനെയാണ് വിലക്കു സംബന്ധിച്ച അറിയിപ്പ് ലഭിച്ചതെന്നു സിസ്റ്റര്‍ അറിയിച്ചു. പള്ളിയുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് മദര്‍ സുപ്പീരിയര്‍ അറിയിച്ചതായും സിസ്റ്റര്‍ പറയുന്നു. കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തു, സഭയെ അവഹേളിച്ചു, മാധ്യമങ്ങളില്‍ സഭയെ പരസ്യമായി വിമര്‍ശിച്ചു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിലക്ക്.
അതേസമയം, യൂഹന്നാന്‍ റമ്പാനെതിരേ യാക്കോബായ സഭയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഇത്തരം സമരങ്ങളില്‍ പങ്കെടുക്കുന്നതിനെ വിലക്കിക്കൊണ്ടുള്ള ഉത്തരവാണ് നല്‍കിയിരിക്കുന്നത്. സഭാ നിലപാടിനെതിരേ ആഗോള സഭാ നേതൃത്വത്തിന് പരാതി നല്‍കിയതായി യൂഹന്നാന്‍ റമ്പാന്‍ അറിയിച്ചു. മറ്റു സമരപരിപാടികളില്‍ പങ്കെടുക്കുന്നതിനും റമ്പാന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കത്തോലിക്കാ സഭയുടെ അഭ്യര്‍ഥന കണക്കിലെടുത്ത് പാത്രിയാര്‍ക്കീസ് ബാവയുടെ നിര്‍ദേശപ്രകാരം ഇന്ത്യയിലെ സഭാ ചുമതലകളുള്ള മാര്‍ തിമോത്തിയോസ് മാത്യൂസ് മെത്രാപോലീത്തയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
എന്നാല്‍, സിസ്റ്റര്‍ ലൂസിയെ സഭയില്‍ നിന്നു പുറത്താക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് മാനന്തവാടി രൂപത അറിയിച്ചു. പുതിയ സാഹചര്യത്തില്‍ സിസ്റ്ററിന്റെ സേവനം ഇനി ഇടവകയിലെ മേല്‍ശുശ്രൂഷകളില്‍ അവശ്യമില്ലെന്ന ഇടവകക്കാരുടെ വികാരം സിസ്റ്ററെ അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് രൂപത വ്യക്തമാക്കി.

RELATED STORIES

Share it
Top