കന്യാസ്ത്രീകളുടെ സമരം; പാര്‍ട്ടി നിലപാട് തള്ളി ജയരാജന്‍

തിരുവനന്തപുരം: ബിഷപിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ വ്യത്യസ്ത നിലപാടുകളുമായി സിപിഎം നേതാക്കള്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമരത്തെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്തെത്തിയപ്പോള്‍, സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കൊപ്പമാണെന്ന് ഇ പി ജയരാജന്‍ വ്യക്തമാക്കി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പാര്‍ട്ടി സെക്രട്ടറിയെ പിന്തുണച്ചപ്പോള്‍ ഇ പി ജയരാജന്റെ അഭിപ്രായത്തോടാണ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ യോജിച്ചത്.
കന്യാസ്ത്രീകളുടെ സമരം അനാവശ്യമാണെന്ന് കോടിയേരി ഇന്നലെയും ആവര്‍ത്തിച്ചു. ക്രൈസ്തവതയെ മോശപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു. എല്ലാ വൈദികരും മോശക്കാരെന്നു വരുത്താന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുകയാണ്. സമരത്തെ ഇക്കൂട്ടര്‍ സര്‍ക്കാരിനെതിരേ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. ജാതിയും മതവും നോക്കാതെ ഇത്തരം കേസുകളില്‍ ഇടതുസര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കന്യാസ്ത്രീകളുടേത് വെറും സമരകോലാഹലമാണെന്നായിരുന്നു കഴിഞ്ഞദിവസം കോടിയേരി പറഞ്ഞത്.
അതേസമയം, സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടും. ഇപ്പോഴത്തെ അന്വേഷണത്തെക്കുറിച്ച് ഒരാള്‍ക്കുപോലും പരാതിയില്ല. കോടിയേരി പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ജയരാജന്‍ പ്രതികരിച്ചു. കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചതായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അറസ്റ്റിലായ പ്രതി നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെട്ടുപോകാതെ നോക്കേണ്ടത് അന്വേഷണ സംഘവും പ്രോസിക്യൂഷനുമാണെന്നും വിഎസ് പറഞ്ഞു.
സമരത്തിനു പിന്നില്‍ വര്‍ഗീയശക്തികള്‍ അല്ലെന്നായിരുന്നു മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം. കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്നും മേഴ്‌സിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, കോടിയേരിയുടെ നിലപാട് കന്യാസ്ത്രീകളുടെ സമരത്തിന് എതിരല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബിഷപ്പിനെതിരായ പീഡനക്കേസ് രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ല. അറസ്റ്റ് ചെയ്യുന്ന കാര്യം പോലിസ് തീരുമാനിക്കും. കന്യാസ്ത്രീകള്‍ക്കെന്നല്ല, ആര്‍ക്കും ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെടാനാവില്ലെന്നും കടകംപള്ളി പറഞ്ഞു.

RELATED STORIES

Share it
Top