കന്നുകാലികള്‍ അപകടമുണ്ടാക്കുന്നുവണ്ടിപ്പെരിയാര്‍: തോട്ടം മേഖലയില്‍ മേയുന്നതിനായി അഴിച്ചുവിടുന്ന കന്നുകാലികള്‍ കൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നു.റോഡിലൂടെ സഞ്ചരിക്കുന്ന യാത്രികര്‍ക്ക് അപകടവും വരുത്തിവെയ്ക്കുന്നു. കൂട്ടമായും ഒറ്റയ്ക്കും എത്തുന്ന ഇവ ഏലച്ചെടികള്‍, വാഴ, പച്ചക്കറി കൃഷികള്‍ എന്നിവയാണ് കൂടുതലായും നാശം വരുത്തുന്നത്.ചില ദിവസങ്ങളില്‍ രാത്രി കാലങ്ങളിലും ഇവ അലഞ്ഞു തിരിയാറുണ്ട്.ഏലച്ചെടികള്‍ ചവിട്ടിമെതിക്കുകയാണ് ചെയ്യുന്നത്. രാത്രിയില്‍  ശബ്ദം കേട്ട് വീട്ടുകാര്‍  ഉണരുമ്പോഴേക്കും പാതി കൃഷി നശിപ്പിച്ചിരിക്കും. കെട്ടുറപ്പുള്ള വേലികള്‍ പോലും തകര്‍ക്കുക പതിവാണ്. അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ കൊട്ടാരക്കര-ദിണ്ടുക്കല്‍ ദേശിയപാതയിലൂടെ കടന്നു പോകുന്ന വാഹന യാത്രികര്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളും ചെറു വാഹനങ്ങളുമാണ് മിക്കവാറും അപകടങ്ങളില്‍പ്പെടുന്നത്.വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു കഴിഞ്ഞാല്‍ യാത്രികരുടെ പണം തന്നെ നഷ്ടമാവും.എന്നാല്‍ മിക്കവയ്ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതിനാല്‍ മൃഗം ചത്തു കഴിഞ്ഞാല്‍ ഉടമസ്ഥര്‍ ഉടന്‍ തന്നെ പ്രത്യക്ഷപ്പെടുകയും ചെയ്യും. പരിക്കേറ്റ് അവശനിലയിലായാല്‍ കശാപ്പുകാര്‍ക്ക് കൈമാറുന്ന പതിവുമുണ്ട്. രാത്രി കാലങ്ങളില്‍ റോഡില്‍ വിശ്രമിക്കുന്ന ഇവയെ ഇരുചക്ര വാഹനം തട്ടി അപകടത്തില്‍പ്പെട്ട് യാത്രക്കാരന്‍ മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടുന്നതിനായുള്ള'പൗണ്ട്' സംവിധാനം പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങളായി. ഇവിടെ മുമ്പ് എത്തിച്ചിരുന്നവയ്ക്ക് പിഴ ഈടാക്കിയതിനു ശേഷമാണ്  ഉടമസ്ഥര്‍ക്ക്  തിരികെ നല്‍കിയിരുന്നത്. വന്‍ കിട തോട്ടങ്ങളില്‍ കടക്കുന്ന  കന്നുകാലികളെ വാച്ചര്‍മാര്‍ പിടികൂടി പിഴ ഈടാക്കിയാണ് നല്‍കുന്നത്.

RELATED STORIES

Share it
Top