കന്യാസ്ത്രീകളുടെ പോരാട്ടത്തോടുള്ള സര്‍ക്കാര്‍ സമീപനം തെറ്റെന്ന് കെ വേണു

തൃശൂര്‍: കേരളം സമീപകാലത്തൊന്നും കാണാത്ത അസാധാരണമായ പോരാട്ടമാണ് കന്യാസ്ത്രീകള്‍ നടത്തുന്നതെന്നും ജനാധിപത്യവിശ്വാസികള്‍ അതിനെ പിന്തുണക്കണമെന്നും ചിന്തകന്‍ കെ വേണു. ബിഷപ്പ് ഫ്രാങ്കോവിനെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കളക്ടറേറ്റിനു മുന്നില്‍ നടന്ന ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രിസ്ത്യന്‍ സഭകളില്‍ കന്യാസ്ത്രീകള്‍ നേരിടുന്നത് അടിമസമാനമായ അവസ്ഥയാണ്. അവിടെയനുഭവിക്കുന്ന പീഡനങ്ങള്‍ തുറന്നു പറയാന്‍ ഒരു കന്യാസ്ത്രീ തയ്യാറായതും അതിനെ പിന്തുണച്ച് മറ്റു കന്യാസ്ത്രീകള്‍ രംഗത്തു വന്നതും കേരള സമര ചരിത്രത്തിലെ സുപ്രധാന അധ്യായമാണ്. എന്നാല്‍ നമ്മുടെ സംഘടിത പ്രസ്ഥാനങ്ങളോ സര്‍ക്കാരോ അതു മനസ്സിലാക്കുന്നില്ല. കുറ്റവാളിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. പി കെ ശശി എംഎല്‍എക്കെതിരായ ലൈംഗികാതിക്രമ കേസ് പാര്‍ട്ടി അന്വേഷിക്കുമെന്നു പറയുന്ന സി പി എം ഈ വിഷയത്തിലും സ്വീകരിക്കുന്നത് സമാനമായ നിലപാടാണെന്നും വേണു ചൂണ്ടിക്കാട്ടി.
പി യു സി എല്‍ ജില്ലാ പ്രസിഡന്റ് ടി കെ വാസു അധ്യക്ഷത വഹിച്ചു. അഡ്വ. ആര്‍ കെ ആശ, കുക്കു ദേവകി, ലില്ലി തോമസ്, സ്മിത ഭരതന്‍, ആന്റോ കോപ്പന്‍, എം കെ തങ്കപ്പന്‍, കെ ശിവരാമന്‍, പി ജെ മോന്‍സി, ജോര്‍ജ്ജ് പുലിക്കുത്തിയില്‍, ആന്റണി ചിറ്റാട്ടുകര, പി കെ കിട്ടന്‍, പൂനം റഹിം, ശരത് ചേലൂര്‍, ശശികുമാര്‍, ഐ ഗോപിനാഥ് സംസാരിച്ചു.

RELATED STORIES

Share it
Top